Asianet News MalayalamAsianet News Malayalam

ഇനം നോക്കി വളര്‍ത്തി വിളവെടുക്കാം, വെളുത്ത വഴുതനയിലെ ഇനങ്ങള്‍ ഇതൊക്കെയാണ്

ഫ്രാന്‍സില്‍ നിന്നും ഇറ്റലിയിലേക്ക് എത്തിയ മറ്റൊരിനമാണ് ക്ലാര. ഹൈബ്രിഡ് ഇനമായ ഇത് 65 മുതല്‍ 70 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാന്‍ പാകമാകും. 

white eggplant varieties
Author
Thiruvananthapuram, First Published Nov 2, 2020, 4:03 PM IST

എഗ്ഗ് പ്ലാന്റ് ( Egg plant ) എന്നാല്‍ വഴുതനയാണെന്ന് നമുക്കറിയാം. എന്നാല്‍, വഴുതനയും മുട്ടയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നതും എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. യഥാര്‍ഥത്തില്‍ 1700 -മാണ്ടില്‍ ഇംഗ്ലണ്ടില്‍ വെളുത്തതും ചെറുതും മുട്ടയുടെ രൂപത്തിലുള്ളതുമായ പുതിയ ഒരിനം പച്ചക്കറി കൃഷി ചെയ്തുണ്ടാക്കിയപ്പോഴാണ് എഗ്ഗ് പ്ലാന്റ് എന്ന പേര് നല്‍കിയത്. വെളുപ്പ് നിറമുള്ള വഴുതനയ്ക്ക് ശേഷം വന്ന പര്‍പ്പിള്‍ നിറമുള്ള ഇനങ്ങളും ഇതേ പേരില്‍ത്തന്നെ വിളിക്കപ്പെട്ടു. വെളുത്ത വഴുതനയില്‍ത്തന്നെ പല പല വ്യത്യസ്തയിനങ്ങളുമുണ്ട്.

പര്‍പ്പിള്‍ നിറമുള്ള വഴുതനയെ അപേക്ഷിച്ച് വെളുത്ത വഴുതനയുടെ തൊലിക്ക് കട്ടി കുറവാണ്. ഇത്തരം ഇനങ്ങള്‍ വിളവെടുത്ത് ദൂരസ്ഥലങ്ങളിലുള്ള വിപണിയിലേക്ക് കൊണ്ടുപോയി വില്‍ക്കുന്നത് ശ്രമകരമാണ്. പക്ഷേ തൊലിക്ക് കട്ടി കുറയുമ്പോള്‍ വഴുതനയുടെ സ്വതസിദ്ധമായ കയ്പുരസം കുറയുന്നതിനാല്‍ അല്‍പം കൂടി സ്വാദുണ്ടാകും.

വെളുപ്പ് നിറമുള്ള 'കാസ്പര്‍' ( Casper) എന്ന ഇനം തണുപ്പുള്ള കാലാവസ്ഥയിലാണ് കൂടുതലായി വളരുന്നത്. വേനല്‍ക്കാലമാകുമ്പോള്‍ ഉത്പാദനം കുറയും. പക്ഷേ, ശീതകാല പച്ചക്കറിയായി വളര്‍ത്തരുത്. ഏകദേശം 70 ദിവസങ്ങള്‍ കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തും. മൂന്ന് അടി ഉയരത്തില്‍ വളരും. നീളമുള്ള ഇനമായ ഇത് ആറ് ഇഞ്ച് ഉയരത്തിലെത്തുമ്പോള്‍ വിളവെടുക്കാം.

ഫ്രാന്‍സില്‍ നിന്നും ഇറ്റലിയിലേക്ക് എത്തിയ മറ്റൊരിനമാണ് ക്ലാര. ഹൈബ്രിഡ് ഇനമായ ഇത് 65 മുതല്‍ 70 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാന്‍ പാകമാകും. നേരത്തേ തന്നെ പൂര്‍വളര്‍ച്ചയെത്തുന്ന ഇനമായ ക്ലാര (Clara) സിലിണ്ടര്‍ ആകൃതിയിലുള്ളതും ആറോ ഏഴോ ഇഞ്ച് നീളത്തിലും ഏകദേശം അഞ്ച് ഇഞ്ച് വീതിയിലും കാണപ്പെടുന്നു.

ഗോസ്റ്റ് ബസ്റ്റര്‍ (Ghostbuster) വെളുപ്പ് നിറമുള്ള വഴുതനയിലെ മറ്റൊരിനമാണ്. 72 മുതല്‍ 80 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം. മറ്റുള്ളവയെ അപേക്ഷിച്ച് അല്‍പം വലുപ്പം കൂടുതലുള്ള ഇനമാണ്. മഞ്ഞനിറമാകുന്നതിന് മുമ്പ് പറിച്ചെടുത്ത് ഉപയോഗിച്ചില്ലെങ്കില്‍ അല്‍പം കയ്പുരസം അനുഭവപ്പെടും.

ഗ്രെടെല്‍ (Gretel) എന്ന മറ്റൊരിനവും വെളുപ്പ് നിറമുള്ള വഴുതനയുടെ കൂട്ടത്തിലുണ്ട്. 50 മുതല്‍ 60 ദിവസങ്ങള്‍ കൊണ്ടാണ് വിളവെടുക്കുന്നത്. നാല് അടി ഉയരത്തില്‍ വളരുന്ന ചെടിയാണ്. മധുരമുള്ള വഴുതനയാണ് ഈ ഇനത്തിലുണ്ടാകുന്നത്. വളരെ കുറവ് വിത്തുകളും മൃദുലമായ തൊലിയുമുള്ള വഴുതനയാണ്.

ഏകദേശം 65 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാവുന്ന ഒരിനമാണ് ജാപ്പനീസ് വൈറ്റ് എഗ്ഗ് (Japanese white egg). മറ്റൊരു ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട വെളുത്ത വഴുതനയാണ് പലോമ (Paloma). ഏകദേശം 4.5 ഇഞ്ച് ഉയരത്തില്‍ വളരുകയും അല്‍പം മധുരം കലര്‍ന്ന രുചിയുള്ളതുമായ വഴുതനയാണിത്.

Follow Us:
Download App:
  • android
  • ios