നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറിയില്‍ ഉള്‍പ്പെട്ടതാണ് തക്കാളി. വര്‍ഷത്തില്‍ നാല് തവണയെങ്കിലും വിളവെടുത്ത് കച്ചവടം നടത്താവുന്ന പച്ചക്കറിയുമാണിത്. തക്കാളിയുടെ മിക്കവാറും ഇനങ്ങളെല്ലാം തന്നെ തണുപ്പുള്ള കാലാവസ്ഥയിലും വളര്‍ത്തി വിളവെടുക്കാം. പക്ഷേ ആവശ്യത്തിന് ചൂടും പ്രകാശവും ലഭിച്ചാല്‍ തക്കാളി നന്നായി മൂത്ത് പഴുത്ത് വിളവെടുക്കാന്‍ പറ്റും. തണുപ്പുകാലത്ത് പ്രത്യേകമായി വളര്‍ത്താന്‍ പറ്റിയ ചിലയിനം തക്കാളികളെ പരിചയപ്പെടാം.

പോള്‍ റോബ്‌സണ്‍, നോര്‍ത്തേണ്‍ ലൈറ്റ്‌സ്, ജെറ്റ്‌സെറ്റര്‍, പോളാര്‍ ബ്യൂട്ടി ടൊമാറ്റോ, ഓറിഗണ്‍ സ്പ്രിങ്ങ് ടൊമാറ്റോ, ഹസ്‌കി ഗോള്‍ഡ് ടൊമാറ്റോ, ഗ്ലാസിയര്‍, സില്‍വര്‍ ട്രീ, ഓറിഗണ്‍ സ്പ്രിങ്ങ് എന്നീയിനങ്ങള്‍ തണുപ്പുള്ള കാലാവസ്ഥയില്‍ വളര്‍ത്താന്‍ യോജിച്ചവയാണ്.

മഞ്ഞുകാലത്ത് തക്കാളിച്ചെടികളുടെ വളര്‍ച്ച കുറയാനും ചെടി നശിക്കാനും സാധ്യതയുണ്ട്. 55 മുതല്‍ 75 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണവളര്‍ച്ചയെത്തുന്ന തരത്തിലുള്ള തക്കാളിയിനങ്ങളാണ് തണുപ്പുകാലത്ത് യോജിച്ചത്. ഹ്രസ്വകാലം കൊണ്ട് മൂത്ത് പഴുക്കുന്നയിനങ്ങള്‍ക്ക് വളരെ കുറച്ചുദിവസത്തെ ചൂട് ലഭിച്ചാല്‍ മതിയാകും.

തക്കാളി സാധാരണയായി മണല്‍ കലര്‍ന്ന മണ്ണിലും അല്‍പം കളിമണ്ണ് കലര്‍ന്ന മണ്ണിലും വളര്‍ത്താറുണ്ട്. എന്നാല്‍ ആരോഗ്യമുള്ള ചെടിയുണ്ടാകാന്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. ഉയര്‍ന്ന അളവിലുള്ള ജൈവവളം ആവശ്യമില്ല. ജൈവാംശം കൂടുതലുള്ള മണ്ണില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുതലായതിനാല്‍ തക്കാളിച്ചെടിക്ക് അനുപേക്ഷണീയമല്ല. തണുപ്പുകാലത്ത് മണ്ണിലെ പി.എച്ച് മൂല്യം 6.0 നും 7.നും ഇടയിലുള്ള സ്ഥലത്ത് കൃഷി ചെയ്യുന്നതാണ് നല്ലത്.

വെള്ളം കൂടിയാലും കുറഞ്ഞാലും തക്കാളിച്ചെടികള്‍ക്ക് ദോഷം ചെയ്യും. തക്കാളിയുടെ വിത്തുകള്‍ വിതയ്ക്കുമ്പോള്‍ ഏകദേശം 0.5 സെ.മീ മുതല്‍ 1.5 സെ.മീ വരെ ആഴത്തിലേ പാടുള്ളു. അല്ലെങ്കില്‍ വിത്ത് മുളയ്ക്കാന്‍ പ്രയാസമാണ്. ഏകദേശം 15 മുതല്‍ 25 സെ.മീ വരെ ഉയരത്തിലെത്തുമ്പോഴാണ് തൈകള്‍ പറിച്ചുനടേണ്ടത്.

തണുപ്പുകാലത്ത് നടുന്ന ഇനങ്ങളില്‍ ഏകദേശം രണ്ടോ മൂന്നോ മാസങ്ങള്‍ കൊണ്ട് വിളവെടുപ്പ് നടത്താം. ശരാശരി ഒരേക്കര്‍ സ്ഥലത്ത് നിന്ന് കിട്ടുന്ന തക്കാളിയുടെ അളവ് ഏകദേശം 10 ടണ്‍ ആണ്. ജലസേചനം നടത്തി പരിചരിച്ചാല്‍ 15 മുതല്‍ 20 ടണ്‍ വരെയും വിളവെടുപ്പ് നടത്താം.