ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

By നിച്ചൂസ് അരിഞ്ചിറFirst Published Jun 22, 2018, 2:57 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • നിച്ചൂസ് അരിഞ്ചിറ എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.


മഴവന്നാല്‍ തുടങ്ങും 
ഉമ്മയുടെ വേവലാതി 
ചാപ്പ പുരയുടെ ഉള്ളിലേക്കു 
കുത്തി ഒലിക്കുന്ന 
മഴ വെള്ളത്തെ 
പാത്രങ്ങളാല്‍ 
നിറക്കുന്നത് 
ഇനി നല്ലൊരു മഴ പെയ്താല്‍ 
പുരയിലെ പാത്രങ്ങളും 
തികയാതെ വരും
അപ്പോള്‍ മഴയോടപ്പം 
ഉമ്മയുടെ 
കണ്ണീരും 
പുരേന്റകത്തെ 
കളിമണ്‍ തറയില്‍ 
ഒഴുകിടും 
ഇനി മഴ 
നനയാതെ 
സ്‌കൂളില്‍ 
പോകുവാന്‍ തന്നിടും 
തുണിയാലേ 
തുന്നിയ 
തുണി കുടയും 
അതിലും നനഞ്ഞും 
നനയാതെയും 
പോയിടുന്ന 
വേദനകളുടെ 
കാലത്തും
ഉമ്മ ഒരിക്കലും 
മഴയെ കുറ്റം 
പറയില്ല 
മഴ അതു പടച്ചോന്‍ 
നല്‍കിയ റഹ്മത്ത് 
ആണ് എന്നാണ് 
ഉമ്മ എന്നും 
പറയാറ് .

എല്ലാ മഴക്കാലത്തും ഞാന്‍ ഉമ്മയോട് പറയും, നമുക്ക് മഴ നനയാതെ കിടന്നുറങ്ങാന്‍ വാര്‍പ്പിന്റെ വീട് വെക്കണം എന്ന്. നമ്മുടെ ചാപ്പ പുരയുടെ  അവസ്ഥ അന്ന് അങ്ങനെ ആയിരുന്നു. 

മഴക്കാലം വരുന്നതിന് മുമ്പേ തന്നെ ഉമ്മയും ഉമ്മുമ്മയും കൂടി ഓല മെടഞ്ഞു വെക്കും. ഉപ്പുപ്പാ തെങ്ങിന്റെ പാള വെട്ടി എടുത്തു കൊണ്ട് വന്നു വെള്ളത്തില്‍ ഇട്ടു വെക്കും. കവുങ്ങിന്റെ തൂണുകളും മുറ്റത്തെ നാട്ടേണ്ട വലിയ മരത്തടികളും ഉപ്പുപ്പാ കൊണ്ടു വച്ചിട്ട് ഉണ്ടാകും. മഴ മാസം ആയാല്‍ ഉപ്പുപ്പാന്റെ ചങ്ങാതി അമ്പുഞ്ഞി ഏട്ടനെ വിളിച്ചു ചാപ്പ പുരയുടെ അറ്റകുറ്റപ്പണി തുടങ്ങും.

പഴകിയ ഓലയൊക്കെ വലിച്ചു കളഞ്ഞു പൊട്ടിയ കവുങ്ങിന്‍ തണ്ടുകള്‍ ഒക്കെ മാറ്റി മെടഞ്ഞു വെച്ചിരിക്കുന്ന പുതിയ ഓലകള്‍ തെങ്ങിന്റെ പാള കീറി കയറു പോലെ ആക്കി ഒന്നിന് പിറകെ ഒന്നായി വലിച്ചു കെട്ടും. പുരയുടെ നാലു മൂലയ്ക്കും കളിമണ്ണ് കുഴച്ചു കട്ട ഉണ്ടാക്കി  കൊച്ചു വീടാക്കി മാറ്റും. ആദ്യത്തെ കുറച്ചു ദിവസത്തെ   പുതുമണം മാറുന്നതിന് മുമ്പേ തന്നെ കോരിച്ചൊരിയുന്ന മഴ പെയ്യാന്‍ തുടങ്ങും.
 
ഒരു മാസം ആവുമ്പോഴേക്കും ചാപ്പ പുരയുടെ ഉള്ളിലേക്കു മഴത്തുള്ളികള്‍ ഇറ്റു വീഴാന്‍ തുടങ്ങും. മണ്‍ചട്ടിയും മറ്റുള്ള പത്രങ്ങളും പുരേന്റകത്ത് ചോരുന്ന വെള്ളം തറയില്‍ പതിക്കാതിരിക്കാന്‍ ഉമ്മ നിരത്തി വെക്കും.

ഒരു മാസം ആവുമ്പോഴേക്കും ചാപ്പ പുരയുടെ ഉള്ളിലേക്കു മഴത്തുള്ളികള്‍ ഇറ്റു വീഴാന്‍ തുടങ്ങും.

ഞാനും അനുജനും അപ്പുറത്തെ വീട്ടിലെ പിള്ളേരും കൂടി നാട്ടിലെ തോടുകളില്‍ സ്ഥാനം പിടിക്കും. നീന്താന്‍ പഠിക്കുന്ന അസുലഭ സമയം ആവോളം ആസ്വദിച്ച് വീട്ടില്‍ എത്തുമ്പോ മട്ടക്കണ കൊണ്ട് ഉമ്മയുടെ അടി കാത്തുനില്‍പ്പുണ്ടാവും. 

മഴ തിമര്‍ത്തു പെയ്യുകയാണ്.

മലവെള്ളം ഒഴുകി വന്നു കണ്ണങ്കൈ പുഴ കവിഞ്ഞൊഴുകി. റോഡുകളും കണ്ടങ്ങളും മനസ്സിലാവാത്ത രീതിയില്‍ വെള്ളപ്പൊക്കം. ഇത്രകാലം പുഴയിലൂടെ മാത്രം പോകുന്നത് കണ്ടിരുന്ന തോണി പുരേന്റെ മുറ്റത്ത് കൂടി പോകുന്നു. പുര വളപ്പില്‍ നട്ടുപിടിപ്പിച്ചിരുന്ന വാഴ വെട്ടി ഉപ്പാപ്പ നമുക്കും ഉണ്ടാക്കിത്തരും, നല്ല ഒരു വഞ്ചി. 

വൈകീട്ടോടെ വെള്ളം പതുങ്ങനെ കുറയാന്‍ തുടങ്ങി. മഴവെള്ളത്തില്‍ കളിച്ചു എനിക്കും അനിയനും പനിയും ജലദോഷവും വന്നു. രാത്രിയില്‍ ഉമ്മാ നമ്മളെ രണ്ടാളെയും പുതച്ചു കിടത്തിയശേഷം പറഞ്ഞു, അടുത്ത വര്‍ഷം മഴ നനയാതെ വെള്ളം ചോരാതെ വാര്‍പ്പിന്റെ പുരയിലേക്ക്  മാറാം. സന്തോഷം  വന്നെങ്കിലും മനസ്സില്‍ ഒരായിരം ചിന്തകള്‍ മുളച്ചു.  

അവിടെ ഇങ്ങനെ കളിക്കാന്‍ പറ്റുമോ? തോട്ടില്‍ നീന്താന്‍ പറ്റുമോ? ഉപ്പുപ്പാന്റെ വാഴത്തോണിയില്‍ ഇനി അങ്ങനെ പോകാന്‍ പറ്റുമോ?

പെട്ടെന്നായിരുന്നു ഘോര ശബ്ദത്തോടെ ഇടി വന്നത്. പേടിച്ചു പോയ ഞാന്‍ അനുജനെയും കെട്ടി പിടിച്ചു ചിന്തകള്‍ പൂട്ടി വെച്ച് കണ്ണും കാതും അടച്ചു വെച്ച് കിടന്നുറങ്ങി.

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

click me!