ആ പുകച്ചുരുളുകള്‍ പ്രണയത്തിന്‍േറതു കൂടിയായിരുന്നു!

By ശ്രുതി രാജന്‍First Published Jul 17, 2018, 7:54 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ശ്രുതി രാജന്‍ എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

ഒരു ചെറിയ വട്ടി നിറയെ ഉണ്ടായിരുന്നു കോമാവിന്റെ ഇളയതും മൂത്തതുമായ മാങ്ങകള്‍. നടുവകത്ത് അതപ്പാടെ ചരിഞ്ഞ് കാലും നീട്ടിയിരുന്ന് അമ്മൂമ്മ പണി തുടങ്ങി. ഒരു പ്രത്യേക താളത്തിലാണ് തൊലി കളയുന്നതും ചെറിയ കഷ്ണങ്ങളാക്കി പൂളി മുറത്തില്‍ വിരിച്ച പത്രക്കടലാസില്‍ നിരത്തുന്നതും. വേനലില്‍ ആദ്യം പൂക്കുന്ന മാവിന്റെ മാങ്ങകള്‍ക്ക് മേടച്ചൂടില്‍ ഉണങ്ങി കുപ്പി ഭരണികളില്‍ കേറിയിരിക്കാനുള്ള അപൂര്‍വ്വ സൗഭാഗ്യം ഒരുക്കി കൊടുക്കാറുണ്ട് അമ്മൂമ്മ. പുറത്ത് വേനല്‍മഴ തകര്‍ക്കുകയാണ്...

മണ്ണിന്റെ മദിപ്പിക്കുന്ന ഗന്ധവും മഴത്തുള്ളികളുടെ താളവും വല്ലാതെ വശീകരിച്ചു തുടങ്ങിയപ്പോള്‍ ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് മുറ്റത്തേക്കിറങ്ങി. സൂചി തറയ്ക്കും പോലെ ഈര്‍ക്കില്‍ വണ്ണത്തില്‍ മരവിപ്പിക്കുന്ന തണുപ്പോടെ തുള്ളികള്‍ വന്നു പതിച്ചു. കുളി കഴിഞ്ഞ് കുറച്ചധികം സമയമെടുത്ത് ഉണങ്ങിയ മുടി നിമിഷം കൊണ്ട് കുതിര്‍ന്ന് ദേഹത്തോട് ഒട്ടി. ഇടവഴിയില്‍ ചെമ്മണ്ണു കലങ്ങിയ വെള്ളം കുത്തിയൊലിക്കുകയാണ്. അമ്മൂമ്മയുടെ ചീരയും തക്കാളിയും മുളകുമെല്ലാം നനഞ്ഞു കൂമ്പി വിറച്ച് നിസ്സഹായരായി മുഖം കുനിച്ച് നില്‍ക്കുന്നു. കൂട്ടത്തില്‍ ഇളയവരായ കറിവേപ്പില തൈകള്‍ മാത്രം മിഴിവോടെ കൂടുതല്‍ സുന്ദരന്മാരായി ചെറുമരങ്ങളുടെ കീഴില്‍ ചാറ്റല്‍ മാത്രം കൊണ്ട് സുഖിക്കുകയാണ്. ഊറി വന്ന കുസൃതിയില്‍ ആദ്യം തോന്നിയത് പൂമരത്തിന്റെ ചില്ല കുലുക്കി അതുങ്ങളെയൊന്ന് ശരിക്കും കുളിപ്പിക്കാനാണ്.

പടവുകളില്‍ തങ്ങി നിന്നിരുന്ന മണല്‍ ഒലിച്ചിറങ്ങി, ഒരു വലിയ ചരുവത്തില്‍ ഒഴിച്ചു വച്ച കഞ്ഞിവെള്ളം പോലെ തോന്നി കിണറ്റിലേക്ക് നോക്കിയപ്പോള്‍. ചന്ദ്രനെ മര്യാദയ്‌ക്കൊന്ന് കാണാന്‍ പോലും കിട്ടിയില്ല. മേഘങ്ങളുടെ കരിമ്പടത്തിനിടയില്‍ പമ്മിക്കൂടി ഇരിക്കുന്നതിനിടയില്‍ ഇടയ്‌ക്കൊന്ന് എത്തിവലിഞ്ഞു നോക്കി ദര്‍ശനസൗഭാഗ്യം തന്നെന്നു വരുത്തി.

ഒരു സൈക്കിള്‍ കിട്ടിയിരുന്നെങ്കില്‍...

സര്‍വ്വകലാശാലയുടെ മഞ്ഞ നിയോണ്‍ വിളക്കുകള്‍ നാട്ടിയ വീഥികളിലൂടെ സമയ, കാലങ്ങള്‍ മറന്ന് ഒരു മഴ വിടാതെ സൈക്കിള്‍ ചവിട്ടിയ ആ നാളുകള്‍. ബെല്ലും ബ്രെയ്ക്കുമില്ലാത്ത അനവധി സൈക്കിള്‍ യാത്രകള്‍. എത്രയോ സൂര്യോദയങ്ങള്‍. എത്രയെത്ര സംവാദങ്ങള്‍.

ഉറക്കം വരാത്ത ഹോസ്റ്റല്‍ രാത്രികളിലെന്നോ ആയിരുന്നു തുടക്കം. പിന്നീട് ഓരോ മഴയും ഓരോ മടുപ്പും അവസാനിച്ചത് കാറ്റൊഴിയാറായ ടയറിന്റെ ഞരക്കങ്ങളില്‍ ആയിരുന്നു. ഒരു നോട്ടം കൊണ്ട് വായിച്ചെടുക്കാന്‍ പറ്റുന്ന മനപ്പായസങ്ങളേ അന്നത്തെ സൗഹൃദങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളു. പാതിരാത്രിയില്‍ ചായ കുടിക്കാനുള്ള പൂതി മുതല്‍ ബീച്ചിലെ സൂര്യോദയം കാണാനുള്ള കൊതി വരെ ഞങ്ങളുടെ സൈക്കിള്‍ പെഡലുകളെ ചവിട്ടി മെതിച്ചിരുന്നു. ഒരു സൂചന പോലും തരാതെ വന്നു വിസ്മയിപ്പിക്കുന്ന മഴനേരങ്ങള്‍ ആയിരുന്നു ആഘോഷങ്ങളുടെ തീവ്രഭാവങ്ങള്‍ക്ക് പലപ്പോഴും വേദികള്‍ ആയത്. രാത്രിയും മഴയും ഒരുമിക്കുമ്പോഴുള്ള സൗന്ദര്യം.. ഒപ്പം മഞ്ഞ വെളിച്ചം വിതറുന്ന വിളക്കുകാലുകള്‍ കാട്ടിത്തരുന്ന ഉയര്‍ന്നും താഴ്ന്നും വളഞ്ഞും പുളഞ്ഞും പോകുന്ന പരിചിത വഴികള്‍..

മഴ എന്നും ഒരു വികാരമായിരുന്നു... പ്രണയം പോലെ മദിപ്പിക്കുന്ന, കൊതിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന വികാരം.. മഴയാണെനിക്ക് ചേര്‍ന്ന ആഭരണമെന്ന് ഓരോ മഴയ്‌ക്കൊപ്പം നടക്കുമ്പോഴും പറയുമായിരുന്ന കൂട്ടുകാരന്‍. മഴയ്‌ക്കൊപ്പം ചേരുമ്പോള്‍ മാത്രമായിരുന്നു ഇമ വെട്ടാതെ അവനെന്നെ നോക്കി നിന്നിട്ടുള്ളതും. അനവധി മഴപ്പെയ്ത്തുകളില്‍ കൂട്ടായിരിക്കുമെന്ന വ്യര്‍ത്ഥ ശപഥത്തിന്റെ പുറത്തായിരുന്നില്ലല്ലോ ഒരുമിച്ചു നടന്നു തുടങ്ങിയത് എന്നത് കൊണ്ട് തന്നെ ഇടിച്ചുകുത്തി പെയ്ത് ഒടുവില്‍ സൂര്യനെയണിഞ്ഞ ആകാശത്തിലേക്ക് ഉള്‍വലിഞ്ഞ മഴയെ പോലെ അവനും ജീവിതത്തില്‍ നിന്ന് മാഞ്ഞു.  

മഴ പങ്കുവയ്ക്കാന്‍ ആരും ഇല്ലാത്ത ഒരവസ്ഥയിലെക്കായിരുന്നു രണ്ടാം വരവ്. ഒന്ന് മനസ്സറിഞ്ഞു ചാറ്റല്‍ മഴ കൊള്ളാന്‍ പോലും അതുപോലെ ഭ്രാന്തുള്ള കൂട്ട് കിട്ടിയില്ല. സൗഹൃദങ്ങള്‍ ഉണ്ടായെങ്കില്‍ പോലും മഴയെ അനുഭവിക്കുക എന്നത് ആരുടേയും തത്പരകാര്യങ്ങളുടെ ലിസ്റ്റില്‍ ഇല്ലാതിരുന്നത് കൊണ്ട് ആ കൊതിയോട് മുഖംതിരിച്ചു നടന്നു. മാറി നിന്ന് സൗന്ദര്യം ആസ്വദിക്കുന്നവരോട് കലമ്പി എന്റെ മഴപ്രേമം താഴ്ച്ചയിലേക്ക് ഇറങ്ങിയിറങ്ങി പോയി. ആ ഇറക്കത്തില്‍ നിന്ന് കൈപിടിച്ച് കയറ്റിയത് അവളായിരുന്നു. നമ്മളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് നിര്‍വ്വചിക്കാന്‍ സാധിക്കാത്തവിധം പ്രിയപ്പെട്ടതാകുന്ന ചിലരില്ലേ.. ഹോസ്റ്റല്‍ വരാന്തയില്‍ വച്ച് ആദ്യം സംസാരിച്ച ദിവസം തന്നെ കാക്കത്തൊള്ളായിരം സംസാരങ്ങള്‍ ഇനിയും ഞങ്ങളുടേതായി സംഭവിക്കട്ടെ എന്ന് മനസ്സ് പറഞ്ഞിരുന്നു. അതുവരെ അത്ര എളുപ്പത്തില്‍ ആരോടും അങ്ങനെയൊരു കൗതുകം തോന്നിയിട്ടില്ല. കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നിപ്പിക്കുന്ന, സംസാരിക്കുമ്പോള്‍ കുറേയധികം പോസിറ്റീവ് എനര്‍ജി തരുന്ന ഒരു പെണ്ണ്. കൂടെയുള്ള നേരങ്ങളില്‍ സമയത്തിനോടുള്ള ബന്ധനം അപ്പാടെ അറുത്തുമാറ്റി കൈകോര്‍ത്തു പിടിച്ച് 'വാ പറക്കാം' എന്ന് പറയുന്നവള്‍. 

ഒരുനാള്‍, രാത്രി അതിന്റെ യൗവ്വനമണിഞ്ഞ നേരത്ത് ഉറക്കം വരാതെ മുഖപുസ്തകത്തില്‍ മുഖം പൂഴ്ത്തിയ നേരം നോട്ടിഫിക്കേഷന്‍ ചിലച്ചു. അന്ന് കുറിച്ച സിനിമയെഴുത്തിനോടുള്ള അവളുടെ ഇഷ്ടം രേഖപ്പെടുത്തിയതിന്റെയാണ്. പച്ചവിളക്ക് കത്തിയ മെസഞ്ചര്‍ ബോക്‌സില്‍ ഞാനെന്റെ സാന്നിധ്യമറിയിച്ചു.

'നമുക്ക് വേണമെങ്കില്‍ ഒരു ചായ കുടിക്കാന്‍ പോകാം കേട്ടോ.' ചെയ്തു തീര്‍ക്കാനുള്ള അനവധി കാര്യങ്ങള്‍ക്കിടയിലും അവിടുന്ന് വന്ന പ്രതികരണം അതായത് കൊണ്ട് തന്നെ പിന്നെ വൈകിച്ചില്ല. സംസാരത്തിന്റെ ഭാണ്ഡമഴിച്ച് ശ്വാസംമുട്ടിക്കിടന്ന വാക്കുകളെ എടുത്ത് പുറത്തിട്ട് നടത്തം ആരംഭിച്ചു. അക്കാഷോപ്പിലെ ലെമണ്‍ടീയും കുടിച്ച് തിരിച്ചു ഹെല്‍ത്ത് സെന്റര്‍ പിന്നിട്ടപ്പോള്‍ മിന്നലിന്റെ കീറുകളും ഇടിയുടെ മുരള്‍ച്ചകളും തലപൊക്കാന്‍  ആരംഭിച്ചു. ഒടുവില്‍ അതുവരെയുള്ള പ്രണയം മുഴുവന്‍ മണ്ണിലേക്ക് ഹൃദയം തുറന്ന് ഒഴുക്കി വിട്ടത് പോലെ മഴയും പെയ്തു തുടങ്ങി. വിളക്കുകാലുകളിലെ മഞ്ഞവെളിച്ചങ്ങളും, പ്രകാശത്തിലാണ്ട് നിന്ന ഹോസ്റ്റല്‍ കെട്ടിടങ്ങളും ഞൊടിയിടയില്‍ ഇരുട്ടില്‍ പുതഞ്ഞു. 

'നമുക്ക് കുറച്ചു നേരം നനഞ്ഞാലോ?' ഞാന്‍ പ്രകടിപ്പിക്കുന്നതിന് മുന്‍പേ അവളില്‍ നിന്ന് വന്നു ആ കൊതി. ഫോണ്‍ പോക്കറ്റില്‍ നിന്നെടുത്ത് ടീഷര്‍ട്ടിനുള്ളില്‍ അരയില്‍ തിരുകി വച്ച് നിലാവെളിച്ചത്തില്‍ ഞങ്ങള്‍ നടന്നു. മനസ്സ് പരമാനന്ദത്തിന്റെയും പ്രണയത്തിന്റെയും ഭാവങ്ങളണിഞ്ഞു. ആകാശം വിണ്ടുകീറിയൊലിച്ച് കൊണ്ടിരുന്നപ്പോള്‍ ഒടുവില്‍ കുതിര്‍ന്ന ദേഹത്തില്‍ ഫോണ്‍ എന്ന ഉത്തരവാദിത്വം രസംകൊല്ലിയായി. തിരിച്ചു നടന്ന് പാറാവ് നിന്ന ഭയ്യയോട് തല്‍ക്കാലത്തേക്ക് അവയുടെ സംരക്ഷണം ഏല്‍പ്പിച്ച് ഒടുവില്‍ ആ ഇരുട്ടിനേയും മഴയേയും വിടര്‍ത്തിപ്പിടിച്ച കൈകള്‍ കൊണ്ട് വരിഞ്ഞ് നെഞ്ചിലേക്ക് ചേര്‍ത്ത് ഞങ്ങള്‍ മഴപ്പാറ്റകളായി. പാതിരാവും കടന്ന് മഴയങ്ങനെ തിമര്‍ത്തു കൊണ്ടിരുന്നു. 

ലേഡീസ് ജിമ്മിന്റെ പോര്‍ട്ടിക്കോവില്‍ ആരുടെയോ എരിയുന്ന സിഗരറ്റിന്റെ തുമ്പത്തെ ചുവന്ന പൊട്ട് കണ്ടപ്പോള്‍ വിറച്ചു തുടങ്ങിയ ദേഹങ്ങള്‍ക്ക് പുകച്ചൂട് വേണമെന്ന് തോന്നി. ആ നേരം കൊണ്ടുണ്ടായ വെള്ളക്കെട്ടുകള്‍ തെറിപ്പിച്ച് നീട്ടിവലിച്ച് നടന്നു. അക്കാഷോപ്പിലേക്ക് തന്നെ. നിശാസഞ്ചാരികള്‍ക്ക് കൂടി വേണ്ടി ഇരുപത്തിനാല് മണിക്കൂറും തുറന്നിരിക്കുന്ന ആശ്വാസകേന്ദ്രം. ഏകദേശം രണ്ടരയോടടുത്ത, പാതിരാവും പുലരിയുമല്ലാത്ത ആ നേരത്ത് ബസ് സ്റ്റോപ്പില്‍ ഇരുന്ന് ഞങ്ങള്‍ ഊതിവിട്ട പുകച്ചുരുളുകള്‍ തീവ്രസൗഹൃദത്തിന്റേത് മാത്രമല്ല, പ്രണയത്തിന്റെത് കൂടിയായിരുന്നു. എത്ര സുന്ദരമായിട്ടാണ് ഞങ്ങള്‍ പരസ്പരപൂരകങ്ങള്‍ ആയത്. ചേര്‍ന്ന് നടക്കുമ്പോള്‍, ഇടമുറിയാതെ മിണ്ടുമ്പോള്‍ ലോകത്തെയും സമയത്തേയും പിന്നിലാക്കാന്‍ സാധിച്ചത്. രണ്ട് പെണ്ണുങ്ങള്‍ കൂടുമ്പോള്‍ മാത്രം ഉണ്ടാകുന്ന, പെണ്ണുങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന ആ അനിര്‍വ്വചനീയമായ ആനന്ദം.

മഴ നേര്‍ത്ത് നേര്‍ത്ത്, പ്രബലതയും ശൗര്യവും വെടിഞ്ഞ് പമ്മി. ഒന്ന് കുറുകി. പിന്നെ പതിയെ ആകാശപ്പുതപ്പിനുള്ളിലേക്ക് തല വലിച്ചു. ജനിച്ചു വീണപ്പോള്‍ മുതല്‍ താലോലിച്ച ഞങ്ങളെ ഇരുട്ടില്‍ ബാക്കിയാക്കി യുദ്ധം ചെയ്ത് മടുത്ത പോരാളിയെപ്പോലെ പിന്‍വാങ്ങി. അപ്പോഴും വരാത്ത കറണ്ടിനെ കുറിച്ചോര്‍ത്ത് തണുപ്പ് കയ്യടക്കിയ ദേഹങ്ങളേയും കൊണ്ട് ഞങ്ങള്‍ ഹോസ്റ്റലിലേക്കും തിരിച്ചു. സഹമുറിയത്തിയെ കാലടി ശബ്ദം കൊണ്ട് ഉണര്‍ത്താതെ നാളുകള്‍ക്കിപ്പുറം തിരിച്ചു കിട്ടിയ മഴരാത്രിയെ ധ്യാനിച്ച് ഞാന്‍ എന്നോ മടക്കി അലമാരിയില്‍ ഉപേക്ഷിച്ച കമ്പിളിക്കായി  പരതി.
 
അകത്തു നിന്നു വാത്സല്യം ശാസന കൊണ്ട് വിളിച്ചു തുടങ്ങിയപ്പോള്‍ നേര്‍ത്തു വന്ന തുള്ളികളെ വകഞ്ഞു മാറ്റി തിണ്ണയിലേയ്ക്ക് ഓടിക്കയറി. കസേരയില്‍ വിരിച്ചിട്ടിരുന്ന തോര്‍ത്തെടുത്ത് നനവൊപ്പി മാറ്റുമ്പോള്‍ അമ്മ ചിരിച്ചു കൊണ്ടു ചോദിച്ചു 'എന്താ നിനക്കൊരു ചുവപ്പ്?? മഴ കൊണ്ടാല്‍ സൗന്ദര്യം കൂട്വോ?

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ  പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!

റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!​

ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!

തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച്  കുട തുറക്കാത്തൊരു കുട്ടി​

ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...

 

രണ്‍ജിത്ത് മോഹന്‍: മരണമെത്തുന്ന കര്‍ക്കടകപ്പകലുകള്‍!
 

click me!