തിരുവനന്തപുരം: കേരള നിയമസഭയിൽ താമര വിരിയിക്കാൻ ബിജെപിക്ക് അവസരം നൽകിയ മണ്ണാണ് നേമം. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒ രാജ​ഗോപാലിലൂടെ നേടിയ വിജയത്തിൽ ബിജെപി നടന്നു കയറിയത് നിയമസഭയിലേക്ക് മാത്രമല്ല, ചരിത്രത്തിലേക്ക് കൂടിയായിരുന്നു. അതിനാൽ അഞ്ച് വർഷം മുമ്പത്തെ വിജയം ബിജെപിക്ക് നല്‍കിയ ആത്മവിശ്വാസം കുറച്ചൊന്നുമല്ല. സിറ്റിം​ഗ് സീറ്റ് നിലനിർത്താൻ ബിജെപി ആഞ്ഞുശ്രമിക്കുമ്പോൾ, കഴിഞ്ഞ തവണ കൈവിട്ട സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. അതേ സമയം  പ്രബലനായൊരു സ്ഥാനാർത്ഥിയെ കളത്തിലിറക്കി നേമം പിടിക്കുമെന്ന് യുഡിഎഫും പറയുന്നു. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന നേമം മണ്ഡലത്തിലേക്കാണ് ഇപ്പോൾ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

പോരാട്ട ചരിത്രം

തിരുവനന്തപുരം കോർപറേഷനിലെ 22 വാർഡുകൾ ഉൾപ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. ഇരുമുന്നണികളും പലപ്പോഴായി ഭരിച്ച നേമത്ത് ആർക്കും മേൽക്കൈ അവകാശപ്പെടാൻ സാധിക്കില്ല. 1982 ൽ ലീഡർ കെ കരുണാകരൻ മാളക്കൊപ്പം നേമത്തും മത്സരിച്ച് ജയിച്ചതോടെയാണ് നേമം മണ്ഡലം രാഷ്ട്രീയ ഭൂപടത്തിൽ  ശ്രദ്ധാകേന്ദ്രമാകുന്നത്. പി ഫക്കീര്‍ഖാനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മാളയിലും നേമത്തും വിജയിച്ചതിനെ തുടര്‍ന്ന് കരുണാകരന്‍ നേമം മണ്ഡലത്തില്‍ നിന്നും രാജിവച്ചു. 

1957 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സി പി ഐ സ്ഥാനാര്‍ഥി എ സദാശിവനാണ് ഇവിടെ നിന്ന് വിജയിച്ചത്. പി എസ് പിയിലെ വിശ്വംഭരനെയാണദ്ദേഹം പരാജയപ്പെടുത്തിയത്. 1960 ല്‍ വിശ്വംഭരന്‍ തിരികെ വന്നു. 1965 ല്‍ സി പി ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച എം സദാശിവനെ കോണ്‍ഗ്രസിലെ നാരായണന്‍ നായര്‍ പരാജയപ്പെടുത്തി. എന്നാല്‍ നിയമസഭ നിലവില്‍ വന്നില്ല. 1967 ലെ തിരഞ്ഞെടുപ്പില്‍ എം സദാശിവന്‍ വീണ്ടും വിജയം നേടി.

1970 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സദാശിവനെ പരാജയപ്പെടുത്തി  പി എസ് പി സ്ഥാനാര്‍ഥിയായ കുട്ടപ്പന്‍ മണ്ഡലം തിരികെ പിടിച്ചു. 1977 ല്‍ പള്ളിച്ചല്‍ സദാശിവനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ് വരദരാജന്‍ നായർ നേമത്ത് വിജയിച്ചു. 1980 ല്‍ ഇന്ദിരാ കോണ്‍ഗ്രസിലെ ഇ രമേശന്‍ നായര്‍ വരദരാജന്‍ നായരെ പരാജയപ്പെടുത്തി. പിന്നീട് 1982 ൽ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ ഇവിടെ വിജയിച്ചു.

1987 ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി ജെ തങ്കപ്പന്‍  വി എസ് മഹേശ്വരപിള്ളയെയും 1991 ല്‍ സ്റ്റാന്‍ലി സത്യനേശനെയും പരാജയപ്പെടുത്തി. 1996 ല്‍ വെങ്ങാന്നൂര്‍ ഭാസ്‌കരന്‍ കോണ്‍ഗ്രസിലെ കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തി. തുടര്‍ന്ന് 2001 ലും 2006 ലും ഇടതുമുന്നണിയിലെ വെങ്ങാനൂര്‍ ഭാസ്‌കരനെ പരാജയപ്പെടുത്തി എന്‍ ശക്തന്‍ മണ്ഡലം കോണ്‍ഗ്രസിലേക്ക് എത്തിച്ചു. 2011 ൽ ഒ രാജ​ഗോപാലും വി ശിവൻകുട്ടിയും മത്സരിച്ചപ്പോൾ ശിവൻകുട്ടിക്ക് 50,076 വോട്ടും രാജ​ഗോപാലിന് 43,661 വോട്ടും ലഭിച്ചിരുന്നു. 

2016 ലെ തെരഞ്ഞെടുപ്പിലാണ് ചരിത്രപരമായ നേട്ടത്തിലേക്ക് ഒ രാജ​ഗോപാലിലൂടെ ബിജെപി എത്തുന്നത്. 8671 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി ആദ്യമായി നിയമസഭയിലേക്ക്. എന്നാൽ  രാജ​ഗോപാലിന്റെ അന്നത്തെ വിജയം പാർട്ടിയുടെ വിജയമായല്ല, വ്യക്തിയുടെ വിജയമായി വേണം കരുതാൻ എന്ന് അഭിപ്രായം ഉയർന്നിരുന്നു. പാർട്ടിക്കപ്പുറം ജനകീയൻ എന്നൊരു ലേബൽ കൂടിയുണ്ടായിരുന്നു ഇദ്ദേഹത്തിന്റെ വിജയത്തിന്. മാത്രമല്ല, പല തവണ തോറ്റ് നേടിയ വിജയമാണിതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഒ രാജ​ഗോപാൽ പ്രകടിപ്പിച്ച മികവും അദ്ദേഹത്തിന്റെ വിജയത്തിൽ സുപ്രധാന പങ്കു വഹിച്ചിരുന്നു എന്ന് വേണം കരുതാൻ.  അതേസമയം ഇത്തവണ മത്സരത്തിനില്ല എന്ന് ഒ. രാജ​ഗോപാൽ പ്രഖ്യാപിച്ചു കഴിഞ്ഞു.

നേമത്ത് മത്സരിച്ച പ്രമുഖരിൽ ഒന്നാം സ്ഥാനം ലീഡർ കെ കരുണാകരന് തന്നെയാണ്. 1982 ൽ മത്സരിക്കാൻ രണ്ട് മണ്ഡലങ്ങൾ തെരഞ്ഞെടുക്കേണ്ടി വന്നപ്പോൾ പ്രിയപ്പെട്ട മാളക്കൊപ്പം അദ്ദേഹം തെരഞ്ഞെടുത്തത് നേമം ആയിരുന്നു. രണ്ടിടത്തും വിജയിച്ചപ്പോൾ അദ്ദേഹം നേമം സീറ്റ് രാജി വെക്കുകയാണുണ്ടായത്. ഇടതു വലതു മുന്നണികൾ മാറി മാറി  ഭരിച്ച നേമം ഒരു തവണ മാത്രമാണ് ബിജെപിക്കൊപ്പം നിന്നത്.  എന്നാൽ കേരളത്തിൽ ബിജെപി വേരുറപ്പിക്കുന്നു എന്ന് പറയാൻ നിരവധി വിജയങ്ങൾ അവർ ഉയർത്തിക്കാണിക്കുന്നുണ്ട്. 

ജയം ആർക്ക്?


അക്കൗണ്ട് തുറന്നു എന്ന് പറഞ്ഞു പഴകിയ വാചകത്തിനപ്പുറം തങ്ങളുടെ സാന്നിദ്ധ്യം കരുത്തോടെ പ്രകടിപ്പിച്ച ഇടമായിട്ടാണ് ബിജെപി നേമം മണ്ഡലത്തെ കാണുന്നത്. കേരളത്തിന്‍റെ ഗുജറാത്തെന്ന് കുമ്മനം വിശേഷിപ്പിച്ച മണ്ഡലം കൂടിയാണിത്. ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചിരിക്കുകയാണ്. ഒ രാജ​ഗോപാൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കുമ്മനം രാജശേഖരന്‍റെ പേരിനാണ് മുന്‍തൂക്കം. വര്‍ഗ്ഗീയക്കെതിരെ സിപിഎം പ്രചാരണം കടുപ്പിച്ചതോടെ, നേമത്ത് വികസനം സജീവ വിഷയമാക്കാനാണ് ബിജെപിയുടെ നീക്കം. എന്നാൽ ബിജെപിയുടെ പുതിയ സ്ഥാനാർത്ഥി നീക്കം ഫലം കാണുമോ എന്ന് കാത്തിരുന്ന് കാണണം. 

അതേസമയം യുഡിഎഫില്‍ നിന്നും ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുന്നു എന്ന് അഭ്യൂഹം ഉയർന്നു വന്നിരുന്നു. എന്നാൽ പിന്നീട് അതിനെക്കുറിച്ച് ഔദ്യോ​ഗികമായ അറിയിപ്പുകളൊന്നും തന്നെയുണ്ടായില്ല. അതിശക്തനായ ഒരു പോരാളിയെ തന്നെ നേമം മണ്ഡലത്തിൽ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്. ആഞ്ഞുപിടിച്ചാൽ നേമം കയ്യിലിരിക്കുമെന്ന കണക്കു കൂട്ടലിലാണ് യുഡിഎഫ്. കരുണാകരൻ എന്ന കരുത്തനായ നേതാവിന്റെ വിജയമാണ് ഇക്കാര്യത്തിൽ ഇവർ ഓർത്തുവെക്കുന്നത്. നേമത്ത്  മുൻ എംഎൽഎയും മേയറുമായ വി ശിവൻകുട്ടിയുടെ സ്ഥാനാർത്ഥിത്വമാണ്  ഇടതുപക്ഷത്തിന്റെ ഭാ​ഗത്ത് നിന്നും ഉയർന്നുകേൾക്കുന്നത്. അതിശക്തമായ മത്സരം നടക്കാനിരിക്കുന്ന നേമത്ത് പ്രബലനായ സ്ഥാനാര്‍ത്ഥി വേണം എന്ന അഭിപ്രായമാണ്  വി. ശിവൻകുട്ടിക്ക് അനുകൂലമായ നിലപാട് എടുക്കാൻ പാർട്ടി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.