തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കം തെരഞ്ഞെടുപ്പിലേക്ക് ഇനിയും നിര്‍ണായക ചുവടുകൾ ബാക്കിയുള്ളമ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ ആര്‍ക്കാണ് അനുകൂലമെന്ന് ഈ സര്‍വ്വേയിലൂടെ വ്യക്തമാവും. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ആര്‍ക്കൊപ്പമെന്ന ചോദ്യത്തിന് ഉത്തരവുമായി ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വേ വൈകിട്ട് ആറ് മണി മുതൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സംപ്രേക്ഷണം ചെയ്യും. 2014-ലേയും 2019-ലേയും ലോക്സഭാ തെരഞ്ഞെടുപ്പുകളും 2016- നിയമസഭാ തെരഞ്ഞെടുപ്പിലേയും ഫലങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനൊപ്പം ചേര്‍ന്ന് കൃതൃതയോടെ പ്രവചിച്ച സീ ഫോര്‍ ആണ് സര്‍വ്വേയിൽ ഏഷ്യാനെറ്റിനൊപ്പം ചേരുന്നത്.

ഒൻപത് മാസം മുൻപ് കൊവിഡ് ലോക്ക് ഡൗണിന് ശേഷം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങി തുടങ്ങിയ ഘട്ടത്തിൽ കൊവിഡാനന്തര കേരളത്തിൻ്റെ രാഷ്ട്രീയ മനസ് അറിയാൻ ഏഷ്യാനെറ്റ് ന്യൂസും സീഫോറും ചേര്‍ന്ന് സര്‍വ്വേ നടത്തിയിരുന്നു. ജൂലൈ നാലിന് പുറത്തു വിട്ട ആ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് 77 മുതൽ 83 വരെ സീറ്റുകൾ നേടുമെന്നായിരുന്നു സര്‍വ്വേയിലെ കണ്ടെത്തൽ. 

യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും പ്രവചിക്കപ്പെട്ടു. എൽഡിഎഫിന് 42, യുഡിഎഫിന് 38, ബിജെപിക്ക് 18 എന്നിങ്ങനെയാണ് വോട്ടു വിഹിതം പ്രവചിക്കപ്പെട്ടത്. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നും എത്രത്തോളം വ്യത്യാസം ഇപ്പോൾ കേരളത്തിലുണ്ടായി എന്നതിനുള്ള ഉത്തരമാണ് ഈ സര്‍വ്വേ നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കം തെരഞ്ഞെടുപ്പിലേക്ക് ഇനിയും നിര്‍ണായക ചുവടുകൾ ബാക്കിയുള്ളമ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ ആര്‍ക്കാണ് അനുകൂലമെന്ന് ഈ സര്‍വ്വേയിലൂടെ വ്യക്തമാവും.