Asianet News MalayalamAsianet News Malayalam

ഏറെ വിമര്‍ശിക്കപ്പെട്ട ശബരിമല നിലപാട് കോണ്‍ഗ്രസിന് നേട്ടമായത് എങ്ങനെ?

യു ഡി എഫ് കേരളം പിടിച്ചത് എങ്ങനെ? നിസാം സെയ്ദ് എഴുതുന്നു 

India General Election  Nissam Syed Analysis on UDF landslide victory in Kerala
Author
Thiruvananthapuram, First Published May 23, 2019, 6:41 PM IST

ശബരിമല വിഷയത്തില്‍ എടുത്ത നിലപാടിന്റെ പേരില്‍ വലിയ അവമതിപ്പിന് പാത്രമായെങ്കിലും തെരഞ്ഞെടുപ്പില്‍ അത് വലിയ നേട്ടമായി. കോണ്‍ഗ്രസ് വ്യത്യസ്തമായ നിലപാടെടുത്തിരുന്നെങ്കില്‍ അതിന്റെ നേട്ടമുണ്ടാവുമായിരുന്നത് ബിജെപിയ്ക്കാണ്. സ്വന്തം ശക്തി സംരക്ഷിക്കാനും ബിജെപിയുടെ വളര്‍ച്ചയെ തടയാനും കോണ്‍ഗ്രസ് നിലപാടിന് കഴിഞ്ഞു. അതോടൊപ്പം ബിജെപിയുടെ എതിരാളിയായി ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ ദര്‍ശിച്ചപ്പോള്‍ അത് സമ്പൂര്‍ണ വിജയത്തിന് വഴിതുറന്നു. 

India General Election  Nissam Syed Analysis on UDF landslide victory in Kerala

യുഡിഎഫ് വന്‍വിജയം നേടുന്ന കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ 1977-നുശേഷം ഏതെങ്കിലുമൊരു മുന്നണി നേടുന്ന ഏറ്റവും വലിയ വിജയം എന്ന തലത്തിലേക്കുയരുകയാണ്. ഒരു പക്ഷേ, 2004-ല്‍ എല്‍ ഡി എഫ് നേടിയതിനേക്കാള്‍ വലിയ വിജയം ഇത്തവണ യുഡിഎഫ് നേടിയേക്കാം. എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുയോജ്യമായി വരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് രംഗത്ത് ദൃശ്യമായത്. 

കേരളത്തില്‍ ഇത്തവണ നടന്നത്  ഒരു സാധാരണ തെരഞ്ഞെടുപ്പായിരുന്നില്ല. ഇരു മുന്നണികളും ഏതാണ്ട് തുല്യ ശക്തികളായ കേരളത്തില്‍ സാധാരണ നടക്കാറുള്ള ഇഞ്ചോടിഞ്ച് മത്സരമായിരുന്നില്ല ഇത്തവണ നടന്നത്. യുഡിഎഫിന് അനുകൂലമായ ഒരു തരംഗം കേരളമാകെ ദൃശ്യമായിരുന്നു. കേരളത്തിലെ വ്യത്യസ്ത മേഖലകളില്‍, വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ അതിനു വ്യത്യസ്തമായ കാരണങ്ങളുണ്ടായിരുന്നു. ആരെയെങ്കിലും വിജയിപ്പിക്കുക എന്നതിലുപരി ചിലരെ പരാജയപ്പെടുത്തുക എന്ന വികാരത്തിന് മുന്‍തൂക്കം ലഭിച്ചു. മലബാര്‍ മേഖലയിലും കേരളമൊട്ടാകെ ന്യൂനപക്ഷങ്ങള്‍ക്കിടയിലും നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പ് മാറി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ മൂന്നു സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തിയപ്പോള്‍ ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന വിശ്വാസം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രൂഢമൂലമായി.

നരേന്ദ്രമോദിയെ നേരിടാന്‍ കഴിയുന്ന ഒരു നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി ഉയര്‍ന്നുവെന്ന വിശ്വാസം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ പങ്കുവെച്ചു. രാഹുല്‍ ഗാന്ധിയുടെ ദുബായ് സന്ദര്‍ശനത്തിന്റെ വന്‍ വിജയം മലബാറില്‍ വലിയ അനുരണനങ്ങളാണുണ്ടാക്കിയത്. ഭൂരിപക്ഷം വീടുകളിലും ഗള്‍ഫില്‍ ജോലിചെയ്യുന്നവര്‍ ഉള്ള മലബാര്‍ മേഖലയില്‍ ഇത് കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായ വികാരമായി മാറി. എല്ലാറ്റിനുമുപരിയായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ ഈ തരംഗം അഭൂതപൂര്‍വമായ മാനങ്ങള്‍ കൈവരിച്ചു. 

അതേസമയം ശബരിമല വിഷയം ഇടതുപക്ഷ മുന്നണി കൈകാര്യം ചെയ്ത രീതി ഹിന്ദുജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടാക്കി. ശബരിമലവിഷയത്തില്‍ ഒരു തിരിച്ചടിയുണ്ടാവുമെന്ന് ഇടതുപക്ഷ മുന്നണി ഭയപ്പെട്ടിരുന്നെങ്കിലും അത് നായര്‍ വിഭാഗത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കും എന്നാണവര്‍ വിശ്വസിച്ചത്. എന്നാല്‍ അത് എല്ലാ ഹിന്ദുവിഭാഗങ്ങളിലേക്കും വ്യാപിച്ചിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും വ്യക്തമാവുന്നത്. മാര്‍ക്്‌സിസ്റ്റ് പാര്‍ട്ടിയുടെ പരമ്പരാഗത ശക്തിസ്രോതസ്സായ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും പോലും വലിയ വോട്ടുചോര്‍ച്ചയുണ്ടായി . ഈ വസ്തുത  സിപിഎമ്മിന് നാളെകളില്‍ വലിയ വെല്ലുവിളി ഉയര്‍ത്തും. ശബരിമല വിഷയത്തില്‍ എതിര്‍പ്പുള്ള ആളുകള്‍, സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്തു. രണ്ടോ മൂന്നോ മണ്ഡലങ്ങളില്‍ അത് ബിജെപിക്ക് അനുകൂലമായെങ്കിലും, ഭൂരിപക്ഷം മണ്ഡലങ്ങളിലും അത് യുഡിഎഫിന് അനുകൂലമായിവന്നു. അങ്ങനെ രണ്ടു സര്‍ക്കാരുകള്‍ക്കെതിരായ വികാരം യുഡിഎഫിന് അനുകൂലമായി. 

കേരളത്തിലെ സാമൂഹിക സമവാക്യങ്ങള്‍ ബിജെപിക്ക് ഇപ്പോഴും പ്രതികൂലമായി തുടരുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പ് അവര്‍ക്ക് നല്‍കുന്ന പാഠം. ശബരിമല പോലെ ഒരു 'സുവര്‍ണാവസരം' ലഭ്യമായിട്ടും അത് വിജയത്തിലേക്കെത്തിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. 

തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ ഇടതുപക്ഷമുന്നണിയ്ക്ക് വലിയ പാളിച്ചകള്‍ സംഭവിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ തുടര്‍ ഭരണം ഉറപ്പുവരുത്താനുള്ള ഏറ്റവുമെളുപ്പമുള്ള മാര്‍ഗം ബിജെപിയെ ശക്തിപ്പെടുത്തുക, കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുക എന്നതാണെന്ന വിശ്വാസത്തിലാണ് സിപിഎം പ്രവര്‍ത്തിച്ചത്.  കോണ്‍ഗ്രസിലെ സവര്‍ണ വിഭാഗങ്ങള്‍ ബിജെപിയിലേക്ക് പോയി കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ പിന്നില്‍ അണിനിരക്കാന്‍ നിര്‍ബന്ധിതരായിത്തീരും എന്ന വിശ്വാസമാണ് അവര്‍ക്കുണ്ടായിരുന്നത്. 

ശബരിമല വിഷയത്തില്‍ ഗവണ്മെന്റ് എടുത്ത സമീപനത്തിന്റെയും ലക്ഷ്യം ഇതായിരുന്നു. അതിനായി കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്ന വ്യാപകമായ പ്രചാരണമുണ്ടായി. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോവും എന്ന പ്രചാരണം അഴിച്ചുവിട്ടു. പക്ഷേ , ഈ തന്ത്രങ്ങളെല്ലാം പാളുന്ന കാഴ്ചയാണ് ഫലം വരുമ്പോള്‍ കാണുന്നത്. കെ സുരേന്ദ്രനെ ശബരിമലയുടെ രക്തസാക്ഷിയായി അവതരിപ്പിക്കാന്‍ അവസരം നല്‍കിയത് ഇടതുപക്ഷത്തിന്റെ പാളിച്ചയായിരുന്നു. 

മറുഭാഗത്ത് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ എല്ലാം വിജയം വരിക്കുന്നതാണ് കേരളത്തില്‍ ദൃശ്യമായത്. ശബരിമല വിഷയത്തില്‍ എടുത്ത നിലപാടിന്റെ പേരില്‍ വലിയ അവമതിപ്പിന് പാത്രമായെങ്കിലും തെരഞ്ഞെടുപ്പില്‍ അത് വലിയ നേട്ടമായി. കോണ്‍ഗ്രസ് വ്യത്യസ്തമായ നിലപാടെടുത്തിരുന്നെങ്കില്‍ അതിന്റെ നേട്ടമുണ്ടാവുമായിരുന്നത് ബിജെപിയ്ക്കാണ്. സ്വന്തം ശക്തി സംരക്ഷിക്കാനും ബിജെപിയുടെ വളര്‍ച്ചയെ തടയാനും കോണ്‍ഗ്രസ് നിലപാടിന് കഴിഞ്ഞു. അതോടൊപ്പം ബിജെപിയുടെ എതിരാളിയായി ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ ദര്‍ശിച്ചപ്പോള്‍ അത് സമ്പൂര്‍ണ വിജയത്തിന് വഴിതുറന്നു. 

പരമ്പരാഗത തെരഞ്ഞെടുപ്പ് പ്രചാരണ രീതികള്‍ അപ്രസക്തമാവുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. ഒരു പക്ഷേ, ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് ഇടതുപക്ഷ മുന്നണി കാഴ്ച വെച്ചത്.. ആറുപ്രാവശ്യം വരെ വീടുകള്‍ കയറി. ബിജെപിയും അവര്‍ക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ വീടുവീടാന്തരം കയറിയുള്ള മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ഈ കക്ഷികള്‍ക്ക് പണത്തിനും പ്രചാരണക്കൊഴുപ്പിനും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. മറുഭാഗത്ത് തകര്‍ന്നടിഞ്ഞ് ഒരു സംഘടനാ സംവിധാനവുമായാണ് യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണ രംഗത്ത് അവര്‍ ഏറെ പിന്നിലായിരുന്നു. പക്ഷേ, അതൊന്നും ഫലത്തെ ബാധിച്ചില്ല. ജനങ്ങളുടെ തെരഞ്ഞടുപ്പിനെ സ്വാധീനിക്കാന്‍ പുതിയ സങ്കേതങ്ങള്‍ കണ്ടെത്തണമെന്ന പാഠമാണ് ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്. 

സ്ഥാനാര്‍ഥി നിര്‍ണയത്തിലും കോണ്‍ഗ്രസ് ചില മികച്ച നീക്കങ്ങള്‍ നടത്തി. ഏറ്റവും മികച്ച കണ്ടെത്തല്‍ ആലത്തൂരില്‍ രമ്യ ഹരിദാസായിരുന്നു സമീപകാല ചരിത്രത്തില്‍ കേരളത്തില്‍ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കപ്പെട്ട സ്ഥാനാര്‍ത്ഥിയായി രമ്യ മാറി. സാമൂഹിക മാധ്യമങ്ങള്‍ ഇതില്‍ വലിയ പങ്കുവഹിച്ചു. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ സ്വാഭാവിക രാഷ്ട്രീയക്കാരിയായി മാറാനുള്ള രമ്യയുടെ കഴിവും വലിയ നേട്ടമായി. വടകരയില്‍ കെ മുരളീധരനെ സ്ഥാനാര്ഥിയാക്കിയതും എറണാകുളത്ത് കെവി തോമസിന് സീറ്റു നിഷേധിച്ചതും ഫലവത്തായി. 

ഇതൊക്കെയാണെങ്കിലും ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച താരം പാലക്കാട്ടെ വി കെ ശ്രീകണ്ഠനാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വിജയ സാധ്യത കല്‍പ്പിക്കാതിരുന്ന, സര്‍വേകള്‍ മൂന്നാം സ്ഥാനം കല്‍പ്പിച്ച, ശ്രീകണ്ഠന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിലെ 'മാന്‍ ഓഫ് ദി  മാച്ച്' വി കെ ശ്രീകണ്ഠന്‍ തന്നെ.

Follow Us:
Download App:
  • android
  • ios