Asianet News MalayalamAsianet News Malayalam

കാലമെത്ര കഴിഞ്ഞാലും ഈ റെക്കോർഡിന് തിളക്കമേറെ; 10 തെരഞ്ഞെടുപ്പുകളും 10 മണ്ഡലങ്ങളും; ചരിത്രമെഴുതിയ എംവി രാഘവന്‍

 ഒരു കാലത്ത് ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ ശബ്ദമായിരുന്ന എംവി രാഘവൻ എന്ന എംവിആറിന്. ഈ റെക്കോർഡ് ഇതുവരെ ആർക്കും മറികടക്കാൻ സാധിച്ചിട്ടില്ലെന്നതും ചരിത്രം. 

mv raghavan in assembly election
Author
Trivandrum, First Published Mar 13, 2021, 12:47 PM IST

തുടർച്ചയായ പത്ത് തെരഞ്ഞെടുപ്പുകൾ. മത്സരിച്ചത് പത്ത് മണ്ഡലങ്ങൾ. ഏഴു വിജയവും 3 പരാജയവും. നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഈ റെക്കോർഡ് ഒരേയൊരാൾക്ക് മാത്രം സ്വന്തം.  കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന‌ എംവി ആര്‍ എന്നറിയപ്പെടുന്ന എംവി രാഘവന്. ഇതുവരെ ആർക്കും ഈ റെക്കോർഡ് മറികടക്കാൻ സാധിച്ചിട്ടില്ലെന്നതും ചരിത്രം. നിയമസഭയിൽ ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തിയാണ് എം.വി.രാഘവൻ. എഴുപതുകളിലെ തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിന്റെ അമരക്കാരൻ. കുറിക്ക് കൊള്ളുന്നതും കരുത്തുറ്റതുമായ പ്രസംഗവും അപാരമായ സംഘടനാ പാടവവും കൊണ്ട് ജനകീയൻ. പതിനാറാം വയസ്സിൽ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി കടന്നുവന്ന എം വി രാഘവന് വിശേഷണങ്ങളേറെ. എം.വി.ആർ സി.പി.എമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെയാണ് സി.പി.എം മലബാറിലെ കരുത്തുറ്റ പ്രസ്ഥാനമായി മാറുന്നത്.

പത്ത് തവണയാണ് എംവി രാഘവൻ നിയമസഭയിലേക്ക് മത്സരിച്ചത്. ഏഴുതവണ വിജയിച്ചപ്പോൾ മൂന്നു തവണ പരാജയപ്പെട്ടു. മാടായി 1970 (സി.പി.എം), തളിപ്പറമ്പ് 1977 (സി.പി.എം), കൂത്ത്പറമ്പ് 1980 (സി.പി.എം), പയ്യന്നൂർ 1982 (സി.പി.എം), അഴീക്കോട് 1987 (സി.എം.പി), കഴക്കൂട്ടം 1991 (സി.എം.പി), തിരുവനന്തപുരം വെസ്റ്റ് 2001 (സി.എം.പി) എന്നീ മണ്ഡലങ്ങളാണ് എംവിആറിനെ നിയമസയഭയിലെത്തിച്ചത്. 1996-ൽ ആറൻമുളയിൽ ഇടതു സ്വതന്ത്രനായ കടമ്മനിട്ട രാമകൃഷ്ണനനോടും 2006-ൽ പുനലൂരിൽ സി.പി.ഐയിലെ കെ. രാജുവിനോടും 2011-ൽ നെന്മാറയിൽ സി.പി.എമ്മിലെ വി. ചെന്താമരക്ഷനോടും പരാജയപ്പെട്ടു.

mv raghavan in assembly election

ബദൽ രേഖാ വിവാദത്തെ തുടർന്നാണ് എംവിആർ സിപിഎംൽ നിന്ന് പുറത്താക്കപ്പെടുന്നത്. ജാതി-മത ശക്തികളുമായി സി.പി.എമ്മിന് ഒരുവിധ സഖ്യവും പാടില്ലെന്ന പതിനൊന്നാം കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയത്തിന്റെ അന്തസ്സത്തയെ ചോദ്യംചെയ്തുകൊണ്ട്, കോണ്‍ഗ്രസ്സാണ് മുഖ്യശത്രുവെന്നും അതിനാല്‍ കേരളത്തില്‍ മുസ്‌ലിം ലീഗുമായും കേരള കോണ്‍ഗ്രസ്സുമായും തിരഞ്ഞെടുപ്പ് സഖ്യം വേണമെന്നും വാദിക്കുന്നതായിരുന്നു ബദല്‍രേഖ. കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനം ബദൽരേഖ തള്ളിയതിനെ തുടർന്ന് എംവിആർ പാർട്ടിക്ക് അനഭിമതനായി. പാര്‍ട്ടിയില്‍നിന്നു പുറത്തായി ഒരുമാസത്തിനുശേഷം 1986 ജൂലായ് 27ന് തൃശ്ശൂരില്‍ സി.എം.പി. എന്ന പേരില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കി. പാർട്ടി ഭ്രഷ്ട് കാലങ്ങളോളം എംവിആറിന് വിടാതെ പിന്തുടർന്നു. അതിജീവനത്തിന്റെയും പൊരുതി നിൽക്കലിന്റെയും  കാലങ്ങളിലൂടെയാണ് പിന്നീട് അദ്ദേഹം കടന്നു പോയത്. 

mv raghavan in assembly election

നക്സലിസം വസന്തത്തിൻ്റെ ഇടിമുഴക്കമായി യുവജനങ്ങളിലേക്ക് പടർന്നു കയറുമ്പോൾ സി.പി.എമ്മിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന് തടയിട്ടത് എം.വി.ആറിൻ്റെ പ്രത്യയശാസ്ത്ര പരവും പ്രായോഗികവുമായ രാഷ്ട്രീയ തീരുമാനങ്ങളായിരുന്നു. കേരളത്തിൻ്റെ വികസനത്തിന് സഹകരണ മന്ത്രിയെന്ന നിലയിൽ നിസ്തുലമായ സംഭാവനകൾ നൽകിയ രാഘവൻ പരിയാരം മെഡിക്കൽ കോളേജിനെ മലബാർ മേഖലയിലെ ഏറ്റവും നല്ല ആശുപത്രിയാക്കി മാറ്റാൻ മന്ത്രിയെന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും പ്രവർത്തിച്ചു.

കേരളത്തിൻ്റെ വികസനത്തിൽ ദീർഘവീക്ഷണമുള്ള നേതാവു കൂടിയായിരുന്നു എം.വി.ആർ. രാഷ്ട്രീയ ഗുരുവായ എ.കെ.ജി.യുടെ പേരിൽ കണ്ണൂരിൽ സഹകരണാശുപത്രിയും തുടങ്ങി. കേരളത്തിൻ്റെ സഹകരണ മേഖല ശക്തമാക്കിയ ഒട്ടേറെ പദ്ധതികളുടെ നായകനായി. ബേപ്പൂർ, അഴീക്കൽ തുറമുഖ പദ്ധതികൾക്ക് തുടക്കമിട്ടു. പാപ്പിനിശേരി വിഷചികിത്സാ കേന്ദ്രം, ആയൂർവേദ കോളേജ് എന്നിവയുടെ സ്ഥാപകനാണ്. 2014 ൽ 81-ാമത്തെ വയസ്സിലാണ് അദ്ദേഹം അന്തരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios