Asianet News MalayalamAsianet News Malayalam

30 ദിവസം കൊണ്ട് തെറിച്ച കസേര! സാക്ഷാല്‍ കരുണാകരന് അടിതെറ്റിയ കഥ

അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന തെര‍ഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി അധികാരത്തിലെത്തി. എന്നാല്‍ വെറും 30 ദിവസമെ മുഖ്യമന്ത്രിയായി കരുണാകരന് ഇരിക്കാനായുള്ളൂ. 

Which was the Shortest ministry in Kerala Legislative Assembly
Author
Thiruvananthapuram, First Published Mar 18, 2021, 2:42 PM IST

തിരുവനന്തപുരം: രാഷ്‌ട്രീയ ചാണക്യന്‍ എന്ന വിശേഷണമുണ്ടെങ്കിലും ലീഡര്‍ കെ കരുണാകരന്‍ അടിപതറിയിട്ടുണ്ട് ചിലപ്പോഴൊക്കെ രാഷ്‌ട്രീയക്കളരിയില്‍. അതിലൊന്ന് അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1977ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രജയം നേടിയിട്ടും വെറും 30 ദിവസം മാത്രമേ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനായുള്ളൂ എന്നതാണ്. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭയാണിത്. അടിയന്തരാവസ്ഥക്കാലത്തെ ഒരു സംഭവം തന്നെയായിരുന്നു കരുണാകരന്‍റെ കസേര തെറിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. 

Which was the Shortest ministry in Kerala Legislative Assembly

സ്വാതന്ത്ര്യാനന്തര ഇന്ത്യ അതുവരെ കണ്ട ഏറ്റവും ജനാധിപത്യവിരുദ്ധ നടപടിയായിരുന്നു 1975 ജൂണ്‍ 25ന് രാജ്യവ്യാപകമായി പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ. രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ്‌ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആവശ്യാനുസരണം ഇന്ത്യൻ ഭരണഘടനയിലെ 352-ാം വകുപ്പുപ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട നീണ്ട 18 മാസങ്ങൾ പിന്നിട്ട് 1977 മാർച്ച് 23ന് അടിയന്തരാവസ്ഥ അവസാനിച്ചതായി പ്രഖ്യാപനമുണ്ടായി. എന്നാല്‍ വിവാദങ്ങളും വെളിപ്പെടുത്തലുകളും കെട്ടടങ്ങിയിരുന്നില്ല. 

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ കേരളത്തിൽ സിപിഐ- കോൺഗ്രസ് സഖ്യമായിരുന്നു ഭരണത്തിൽ. സിപിഐയുടെ സി അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസില്‍ ഇന്ദിരാഗാന്ധിയുടെ വിശ്വസ്‌തനായ കെ കരുണാകരൻ ആഭ്യന്തര മന്ത്രിയും. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ മര്‍ദന നിര്‍ദേശങ്ങള്‍ അപ്പാടെ കേരളത്തില്‍ നടപ്പിലാക്കുകയായിരുന്നു കരുണാകരന്‍ എന്നായിരുന്നു ഉയര്‍ന്ന ഒരു ആരോപണം. ഇതിനെ ശരിവെയ്‌ക്കുന്ന ഒരു കേസും ഇക്കാലത്തുണ്ടായി. 

അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1977ല്‍ രാജ്യവ്യാപകമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തിലൊഴികെ മറ്റൊരിടത്തും കോണ്‍ഗ്രസ് നിലംതൊട്ടില്ല. കേരളത്തിൽ കോൺഗ്രസ്-സിപിഐ-കേരള കോൺഗ്രസ് സഖ്യം ചരിത്രജയം നേടി. കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് 38 സീറ്റുകള്‍ നേടിയപ്പോള്‍ പാര്‍ട്ടിയിലെ 'ലീഡര്‍' കെ കരുണാകരന്‍ മാര്‍ച്ച് 25ന് മുഖ്യമന്ത്രിയായി അധികാരമേറ്റു. മുഖ്യമന്ത്രി കസേരയില്‍ കരുണാകരന്‍റെ ആദ്യ ഊഴമായിരുന്നു ഇത്. എന്നാല്‍ 30 ദിവസത്തിന് ശേഷം കരുണാകരന് രാജിവച്ചൊഴിയേണ്ടിവന്നു. 

രാജിയിലേക്ക് നയിച്ചത് രാജന്‍ കേസ്

രാജ്യത്ത് പൊലീസ് രാജും ലോക്കപ്പ് മരണങ്ങളും തുടര്‍ക്കഥയായ അടിയന്തരാവസ്ഥക്കാലത്ത് കേരളത്തെ പിടിച്ചുലച്ച സംഭവങ്ങളിലൊന്നായിരുന്നു രാജന്‍ കേസ്. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായിരുന്ന രാജൻ കക്കയം പൊലീസ് ക്യാമ്പില്‍ വച്ച് കൊല്ലപ്പെട്ടതാണ് കേസിനാസ്‌പദമായ സംഭവം. ഡിഐജി ജയറാം പടിക്കലിനായിരുന്നു കക്കയം ക്യാമ്പിന്റെ ചുമതലക്കാരന്‍. എസ് ഐ പുലിക്കോടൻ നാരായണൻ അടങ്ങുന്ന സംഘമായിരുന്നു രാജനെ ചോദ്യംചെയ്തത്. 

Which was the Shortest ministry in Kerala Legislative Assembly

കെ കരുണാകരന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ അതേദിനം(1977 മാര്‍ച്ച് 25) രാജന്‍റെ അ‍ച്ഛന്‍ ഈച്ചരവാരിയർ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഹേബിയസ്‌ ഹോർപ്പസ്‌ കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെയാണ് കേസിന് പിന്നിലെ ദുരൂഹതകള്‍ മറനീക്കി പുറത്തുവന്നത്. രാജനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നായിരുന്നു കുറ്റാരോപിതരായ ജയറാം പടിക്കലടക്കമുള്ളവരുടെ ആദ്യ വാദം. രാജന്‍ മരിച്ചിട്ടില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ മുഖ്യമന്ത്രി കരുണാകരന്‍, അദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നിയമസഭയിൽ പ്രസംഗിക്കുകയും ചെയ്തു. 

എന്നാല്‍ രാജൻ കേസിൽ ഹൈക്കോടതി നടത്തിയ പരാമർശത്തെ തുടർന്ന് 1977 ഏപ്രില്‍ 25ന് കരുണാകരന് രാജിവയ്‌ക്കേണ്ടിവന്നു. 30 ദിവസം മാത്രം ആയുസുണ്ടായിരുന്ന കരുണാകരന്‍റെ ആദ്യ മന്ത്രിസഭയ്‌ക്ക് വിരാമം. കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്ന കാരണത്താലായിരുന്നു രാജി. കക്കയത്തെ പൊലീസ് മർദനത്തിൽ രാജൻ കൊല്ലപ്പെട്ടെന്ന് 1977 മെയ് 22ന് കോടതിയിൽ പുതിയ സത്യവാങ്മൂലം അദേഹത്തിന് നല്‍കേണ്ടിവന്നു. എങ്കിലും ശേഷം മൂന്ന് തവണ കൂടി കരുണാകരൻ മുഖ്യമന്ത്രിയായി(1981-1982, 1982-1987, 1991-1995).  

Which was the Shortest ministry in Kerala Legislative Assembly

കരുണാകരന്‍ രാജിവച്ചൊഴിഞ്ഞതോടെ എ കെ ആൻറണിക്ക് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. മുഖ്യമന്ത്രി കസേരയില്‍ ആന്‍റണിയുടെ ആദ്യ ഊഴവും ഇതായിരുന്നു. മുപ്പത്തിയേഴാം വയസില്‍ ഭരണദൗത്യം ഏറ്റെടുത്തതോടെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി എന്ന നേട്ടത്തിലെത്തി ആൻറണി. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം അദേഹം മുഖ്യമന്ത്രിപദം രാജിവച്ചു. അതും ഏറെ നാടകീയതകള്‍ക്കൊടുവിലായിരുന്നു. 

എംഎല്‍എയായി വെറും 10 ദിവസം; ആ അപൂര്‍വത അന്നുമിന്നും റെക്കോര്‍ഡ്
 

Follow Us:
Download App:
  • android
  • ios