Asianet News MalayalamAsianet News Malayalam

എന്നിട്ടും ദക്ഷിണേന്ത്യ ബിജെപിക്ക്‌ 'ബാലികേറാമല' ആകുന്നതെന്ത്‌ കൊണ്ട്‌?

ഹിന്ദി ഹൃദയഭൂമി ബിജെപിയെ ചേര്‍ത്തുപിടിച്ചപ്പോഴും ദക്ഷിണേന്ത്യ പുറം തിരിഞ്ഞ്‌ നില്‍ക്കുന്ന സമീപനം തന്നെയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.

why bjp has no influence in south india analysis
Author
Thiruvananthapuram, First Published May 23, 2019, 7:33 PM IST

പ്രവചനങ്ങളെയെല്ലാം നിഷ്‌ഫലമാക്കി തെരഞ്ഞെടുപ്പില്‍ പടുകൂറ്റന്‍ വിജയം നേടി രണ്ടാമൂഴത്തിന്‌ ഒരുങ്ങുകയാണ്‌ ബിജെപി. എക്‌സിറ്റ്‌ പോള്‍ ഫലങ്ങളെയും 2014ലെ കണക്കുകളെയും മറികടന്നാണ്‌ രാജ്യമെങ്ങും മോദിതരംഗം ആഞ്ഞടിച്ചതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാലത്‌ എത്രത്തോളം ശരിയാണ്‌? ദക്ഷിണേന്ത്യയില്‍ മോദി തരംഗം ഉണ്ടായിരുന്നില്ല എന്നതല്ലേ സത്യം!!

ഹിന്ദി ഹൃദയഭൂമി ബിജെപിയെ ചേര്‍ത്തുപിടിച്ചപ്പോഴും ദക്ഷിണേന്ത്യ പുറം തിരിഞ്ഞ്‌ നില്‍ക്കുന്ന സമീപനം തന്നെയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. കര്‍ണാടക ഒഴികെ ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനവും ബിജെപിക്ക്‌ മുമ്പില്‍ തലകുനിച്ച്‌ കൊടുത്തിട്ടില്ല. കര്‍ണാടകയില്‍ 28ല്‍ 25ലും മുന്നേറാന്‍ ബിജെപിക്ക്‌ കഴിഞ്ഞു. പിന്നെ അല്‍പമെങ്കിലും ആശ്വാസത്തിന്‌ വക നല്‍കിയിരിക്കുന്നത്‌ തെലങ്കാനയാണ്‌. ഇവിടെ 17ല്‍ 4 സീറ്റുകളിലാണ്‌ ബിജെപി മുന്നേറ്റം. ആന്ധ്രാപ്രദേശ്‌, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളില്‍ അക്കൗണ്ട്‌ തുറക്കാന്‍ ഇക്കുറിയും ബിജെപിക്ക്‌ കഴിഞ്ഞിട്ടില്ല.

2004 മുതല്‍ കര്‍ണാടകയില്‍ നേട്ടം കൊയ്യാന്‍ ബിജെപിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ദക്ഷിണേന്ത്യയിലേക്കുള്ള കവാടം എന്നാണ്‌ അന്ന്‌ തങ്ങളുടെ വിജയത്തെ ബിജെപി വിശേഷിപ്പിച്ചത്‌. എന്നാല്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കവാടത്തിന്റെ വാതില്‍ തള്ളിത്തുറക്കാന്‍ ബിജെപിക്ക്‌ കഴിഞ്ഞിട്ടില്ല. കര്‍ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ ബിജെപി പത്തോളം സീറ്റുകള്‍ നേടുമെന്നായിരുന്നു എക്‌സിറ്റ്‌ പോള്‍ ഫലം. ഇതും വൃഥാവിലായി.

പ്രാദേശിക വികാരം

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക്‌ കളം പിടിക്കാന്‍ കഴിയാത്തതിന്‌ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌ പ്രാദേശിക വികാരം തന്നെയാണ്‌. ബിജെപിയെ ഒരു നോര്‍ത്ത്‌ ഇന്ത്യന്‍ പാര്‍ട്ടിയായി പരിഗണിക്കാനേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇപ്പോഴും തയ്യാറാവുന്നുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദിയോ ബിജെപിയോ തങ്ങള്‍ക്ക്‌ വേണ്ടി കാര്യമായി ഒന്നും ചെയ്‌തിട്ടില്ലെന്നും ദക്ഷിണേന്ത്യന്‍ ജനത ഉറച്ച്‌ വിശ്വസിക്കുന്നു. ഹിന്ദി പറയുന്ന ജനതയ്‌ക്ക്‌ മാത്രമേ ബിജെപിയെ വാഴ്‌ത്താനാവൂ എന്നാണ്‌ ഇവിടങ്ങളില്‍ ഉയരുന്ന പ്രധാന വായ്‌ത്താരി.

ദ്രാവിഡ ബോധം

ബിജെപിയെ സവര്‍ണ രാഷ്ട്രീയ പാര്‍ട്ടിയായി അല്ലാതെ കാണാന്‍ ദക്ഷിണേന്ത്യന്‍ ജനതയ്‌ക്ക്‌ സാധിച്ചിട്ടേയില്ല. ബിജെപിയും ആര്‍എസ്‌എസും എല്ലാക്കാലത്തും സവര്‍ണഹിന്ദുത്വത്തിലധിഷ്‌ഠിതമായ ആദര്‍ശങ്ങളാണ്‌ മുറുകെപ്പിടിച്ചിട്ടുള്ളതെന്ന വീക്ഷണമാണ്‌ ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ വച്ചുപുലര്‍ത്തുന്നത്‌. കുറച്ചുകാലങ്ങളായി ആ പ്രതിഛായയില്‍ നിന്ന്‌ പുറത്തുകടക്കാന്‍ ബിജെപി കിണഞ്ഞുപരിശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ദക്ഷിണേന്ത്യയില്‍ ഫലം കാണുന്നില്ല എന്നതാണ്‌ വസ്‌തുത.

ഉയര്‍ന്ന സാക്ഷരതാനിലവാരം

2011ലെ കാനേഷുമാരി കണക്ക്‌ പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ സാക്ഷരതാ നിരക്ക്‌ പരിശോധിച്ചാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്‌ മുന്‍ പന്തിയിലുള്ളത്‌. ആരോഗ്യപരിരക്ഷ, സാമ്പത്തികനിലവാരം എന്നിവയിലെല്ലാം ഈ സംസ്ഥാനങ്ങള്‍ മികച്ച നിലയിലാണുള്ളത്‌. അതുകൊണ്ട്‌ തന്നെ ബിജെപി നേതൃത്വം മുന്നോട്ട്‌ വച്ച പദ്ധതികള്‍ തങ്ങളെ സംബന്ധിച്ച്‌ 20 വര്‍ഷം മുമ്പേ ലഭിക്കേണ്ടതായിരുന്നു എന്ന്‌ ജനങ്ങള്‍ പറഞ്ഞതായി ബിബിസി മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

പരാജയപ്പെട്ട മോദി പ്രഭാവം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണങ്ങള്‍ക്ക്‌ ആളും ആരവവും കുറഞ്ഞ അവസ്ഥയായിരുന്നു തമിഴ്‌നാട്‌ അടക്കമുള്ള സംസ്ഥാനങ്ങളിലുണ്ടായിരുന്നത്‌. ഹിന്ദി ഉപേക്ഷിച്ച്‌ ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ തീരുമാനിച്ചിട്ടും മോദി തങ്ങളോടാണ്‌ സംസാരിക്കുന്നതെന്ന പൊതുബോധം തമിഴ്‌നാട്ടിലെ ജനങ്ങളില്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല.

പാളിപ്പോയ വര്‍ഗീയധ്രുവീകരണം

കന്നഡിഗ വാദം, ദ്രാവിഡ ബോധം തുടങ്ങിയ പ്രാദേശിക വികാരങ്ങള്‍ മേല്‍ക്കൈ നേടിയിട്ടുള്ള സംസ്ഥാനങ്ങളില്‍ വര്‍ഗീയതയോ ഹിന്ദുത്വവാദമോ പറഞ്ഞ്‌ വോട്ട്‌ തേടാനുള്ള ശ്രമങ്ങളും വിലപ്പോയില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഏറിയപങ്കും മതനിരപേക്ഷതയ്‌ക്ക്‌ ഊന്നല്‍ നല്‌കുന്നതാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട്‌ തന്നെ ഉത്തരേന്ത്യയിലേതുപോലെ മതവും ജാതിയും ഇവിടെ തെരഞ്ഞെടുപ്പ്‌ വിഷയങ്ങളാവില്ല. ശബരിമല വിഷയം ആളിക്കത്തിച്ച്‌ വോട്ട്‌ തേടാന്‍ ശ്രമിച്ചിട്ടും ബിജെപിക്ക്‌ കേരളത്തില്‍ ലക്ഷ്യം നേടാനാവാഞ്ഞതാണ്‌ ഇതിന്‌ ഏറ്റവും മികച്ച ഉദാഹരണമായി വിദഗ്‌ധര്‍ വിലയിരുത്തുന്നത്‌.

പ്രാദേശിക പാര്‍ട്ടികളുടെ സ്വാധീനം

ആന്ധ്രയും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക്‌ വ്യക്തമായ സ്വാധീനമാണുള്ളത്‌. അതുതന്നെയാണ്‌ ബിജെപിക്ക്‌ ഇവിടങ്ങളില്‍ ചലനമുണ്ടാക്കാന്‍ കഴിയാത്തതിന്‌ പ്രധാന കാരണങ്ങളിലൊന്ന്‌. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ബിജെപിയില്‍ വിശ്വാസമര്‍പ്പിക്കുന്ന അവസ്ഥ ഇനിയും വന്നിട്ടില്ല. ഇവിടങ്ങളിലെ ന്യൂനപക്ഷങ്ങളിലേക്ക്‌ എത്താന്‍ ബിജെപി ഇതുവരെ പയറ്റിയ തന്ത്രങ്ങളോ മെനഞ്ഞെടുത്ത ഫോര്‍മുലകളോ പോരാ എന്ന്‌ തന്നെയാണ്‌ ഈ തെരഞ്ഞെടുപ്പ്‌ ഫലവും വ്യക്തമാക്കുന്നത്‌.

Follow Us:
Download App:
  • android
  • ios