Asianet News MalayalamAsianet News Malayalam

ദക്ഷിണേന്ത്യ വഴി ദില്ലി പിടിക്കാന്‍ മോദിയും രാഹുലും

ദക്ഷിണേന്ത്യയിലെ 130-ഓളം സീറ്റുകളില്‍ പകുതിയിലേറെയും പിടിക്കുക എന്നത് മാത്രമാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളെ ഇറക്കുന്നത് വഴി ഇരുപാര്‍ട്ടികളും ലക്ഷ്യമിടുന്നത്. 

Why rahul and modi looks for a seat in south india
Author
Delhi, First Published Mar 24, 2019, 1:06 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോൾ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയാണ് ദക്ഷിണേന്ത്യയിലേക്ക് കൂടുതല്‍ സജീവമാക്കാന്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും പ്രേരിപ്പിക്കുന്നത്. വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധിയും ബാംഗ്ലൂര്‍ സൗത്ത് സീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മത്സരിക്കും എന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒളിഞ്ഞു കിടക്കുന്നത് ദക്ഷിണേന്ത്യയിലെ 130-ഓളം സീറ്റുകളില്‍ പകുതിയിലേറെയും സ്വന്തമാക്കണമെന്ന തീവ്രവായ ആ​ഗ്രഹം മാത്രം. 

ആന്ധ്രാപ്രദേശ് - 25, കര്‍ണാടക -28, തമിഴ്നാട്-39, കേരളം-20, തെലങ്കാന-17. ദക്ഷിണേന്ത്യയിലെ അ‍ഞ്ച് സംസ്ഥാനങ്ങളും പുതുച്ചേരിയിലെ ഒരു സീറ്റുമടക്കം 130-ഓളം സീറ്റുകളാണ് ദക്ഷിണേന്ത്യയില്‍ ഉള്ളത്. ഈ 130 സീറ്റുകളില്‍ 50 സീറ്റെങ്കിലും ജയിച്ചു കയറണം എന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. തമിഴ്നാട്, കേരളം, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന്‍റെ ദക്ഷിണേന്ത്യന്‍ സ്വപ്നങ്ങള്‍ പ്രധാനമായും വേരൂന്നിയിരിക്കുന്നത്.  തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിലും, കര്‍ണാടകയില്‍ ജെഡിഎസ് സഖ്യത്തിലും കോണ്‍ഗ്രസ് പങ്കാളിയാണ്. കേരളത്തില്‍ യുഡിഎഫ് മുന്നണിയുടെ ഭാഗമായി ആകെയുള്ള ഇരുപതില്‍ 16 സീറ്റിലും പാര്‍ട്ടി മത്സരിക്കുന്നു. 

തെലങ്കാനയിലും ആന്ധ്രയിലും പക്ഷേ പാര്‍ട്ടിക്ക് വലിയ പ്രതീക്ഷയില്ല. വിഭജനത്തിന് മുന്‍പ്  2009-ലെ തെരഞ്ഞെടുപ്പില്‍ വൈഎസ് രാജേശഖര റെഡ്ഡിയുടെ താരപ്രഭയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടി ആന്ധ്രാപ്രദേശിലെ 42 സീറ്റുകളില്‍ 33ഉം വിജയിച്ചിരുന്നു. എന്നാല്‍ വൈഎസ്ആറിന്‍റെ അപ്രതീക്ഷിത മരണത്തോടെ അവിടെ ചിത്രം മാറി. തെലങ്കാന രൂപീകരണത്തോടെ ആന്ധ്രയിലും തെലങ്കാനയിലും പാര്‍ട്ടിയുടെ വേരറ്റു. 

ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കുക എന്ന തീരുമാനത്തിലൂടെ മേഖലയില്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കര്‍ണാടകയില്‍ ബിജെപിയെ തടയുന്നതിലും കേരളത്തിലും തമിഴ്നാട്ടിലും യുപിഎയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഇത് തുണയാവും എന്നും പാര്‍ട്ടികരുതുന്നു. 

2014-ലേത് പോലെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്ന തിരിച്ചറിവാണ് ദക്ഷിണേന്ത്യയില്‍ പിടിമുറുകാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. അന്നുണ്ടായത് പോലൊയൊരു മോദിതരംഗം ഇപ്പോള്‍ ഇല്ല.ചില മേഖലകളിലെങ്കിലും കേന്ദ്രസര്‍ക്കാരിനെതിരായ വികാരം നിലനില്‍ക്കുന്നുണ്ടുതാനും. രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഢിലും കഴിഞ്ഞ വര്‍ഷം പാര്‍ട്ടി അധികാരത്തില്‍ നിന്നും പുറത്തായി. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുന്നു. 

സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യുപിയില്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടു. മാത്രമല്ല അവിടെ ഇപ്പോള്‍ നിലവില്‍ വന്ന എസ്പി-ബിഎസ്പി സഖ്യം ബിജെപിയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിനെ നേരിടാന്‍ മണ്ഡലത്തില്‍ മികച്ച അഭിപ്രായമില്ലാത്ത സിറ്റിംഗ് എംപിമാരെയെല്ലാം പാര്‍ട്ടി മത്സരംഗത്ത് നിന്ന് പിന്‍വലിച്ചു. പകരം പുതുമുഖങ്ങളെ രംഗത്തിറക്കി. 

കഴിഞ്ഞതവണ നാല് സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റും തൂത്തുവാരിയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. ഇക്കുറി അത്തരമൊരു തരംഗം അവര്‍ പ്രതീക്ഷിക്കുന്നില്ല. ഉത്തരേന്ത്യയില്‍ കുറവ് വരുന്ന സീറ്റുകള്‍ ദക്ഷിണേന്ത്യയില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നേടിയെടുക്കുക എന്നതാണ് ബിജെപി ലക്ഷ്യം. ഇതു മുന്‍നിര്‍ത്തി കേരളത്തിലും തമിഴ്നാട്ടിലും അവര്‍ സഖ്യങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ അധികാരത്തിലിരുന്ന കര്‍ണാടകയിലാണ് ബിജെപിയുടെ പ്രധാനശ്രദ്ധ. ജയലളിതയുടെ മരണാനന്തരം എഐഎഡിഎംകെയെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടു വന്ന ബിജെപി തമിഴ്നാട്ടില്‍ സഖ്യത്തിന്‍റെ ഭാഗമായി അഞ്ച് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ സീറ്റുകളിലും പാര്‍ട്ടി പ്രതീക്ഷ അര്‍പ്പിക്കുന്നു. 

ബിജെപിയുടെ കുത്തക സീറ്റായാണ് ബംഗ്ലൂര്‍ സൗത്ത് വിശേഷിപ്പിക്കപ്പെടുന്നത്. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ മോദിയെ ഇവിടെ മത്സരിപ്പിച്ചാല്‍ അതുവഴി കര്‍ണാടകയിലെ മുഴുവന്‍ സീറ്റുകളും തൂത്തുവാരമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. നരേന്ദ്രമോദി ദക്ഷിണേന്ത്യയില്‍ മത്സരിച്ചേക്കും എന്ന വാര്‍ത്ത വരുന്നത് ഈ സാഹചര്യത്തിലാണ്. 

കഴിഞ്ഞ തവണ ഗുജറാത്തിലെ വഡോദരയില്‍ നിന്നും ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ നിന്നുമാണ് നരേന്ദ്രമോദി മത്സരിച്ചത്. രണ്ടിടത്തും വലിയ ഭൂരിപക്ഷത്തിന് ജയിച്ച മോദി വഡോദര സീറ്റ് പിന്നീട് രാജിവച്ചു. ബിജെപി ഇതുവരെ പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടിക അനുസരിച്ച് മോദി വാരാണാസി സീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. മറ്റൊരു സീറ്റിലും അദ്ദേഹം മത്സരിക്കുന്നതായി ഇതുവരെ അറിയിപ്പ് വന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും ഒരു സീറ്റില്‍ നിന്നും കൂടി മോദി മത്സരിച്ചാല്‍ അത് മേഖലയിലാകെ ഉണര്‍വ് നല്‍കുമെന്ന് ഈ നീക്കത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു

ഉത്തരേന്ത്യ കേന്ദ്രീകരിച്ചു നീങ്ങുന്ന ദേശീയ രാഷ്ട്രീയത്തില്‍ പലപ്പോഴും മറ്റുമേഖലകളുടെ രാഷ്ട്രീയവും വികാരവും പരിഗണിക്കപ്പെട്ടാറില്ല. ദേശീയ നേതാക്കള്‍ ദക്ഷിണേന്ത്യയിലേക്ക് വരുമ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്ന നിരീക്ഷണം ശക്തമാണ്. പണ്ട് കർണാടകയിലെ ചിക്കമം​ഗളൂരുവിൽ നിന്നും ഇന്ദിരാ​ഗാന്ധി മത്സരിച്ചിട്ടുണ്ട്. സോണിയാ ​ഗാന്ധി, സുഷമാ സ്വരാജ് എന്നിവർ ബല്ലാരി സീറ്റിൽ മത്സരിച്ചു ജയിച്ചവരാണ്. 

പ്രതിപക്ഷ കക്ഷികളുടെ ഐക്യനിരയെ മുന്‍നിര്‍ത്തി ബിജെപിയെ നേരിടുക എന്നതാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നയം. അത്തരമൊരു സാഹചര്യത്തില്‍ ഇടതുപക്ഷം മുഖ്യഎതിരാളിയായി വരുന്ന വയനാട് സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോൺ​ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍  ഐഐസിസിയിൽ അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ മത്സരിക്കുക വഴി രാഹുല്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആ തലത്തിലുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. 

കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളും രാഹുലിനെ മത്സരിക്കാനായി സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും തെക്കേയിന്ത്യയില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാന്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് വയനാട് എന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍.  കേരളത്തിലെ നേതാക്കളെല്ലാം ഒറ്റക്കെട്ടായി തന്നെ രാഹുലിനെ സ്വാഗതം ചെയ്യുന്നുമുണ്ട്. രാഹുല്‍ മത്സരിക്കുമെന്ന വാര്‍ത്ത കേരളത്തിലുണ്ടാക്കിയ ആവേശവും ഹൈക്കമാന്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ നിന്നും രാഹുല്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയിലാകെ അതിന്‍റെ ഓളങ്ങള്‍ ഉണ്ടാവും എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. രാഹുല്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്ന പക്ഷം തമിഴ്നാട്ടിലെ ഏത് സീറ്റും വിട്ടുതരാന്‍ തയ്യാറാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ എഐസിസിയെ നേരത്തെ അറിയിച്ചിരുന്നു. പി.ചിദംബരത്തിന്‍റെ കുടുംബം കൈവശം വച്ചു പോരുന്ന ശിവഗംഗ സീറ്റും രാഹുലിനായി ശുപാര്‍ശ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഒരു ഘടകക്ഷിയുടേയും സഹായമില്ലാതെ സ്വന്തം സംഘടനാ സംവിധാനം വച്ച് രാഹുലിന് മത്സരിച്ചു ജയിക്കാം എന്നതാണ് വയനാടിന് മുന്‍തൂക്കം നല്‍കുന്നത്.

വരാണാസിക്ക് പുറമേ രണ്ടാമതൊരു മണ്ഡലത്തിൽ പ്രധാനമന്ത്രി മത്സരിക്കണമോ എന്നത് പാർട്ടി തെരഞ്ഞെടുപ്പ് സമിതിയാവും ചർച്ച ചെയ്തു തീരുമാനിക്കുക. ഇക്കാര്യത്തിൽ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിലപാടും നിർണായകമാണ്. ​2014-ൽ മോദിയെ വാരാണാസിയിലേക്ക് കൊണ്ടു വന്നത് അന്ന് സംസ്ഥാനത്തിന്റെ ചുമതല വഹിച്ച അമിത് ഷായാണ്. പൊതുതെരഞ്ഞെടുപ്പിനും ഒരു വർഷം മുൻപേ ​ഗുജറാത്തിൽ നിന്നും യുപിയിലെത്തിയ അമിത് ഷാ മുഴുവൻ മണ്ഡലങ്ങളിലും സഞ്ചരിച്ചും താമസിച്ചും സംസ്ഥാനത്തെ പാർട്ടിയെ ഉടച്ചു വാർത്തിരുന്നു. 

ജാതിരാഷ്ട്രീയം ഫലപ്രദമായി ഉപയോ​ഗിച്ച അമിത് ഷാ പ്രധാനമന്ത്രി സ്ഥാനാർഥി കൂടിയായി മോദിയെ യുപിയിൽ ഇറക്കി സംസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിക്കുകയായിരുന്നു. മോദി തരം​ഗത്തിൽ യുപിയിൽ ആകെയുള്ള 80 സീറ്റിൽ 71ഉം ബിജെപി സംഖ്യം നേടിയെടുത്തു. യുപിയിൽ മാത്രമല്ല വാരണാസിക്ക് അടുത്തുള്ള ബീഹാറിലും വഡോദരയോട് ചേർന്ന് കിടക്കുന്ന മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമെല്ലാം ബിജെപി സീറ്റുകൾ തൂത്തുവാരി. രാഷ്ട്രീയനേതാക്കളുടെ താരപ്രഭാവം സൃഷ്ടിക്കുന്ന ആവേശത്തെ ഫലപ്രദമായി ഉപയോ​ഗിച്ചതിന് ഒരു ഉദാഹരണമായി മോദിയുടെ വരാണാസിയിലെ മത്സരം ചരിത്രത്തിൽ ഇടംനേടുകയും ചെയ്തു. ആ മാതൃകയുടെ ആവർത്തനത്തിനുള്ള ശ്രമമാണ് ഇപ്പോൾ നാം കാണുന്നത്. 

Follow Us:
Download App:
  • android
  • ios