കേരളത്തിന്റെ ചരിത്രമെടുത്തുനോക്കിയാല്‍ ചെറിയ പ്രായത്തില്‍ തന്നെ മുഖ്യമന്ത്രിപദത്തിലെത്തിയിട്ടുള്ളവര്‍ വളരെ കുറവാണെന്ന് മനസിലാക്കുവാനാകും. മുപ്പത്തിയേഴാം വയസില്‍ മുഖ്യമന്ത്രിയായ എ കെ ആന്റണിയാണ് ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട പേര്

2011 നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലം. കൊണ്ടുപിടിച്ച പ്രചാരണത്തിലാണ് വലത്- ഇടത് മുന്നണികള്‍. അന്ന് കേരളത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി ഇടതിന്റെ പോരാളിയും അക്കാലത്ത് മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദനെതിരെ അദ്ദേഹത്തിന്റെ പ്രായം പരാമര്‍ശിച്ചുകൊണ്ട് സംസാരിച്ചു. 

87 വയസായിരുന്നു വിഎസിന് അപ്പോള്‍. ഇനിയും ഇടത് അധികാരത്തിലേറിയാല്‍ 93കാരനായ മുഖ്യമന്ത്രിയെ ആയിരിക്കും കേരളത്തിന് ലഭിക്കുകയെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി വിഎസ് രംഗത്തെത്തി.

കവിയും വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന ടി സുബ്രഹ്മണ്യന്‍ തിരുമുമ്പ് എഴുതിയ 'തല നരയ്ക്കുന്നതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തതല്ലെന്‍ യുവത്വവും, ദുഷ്പ്രഭുത്വത്തിന് മുന്നില്‍ തല കുനിക്കാത്തതാണെന്റെ യൗവ്വനം' എന്ന വരികള്‍ കടമെടുത്ത് ചൊല്ലിക്കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രായം സംബന്ധിച്ചുള്ള വിമര്‍ശനത്തെ വിഎസ് നേരിട്ടത്. 'വയസായത് എന്റെ തെറ്റാണോ' എന്ന വി എസിന്റെ പക്വതയാര്‍ന്ന ആത്മവിശകലനത്തെയും അണികള്‍ ഹൃദയം കൊണ്ടേറ്റെടുത്തു. 

ഈ വിവാദങ്ങള്‍ക്കിടെ തന്നെയാണ് രാഹുല്‍ ഗാന്ധിയെ വിഎസ് 'അമൂല്‍ പുത്രന്‍' എന്ന് വിശേഷിപ്പിക്കുന്നത്. പില്‍ക്കാലത്ത് ദേശീയരാഷ്ട്രീയത്തില്‍ രാഹുലിനെതിരെ ഏറ്റവുമധികം മുഴങ്ങിക്കേണ്ട പരാമര്‍ശമായിരുന്നു അത്. ഒരുതരത്തില്‍ പറഞ്ഞാല്‍ വിഎസ് അന്ന് രാഹുല്‍ ഗാന്ധിയെ 'അമൂല്‍ പുത്രന്‍' എന്ന് വിശേഷിപ്പിച്ചതും പ്രായത്തെക്കൂടി അടിസ്ഥാനപ്പെടുത്തിയാകാം. 

ഇന്ന് കഥാഗതികളിലെല്ലാം സാരമായ വ്യതിയാനങ്ങള്‍ വന്നിരിക്കുന്നു. ശക്തമായ പോരാട്ടത്തിനൊരുങ്ങി 2021 നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മുന്നണികള്‍ ഒരേസമയം ആവേശത്തോടെയും ശ്രദ്ധയോടെയും നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വിഎസ് അരങ്ങില്‍ ഇല്ല. അന്നത്തെ നാല്‍പതുകാരനായ 'അമൂല്‍ ബേബി' ഇന്ന് അമ്പതുകാരനായ മുതിര്‍ന്ന നേതാവായിരിക്കുന്നു. 

ഇടതുമുന്നണി അധികാരത്തില്‍ തുടര്‍ന്നാല്‍ ഇനി എണ്‍പതുകാരനായ മുഖ്യമന്ത്രിയെയും കേരളം കണ്ടേക്കാമെന്ന് പിണറായി വിജയനെ ലക്ഷ്യമിട്ട് ആരും പറയുന്നില്ല. കാരണം പ്രായമല്ല, പ്രവര്‍ത്തന മികവും അതിനെക്കാളുപരി നേതാവായി തുടരാനുള്ള ഇച്ഛാശക്തിയുമാണ് രാഷ്ട്രീയത്തിലാവശ്യമെന്ന് ഇതിനകത്ത് നില്‍ക്കുന്നവരെ സംബന്ധിച്ച് വ്യക്തമാണ്. 

അതേസമയം മറ്റൊരു ദിശയില്‍, മുഖ്യമന്ത്രിമാരുടെ പ്രായം ചൊല്ലിയുള്ള ചില ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നുമുണ്ട്. ചില ബിജെപി നേതാക്കള്‍, തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മെട്രോമാന്‍ ഇ ശ്രീധരനെ ഉയര്‍ത്തിക്കാട്ടിയതോടെയാണ് ഒളിഞ്ഞും തെളിഞ്ഞും വീണ്ടും ഈ ചര്‍ച്ച ചൂടുപിടിക്കുന്നത്. എണ്‍പത്തിയെട്ടുകാരനായ ഇ ശ്രീധരന് ഇനി, രാഷ്ട്രീയത്തില്‍ ഭാവി നോക്കാനുള്ള സമയം ബാക്കിയില്ലെന്ന തരത്തിലാണ് വിമര്‍ശകര്‍ അമ്പെയ്യുന്നത്. അങ്ങനെയെങ്കില്‍ എണ്‍പത്തിമൂന്നാം വയസില്‍ ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തിയ വിഎസിനെ കുറിച്ച് എന്ത് പറയുന്നുവെന്ന മറുചോദ്യവും ഉയരുന്നുണ്ട്. 

വിഎസിനെ സംബന്ധിച്ചിടത്തോളം സുദീര്‍ഘകമായ കാലത്തെ രാഷ്ട്രീയ ചരിത്രം അടിത്തറയായി കൂടെയുണ്ടായിരുന്നു. ആ ബലത്തിന് മുകളില്‍ നിന്നിട്ടും എണ്‍പത്തിമൂന്ന് വയസുവരെ അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. 1996ലെ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയം നേരിട്ടില്ലായിരുന്നുവെങ്കില്‍ എഴുപത്തിമൂന്നാം വയസില്‍ വിഎസ് മുഖ്യമന്ത്രിക്കസേരയിലെത്തുമായിരുന്നു. എന്തായാലും 2006ല്‍ അദ്ദേഹത്തിന് ആ പദവിയിലെത്താന്‍ സാധിച്ചു. 

ഇ. ശ്രീധരന് പെടുന്നനെ രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ട ആളല്ലെന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തിവരുന്നയാളാണെന്നുമെല്ലാം ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പൊതുജനത്തിന്റെ കണ്ണില്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം പുതുമുഖം തന്നെയാണ്. ഇക്കാരണം കൊണ്ടാകാം അരങ്ങേറ്റം അല്‍പം വൈകിപ്പോയി എന്ന വിമര്‍ശനമുയരുന്നതും. 

കേരളത്തിന്റെ ചരിത്രമെടുത്തുനോക്കിയാല്‍ ചെറിയ പ്രായത്തില്‍ തന്നെ മുഖ്യമന്ത്രിപദത്തിലെത്തിയിട്ടുള്ളവര്‍ വളരെ കുറവാണെന്ന് മനസിലാക്കുവാനാകും. മുപ്പത്തിയേഴാം വയസില്‍ മുഖ്യമന്ത്രിയായ എ കെ ആന്റണിയാണ് ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട പേര്. യൗവനകാലത്ത് തന്നെ സമുന്നതമായ പദവിയിലെത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് അമ്പത്തിയഞ്ചാം വയസിലും അറുപത്തിയൊന്നാം വയസിലും അദ്ദേഹം കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 

നാല്‍പത്തിയെട്ടാം വയസിലാണ് ഇഎംഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. പിന്നീട് അമ്പത്തിയെട്ടാം വയസില്‍ അദ്ദേഹത്തിന് രണ്ടാമൂഴവും ലഭിച്ചു. 

കെ കരുണാകരന്‍ ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോള്‍ അദ്ദേഹത്തിന് അമ്പത്തിയൊമ്പത് വയസായിരുന്നു പ്രായം. പിന്നീട് അറുപത്തിമൂന്നാം വയസിലും അറുപത്തിനാലാം വയസിലും എഴുത്തിമൂന്നാം വയസിലും മുഖ്യമന്ത്രിക്കസേരയിലെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 

എണ്‍പതുകളിലും മുഖ്യമന്ത്രിയായി തുടര്‍ന്ന നേതാവായിരുന്നു ഇ കെ നായനാര്‍. അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തുന്നത് തന്നെ അറുപത്തിയൊന്നാമത്തെ വയസിലാണ്. പിന്നീട് അറുപത്തിയെട്ടാം വയസിലും എഴുപത്തിയേഴാം വയസിലും അദ്ദേഹം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവുമധികം കാലം കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരുന്ന നേതാവും അദ്ദേഹം തന്നെയാണ്. 

എന്തായാലും ഏറ്റവും പ്രായമേറിയ മുഖ്യമന്ത്രി എന്ന സ്ഥാനം ഇപ്പോഴും വി എസിന് തന്നെ സ്വന്തം. ഇനി ഒരിക്കല്‍ കൂടി പിണറായി തെരഞ്ഞെടുക്കപ്പെട്ടാലും ആ റെക്കോര്‍ഡ് ഭേദിക്കാനാകില്ല. എഴുപത്തിയൊന്നാം വയസില്‍ ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയ പിണറായിക്ക്, ഇനിയൊരൂഴം കൂടി ജനം നല്‍കുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. 

അറുപത്തിയൊന്നാം വയസില്‍ മുഖ്യമന്ത്രിക്കസേര സ്വന്തമാക്കുകയും പിന്നീട് അറുപത്തിയെട്ടാം വയസില്‍ വീണ്ടുമൊരവസരം കൂടി ലഭിക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയാണ് പിണറായിക്കെതിരെയുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിമാരില്‍ ഒരാള്‍. അറുപത്തിനാലുകാരനായ രമേശ് ചെന്നിത്തലയാണ് അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. വിജയിക്കുകയും, പാര്‍ട്ടി തെരഞ്ഞെടുക്കുകയും ചെയ്യുകയാണെങ്കില്‍ ചെന്നിത്തലയുടെ കന്നിയങ്കമായിരിക്കും ഇത്.

Also Read:- മാണിയില്ലാത്ത തെരഞ്ഞെടുപ്പ്, മറ്റ് രണ്ട് പാര്‍ട്ടികള്‍ക്കും തലമുറമാറ്റം; ജയം മുഖ്യം ബിഗിലേ...