പെട്ടെന്നൊരു ദിവസം എല്ലാ മനുഷ്യരും ഉറുമ്പുകളായി മാറിയാൽ എങ്ങനെയുണ്ടാകും? വീട്ടിലും നാട്ടിലും അയൽപക്കത്തും എല്ലാവരും ഉറുമ്പുകൾ. ഈ ഉറുമ്പുകളൊക്കെ മനുഷ്യരെപ്പോലെ പുറത്ത് പോകുകയും വെള്ളം കോരുകയും സൈക്കിൾ ചവിട്ടുകയും ഓടിക്കളിക്കുകയും വർത്തമാനം പറയുകയും ഒക്കെ ചെയ്യും. അങ്ങനെയൊരു ലോകം കഥകളിലേ കാണാൻ പറ്റൂ. ‌എന്നാൽ കാണുന്ന കാഴ്ചകളെയെല്ലാം കു‍ഞ്ഞുറുമ്പുകളാക്കി ചിത്രം വരയ്ക്കുന്ന ഒരാളുണ്ട്...

പെട്ടെന്നൊരു ദിവസം എല്ലാ മനുഷ്യരും ഉറുമ്പുകളായി മാറിയാൽ എങ്ങനെയുണ്ടാകും? വീട്ടിലും നാട്ടിലും അയൽപക്കത്തും എല്ലാവരും ഉറുമ്പുകൾ. ഈ ഉറുമ്പുകളൊക്കെ മനുഷ്യരെപ്പോലെ പുറത്ത് പോകുകയും വെള്ളം കോരുകയും സൈക്കിൾ ചവിട്ടുകയും ഓടിക്കളിക്കുകയും വർത്തമാനം പറയുകയും ഒക്കെ ചെയ്യും. അങ്ങനെയൊരു ലോകം കഥകളിലേ കാണാൻ പറ്റൂ. ‌

എന്നാൽ കാണുന്ന കാഴ്ചകളെയെല്ലാം കു‍ഞ്ഞുറുമ്പുകളാക്കി ചിത്രം വരയ്ക്കുന്ന ഒരാളുണ്ട് പേര് അക്കു. അമൻ ഷസിയ അജയ് എന്ന് മുഴുവൻ പേര്. അക്കുവിന്റെ ചിത്രലോകത്ത് എല്ലാവരും ഉറുമ്പുകളാണ്. കൂട്ടുകാരും നാട്ടുകാരും കണ്ടുമുട്ടുന്നവരും ടീച്ചറമ്മയും മുഖ്യമന്ത്രിയും വരെ അക്കു വരയ്ക്കുമ്പോൾ ഉറുമ്പുകളാകുന്നു. എന്തിനാണ് ഉറുമ്പുകളെ വരയ്ക്കുന്നതെന്ന് ചോദിച്ചാൽ അക്കു പറയും, 'എനിക്ക് ഉറുമ്പുകളെ ഇഷ്ടാ, പിന്നെ അമ്മ വരയ്ക്കുന്നത് കണ്ട് വരച്ചതാ.'

നാലാമത്തെ വയസ്സു മുതലാണ് അക്കു വരച്ചു തുടങ്ങുന്നത്. പക്ഷേ ആദ്യം വരച്ചത് ഉറുമ്പുകളെയായിരുന്നില്ല. പെയിന്റിം​ഗിലായിരുന്നു ശ്രദ്ധ. അക്കു ഉറുമ്പുകളെ വരയ്ക്കാൻ തുടങ്ങിയതെങ്ങനെയെന്ന് ഷസിയ പറയുന്നു. 'ലേബർ ഇന്ത്യയിൽ ആർട്ടിസ്റ്റാണ് ഞാൻ. ബെൻ, സെൻ എന്നീ രണ്ട് ഉറുമ്പുകളുടെ കഥയുണ്ട് പാഠപുസ്തകത്തിൽ. ഒരു ദിവസം ഞാൻ ഇത് വരയ്ക്കാൻ വേണ്ടി ഇരുന്നപ്പോൾ അവനും കൂടെയിരുന്നു. ഞാൻ ഉറുമ്പിനെ വരയ്ക്കുന്നത് കണ്ടാണ് അവനും വരച്ചു തുടങ്ങിയത്.' എല്ലാവരെയും ഉറുമ്പുകളാക്കി വരയ്ക്കാമെന്ന ആശയവും അക്കുവിന്റെ സ്വന്തമാണെന്ന് ഷസിയ പറയുന്നു. 

വരകൾക്കൊപ്പമുള്ള എഴുത്തും അക്കു തന്നെയാണ്. 'ഭാഷ കുറച്ചു കൂടി മെച്ചപ്പെടുമല്ലോ എന്ന് ഞാൻ കരുതി. വരയ്ക്കൊപ്പം എഴുതാനുള്ളത് മോൻ തന്നെയാണ് കണ്ടെത്തുന്നത്. അവൻ കൂട്ടുകാരോട് സംസാരിക്കുന്നത്, എന്നോട് സംസാരിക്കുന്നത്, കാണുന്ന കാഴ്ചകൾ ഇതൊക്കെയാണ് എഴുതുന്നത്. അക്ഷരത്തെറ്റൊക്കെ ഞാൻ തിരുത്തിക്കൊടുക്കും.' ഷസിയയുടെ വാക്കുകൾ. വരച്ചു തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം വീടിന് സമീപത്തുള്ളവരെയെല്ലാം അവൻ വരച്ചു. പുഴയും വഴിയും മീനും ഒക്കെയുണ്ടായിരുന്നു. പക്ഷേ മനുഷ്യരെല്ലാം ഉറുമ്പുകളായിരുന്നു. 

'സൈക്കിളിൽ നിന്ന് വീണ് കാലിന് മുറിവു പറ്റി ഇരിക്കുന്ന സമയത്താണ് അക്കു മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുന്നത്. പത്രസമ്മേളനം വരയാക്കിയപ്പോൾ മുഖ്യമന്ത്രിയും അക്കുവും ഉറുമ്പുകളായി മാറി. 'അക്കുവുറുമ്പ്' മുറിവ് പറ്റിയ കാൽ തലയിണയിൽ കയറ്റി വച്ച് പത്രസമ്മേളനം കാണുന്നു. കണ്ണാടിയൊക്കെ വച്ചാണ് ഉറുമ്പായി മാറിയ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നത്. മുഖ്യമന്ത്രിയെ വരച്ചപ്പോ ആരോ​ഗ്യ മന്ത്രിയെക്കുടി വരച്ചാലോ എന്നായി. നിയമസഭയിൽ ടീച്ചറമ്മ ദേഷ്യപ്പെടുന്നത് വരയ്ക്കാനായിരുന്നു ശ്രമം. അത് വരയ്ക്കുന്ന സമയത്ത് എന്റെ അടുത്ത് വന്ന് പറഞ്ഞു, ചക്കൂ ഒന്ന് ദേഷ്യപ്പെട്ടേ, നോക്കട്ടെ എങ്ങനെയാന്ന് എന്ന്. ശൈലജ ടീച്ചറിനെയും ഉറുമ്പാക്കിയാണ് വരച്ചിട്ടുള്ളത്. ഉറുമ്പിന്റെ മുഖത്ത് ദേഷ്യമൊക്കെ ശരിക്ക് കാണാം.' ഷസിയ പറയുന്നു.

മന്ത്രിയെന്നാൽ അക്കൂന് എസി മൊയ്തീനാണ്. അക്കൂന്റെ ഫ്രണ്ട് കിങ്ങിണിയുടെ അപ്പൂപ്പനാണ് എസി മൊയ്തീൻ. മിഠായിയൊക്കെ കൊടുത്ത ഓർമ്മ വച്ച് എസി മോയ്തീനെയും അക്കു വരച്ചിട്ടുണ്ട്. ഒപ്പം അക്കൂം കിങ്ങിണീം കൈകോർത്ത് നിൽക്കുന്നതും കൂടിയുണ്ട്. ഭക്ഷണം കഴിച്ചതും സ്കൂളിൽ പോയതും കൂട്ടുകാരോട് മിണ്ടിയതും അടുത്ത വീട്ടിലെ ബിന്ദുചേച്ചി തേങ്ങ പൊട്ടിക്കുന്നതും ശ്രീഹരി ഫുട്ബോൾ കളിക്കുന്നതും കുഞ്ഞേച്ചി വെള്ളം കോരുന്നതും തേങ്ങ പുഴയിൽ വീഴുന്നതുമെല്ലാം അക്കൂന്റെ വരയിലുണ്ട്. സ്കൂളിലെ കൂട്ടുകാരും അക്കുവിന്റെ വരയിൽ ഉറുമ്പുകളായി. അക്കുവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ‌ അക്കു ചക്കു കഥകൾ എന്നൊരു പേജുമുണ്ട്. 

അക്കു കാണുന്നതെല്ലാമാണ് അവന്റെ ചിത്രങ്ങൾ. എത്ര സൂക്ഷ്മമായാണ് കുഞ്ഞുങ്ങൾ കാഴ്ചകളിലേക്ക് പിച്ച വെക്കുന്നതെന്ന് അറിയാൻ അക്കുവിന്റെ ചിത്രങ്ങൾ കണ്ടാൽ മതി. പ്രളയം വന്നപ്പോൾ ഈ കുഞ്ഞുകൈകൾ വരച്ച ചിത്രങ്ങൾ ദുരിതബാധിതർക്ക് കൈത്താങ്ങായി മാറിയിരുന്നു. ഇതുവരെ നാല് ചിത്രപ്രദർശനങ്ങളും അക്കുവിന്റേതായിട്ടുണ്ട്. അഞ്ചാമത്തെ വയസ്സിലായിരുന്നു ആദ്യ ചിത്രപ്രദർശനം. 'എപ്പോഴും വരയൊന്നുമില്ല, അവന് തോന്നുമ്പോൾ വരയ്ക്കും. ഇപ്പോ അവധിയായത് കൊണ്ട് ഫുൾടൈം കളിയിലാണ് ശ്രദ്ധ'. ഷസിയയുടെ വാക്കുകൾ തൃശൂർ വടക്കാഞ്ചേരി ജിജിഎൽപി സ്കൂളിലാണ് അക്കു പഠിക്കുന്നത്. അച്ഛൻ അജയകുമാറും അമ്മ ഷസിയയും മകന്റെ സന്തോഷങ്ങള്‍ക്കും വരകൾക്കും ഒപ്പം നിൽക്കുന്നുണ്ട്.