വൈറലായ വീഡിയോയില്‍ ആന്‍റണി നഗ്നപാദനായി നിന്ന് നൃത്തം ചെയ്യുകയാണ്. മഴയുണ്ട്, പക്ഷേ അതൊന്നും തന്നെ അവനെ ബാധിക്കുന്നേയില്ല. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലായത്. തെരുവില്‍ നൃത്തം ചെയ്യുന്ന ഒരു നൈജീരിയന്‍ ബാലനായിരുന്നു വീഡിയോയില്‍. പതിനൊന്നു വയസ് മാത്രം പ്രായമുള്ള ആന്റണി മെമെസോമ മഡുവിന്‍റെ ബല്ലറ്റ് ഡാന്‍സ് കണ്ടതും ഷെയര്‍ ചെയ്‍തതും ലോകത്തിന്‍റെ പല ഭാഗത്ത് നിന്നായി പതിനായിരക്കണക്കിന് പേരാണ്. ഇപ്പോഴിതാ അവന്‍റെ കഴിവ് തിരിച്ചറിഞ്ഞ് അമേരിക്കന്‍ ബാലെ തിയേറ്റര്‍ അവന് ഒരു സ്‍കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നു. 

View post on Instagram

വൈറലായ വീഡിയോയില്‍ ആന്‍റണി നഗ്നപാദനായി നിന്ന് നൃത്തം ചെയ്യുകയാണ്. മഴയുണ്ട്, പക്ഷേ അതൊന്നും തന്നെ അവനെ ബാധിക്കുന്നേയില്ല. മഴയെ സംഗീതം പോലെ ആസ്വദിച്ചാണ് അവനാ നൃത്തം ചെയ്യുന്നത് എന്ന് തോന്നും കണ്ടാല്‍. ഹോളിവുഡ് നടനായ വോയില ഡേവിസ് അടക്കം നിരവധിപ്പേരാണ് വീഡിയോ ഷെയര്‍ ചെയ്‍തതും ആന്‍റണിയെ അഭിനന്ദിച്ചതും. 

ന്യൂയോർക്കിലെ ജാക്വലിൻ കെന്നഡി ഒനാസിസ് സ്‍കൂൾ ഓഫ് ഡാൻസിലെ അമേരിക്കൻ ബാലെ തിയേറ്ററിന്റെ (എബിടി) ആർട്ടിസ്റ്റിക് ഡയറക്ടറായ സിന്തിയ ഹാർവെയെയും വീഡിയോ ആകര്‍ഷിച്ചു. 'ന്യൂയോര്‍ക്കില്‍ താമസിക്കുന്ന എന്‍റെ ഒരു സുഹൃത്താണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത്.' ഒറ്റദിവസം കൊണ്ടുതന്നെ അവനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഞാന്‍ തുടങ്ങിയിരുന്നു എന്നാണ് സിന്തിയ പറഞ്ഞത്. 

പതിയെ സിന്തിയ ആ കുട്ടിയെയും അവന്‍റെ അധ്യാപകനായ ഡാനിയേല്‍ അജല ഒവോസെനിയെയും കണ്ടെത്തി. പതിനൊന്നുകാരനായ ആന്‍റണിക്ക് ഒരു സ്കോളര്‍ഷിപ്പ് ഇപ്പോള്‍ സിന്തിയയും അക്കാദമിയും വാഗ്ദ്ധാനം ചെയ്‍തിരിക്കുകയാണ്. അതുവഴി എബിടി യുടെ വെര്‍ച്ച്വല്‍ യംഗ് ഡാന്‍സ് സമ്മര്‍ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാം. അടുത്ത വര്‍ഷം അവന് സ്‍കോളര്‍ഷിപ്പോടെ യു എസ്സില്‍ എത്തി ബല്ലറ്റ് പരിശീലിക്കുകയും ചെയ്യാം. ആന്‍റണിയുടെ മൂന്ന് ആഴ്‍ചക്കാലം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് പുറമെ അവന്‍റെ അധ്യാപകന്‍ ഡാനിയേലിന് രണ്ടാഴ്‍ചത്തെ അഡ്വാന്‍സ് ട്രെയിനിംഗ് കോഴ്‍സും നല്‍കും. മറ്റ് വിദ്യാര്‍ത്ഥികളെ കൂടി മികച്ച രീതിയില്‍ പരിശീലിപ്പിക്കുന്നതിനായിട്ടാണ് ഇത്. 

View post on Instagram

ബിബിസി ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍റണി ലാഗോസിലെ ലീപ് സ്‍കൂള്‍ ഓഫ് ഡാന്‍സിലെ 12 വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്. 2017 -ല്‍ തുടങ്ങിയ അക്കാദമി ഡാനിയേലിന്‍റെ സ്വപ്‍നപദ്ധതി തന്നെയാണ്. 'ആന്‍റണി വലിയ അര്‍പ്പണമനോഭാവമുള്ള കുട്ടിയാണ്. ആദ്യ ദിവസം കൃത്യമായി കോംപിനേഷന്‍ മനസിലാക്കാനാവാത്തതിനാല്‍ ക്ലാസില്‍ കരഞ്ഞ കുട്ടിയാണെന്നും വളരെ പെട്ടെന്ന് തന്നെ അവന്‍ പാഠങ്ങള്‍ പഠിച്ചെടുത്തുവെന്നും അവനില്‍ വലിയ പ്രതീക്ഷയുണ്ട്' എന്നും അധ്യാപകന്‍ ആന്‍റണിയെ കുറിച്ച് പ്രതികരിച്ചു. 

എബിടി അക്കാദമി ആന്‍റണിക്ക് സ്‍കോളര്‍ഷിപ്പിന് പുറമെ ഇന്‍റര്‍നെറ്റ് സംവിധാനവും ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. അതുവഴി ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകളുപയോഗിച്ച് അവന്‍റെ പരിശീലനം മെച്ചപ്പെടുത്താമെന്നതിനാലാണിത്. 'ഞാന്‍ ഡാന്‍സ് ചെയ്യുന്നത് കാണുമ്പോള്‍ എന്‍റെ കൂട്ടുകാര്‍ ഇവനിതെന്താണ് ചെയ്യുന്നത്? ഒരു വിദേശ ഡാന്‍സാണോ അവന്‍ ചെയ്യുന്നത് എന്നെല്ലാം ചോദിക്കാറുണ്ട്. ഇപ്പോഴെനിക്ക് യു എസ്സില്‍ പോവാനും പരിശീലിക്കാനും ഒരുവസരം കിട്ടിയിരിക്കുന്നു. എനിക്ക് വിമാനത്തില്‍ കയറാം. ഇതാണ് ഞാന്‍ കാത്തിരുന്നത്. ബല്ലറ്റ് എനിക്കുവേണ്ടി അത് ചെയ്‍തു തന്നു' എന്നും ആന്‍റണി പറഞ്ഞു. 

ഏതായാലും ആന്‍റണിയുടെ സ്വപ്‍നങ്ങള്‍ക്ക് ചിറകുവച്ചിരിക്കുകയാണ് ഒറ്റ വൈറല്‍ വീഡിയോയിലൂടെ.