Asianet News MalayalamAsianet News Malayalam

മോൻസൻ മാവുങ്കലിനെപ്പോലൊരു തട്ടിപ്പുകാരൻ? കലാസൃഷ്ടികൾ വിറ്റത് ​സ്വന്തം വംശം തന്നെ തിരുത്തിപ്പറഞ്ഞ്...

ഒടുവിൽ, ഫെഡറൽ ഓഫീസർമാർ 2019 ഡിസംബർ 19 -ന് റാത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തി, ഉപകരണങ്ങൾ, ജോലിക്കുള്ള വിൽപ്പന രസീതുകൾ, സംരക്ഷിത പക്ഷികളിൽ നിന്നുള്ള തൂവലുകൾ എന്നിവ പിടിച്ചെടുത്തു. 

artist faked his heritage as San Carlos Apache tribe and sold his art works
Author
Washington D.C., First Published Nov 29, 2021, 11:23 AM IST

തട്ടിപ്പുകൾ പലതരത്തിലുണ്ട്. ജനങ്ങളിൽ പലരും അറിയാതെ ആ തട്ടിപ്പിൽ വീണുപോകാറുമുണ്ട്. അടുത്തിടെ നാം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായിരുന്നു മോൻസൺ മാവുങ്കൽ(Monson Mavunkal) നടത്തിയ പുരാവസ്തു തട്ടിപ്പുകൾ. അങ്ങ് വാഷിം​ഗ്‍ടൺ സ്റ്റേറ്റിലും അതുപോലെ ഒരാൾക്കെതിരെ തട്ടിപ്പിന് കേസെടുത്തിരിക്കുകയാണ്. അയാൾ ഒരു കലാകാരനാണ്. എന്നാൽ, ​ഗോത്രവർ​ഗത്തിൽ പെട്ട കലാകാരനാണ് എന്ന് കള്ളം ചമച്ചായിരുന്നു തന്റെ കലാസൃഷ്ടികൾ വൻവിലയ്ക്ക് വിറ്റുകൊണ്ടിരുന്നത്. ഒടുവിൽ ഫെഡറൽ ഏജന്റുമാർ അയാളെ കുടുക്കുക തന്നെ ചെയ്‍തു. 

സാൻ കാർലോസ് അപ്പാച്ചെ ഗോത്ര(san carlos apache tribe)ത്തിലെ അംഗമാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ മരത്തിലുള്ള ആർട്ട് പീസുകൾ വിലകൂട്ടി വിൽക്കാൻ വേണ്ടി ശ്രമിച്ചതിന് എതിരെയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 52 -കാരനായ ലൂയിസ് ആന്റണി റാത്ത്(Lewis Anthony Rath), തടിയിലുള്ള കൊത്തുപണികളും വലിയ തടി ടോട്ടം തൂണുകളും നിർമ്മിക്കുന്ന ഒരു കലാകാരനായി പ്രവർത്തിക്കുകയായിരുന്നു. അവ അപ്പാച്ചെ ​ഗോത്രത്തിൽ പെട്ട താൻ നിർമ്മിച്ചതാണെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്.

ആധികാരികമായ തദ്ദേശീയ അമേരിക്കൻ കൊത്തുപണികളാണ് അവന്‍റെ കയ്യിലുള്ളത് എന്നും അതാണ് തങ്ങള്‍ വാങ്ങുന്നത് എന്നും വിശ്വസിക്കാൻ റാത്ത് കളക്ടർമാരെ പ്രേരിപ്പിക്കുകയും ചെയ്‍തു. വാസ്തവത്തില്‍ അയാള്‍ക്ക് മെക്സിക്കന്‍ വംശീയ പാരമ്പര്യമാണുള്ളത്. 'അപ്പാച്ചെ, മെക്‌സിക്കൻ, മായൻ', 'അപ്പാച്ചെ, മായൻ' എന്നീ പേരുകളിൽ റാത്ത് സ്വയം വിശേഷിപ്പിച്ചിരുന്നതായി വാങ്ങുന്നവർ തങ്ങളോട് പറഞ്ഞതായി ഫെഡറൽ ഏജന്റുമാർ അവകാശപ്പെടുന്നു. 

യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസിലെ ഏജന്റുമാരോട് റാത്ത് പറഞ്ഞു, 'ചില ഇന്ത്യൻ രക്തബന്ധങ്ങൾ തനിക്ക് ഉണ്ട്. അത് അപ്പാച്ചെ ആയിരിക്കാം എന്ന് അമ്മ തന്നോട് പറഞ്ഞു. എന്നിരുന്നാലും, ഡിഎൻഎ പരിശോധനയിലൂടെ തനിക്ക് മെക്സിക്കോയിൽ നിന്നുള്ള മായൻ വംശജരുമായി ബന്ധമുണ്ടെന്ന് പിന്നീട് കണ്ടെത്തിയതായും അയാൾ വിശദീകരിച്ചു' ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 

തൽഫലമായി, വാഷിംഗ്ടൺ സ്റ്റേറ്റ് ആസ്ഥാനമായുള്ള ആർട്ടിസ്റ്റിനെതിരെ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ ഉൽപ്പന്നങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ചതിന് മൂന്ന് കേസുകളും ഗോള്‍ഡന്‍ ഈഗിള്‍ അടക്കമുള്ള പക്ഷികളുടെ തൂവലുകൾ ഉൾപ്പെടെ ദേശാടന പക്ഷികളുടെ ഭാഗങ്ങൾ നിയമവിരുദ്ധമായി കൈവശം വച്ചതിന് രണ്ട് കേസുകളുമാണ് ഉള്ളത്. 

ഉയർന്ന കുറ്റത്തിന് ചുമത്താവുന്ന പരമാവധി ശിക്ഷ അഞ്ച് വർഷം തടവാണ്. ഇന്ത്യൻ ഉൽപ്പാദിപ്പിച്ച എന്ന് പറഞ്ഞ് കൊത്തുപണികൾ വിൽക്കുകയും സാൻ കാർലോസ് അപ്പാച്ചെ പൈതൃകത്തിൽ പെട്ടവനാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന റാത്തിനെ കുറിച്ച് ആഭ്യന്തര വകുപ്പിന് (DOI) പരാതി ലഭിച്ചതിനെത്തുടർന്ന് 2018 ജൂലൈയിലാണ് ഫെഡറല്‍ ഏജന്‍റുമാര്‍ ഇയാളെ കുറിച്ച് മനസിലാക്കുന്നത്. 

സാൻ കാർലോസ് അപ്പാച്ചെ ട്രൈബൽ എൻറോൾമെന്റ് ഡിപ്പാർട്ട്മെന്റ്, റാത്തിന് അംഗത്വമില്ലെന്ന് ഫെഡറൽ ഏജന്റുമാരോട് സ്ഥിരീകരിച്ചു. തുടർന്നുള്ള വർഷം, സിയാറ്റിലിലെ ഒരു ആർട്ട് ഗാലറിയിൽ നിന്ന് ഏജന്റുമാർ ഒരു ടോട്ടം പോളും നെക്ലേസും വാങ്ങി, ഇവ രണ്ടും റാത്തിന്റെ സൃഷ്ടികളായിരുന്നു. ഫെയ്‌സ്ബുക്കിലൂടെ ഫെഡറൽ ഏജന്റുമാർ റാത്തുമായി നേരിട്ട് ബന്ധപ്പെടുകയും $1,200 ന് രണ്ട് ടോട്ടം പോളുകൾ ഓർഡർ നൽകുകയും ചെയ്തു. 

പ്രാരംഭ ചർച്ചകളിൽ അയാൾ സ്വയം 'സാൻ കാർലോസ് അപ്പാച്ചെ' എന്ന് വിശേഷിപ്പിച്ചതായി അവർ അവകാശപ്പെടുന്നു. ഒടുവിൽ, ഫെഡറൽ ഓഫീസർമാർ 2019 ഡിസംബർ 19 -ന് റാത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തി, ഉപകരണങ്ങൾ, ജോലിക്കുള്ള വിൽപ്പന രസീതുകൾ, സംരക്ഷിത പക്ഷികളിൽ നിന്നുള്ള തൂവലുകൾ എന്നിവ പിടിച്ചെടുത്തു. 

പ്രാഥമിക ചോദ്യം ചെയ്യലിനിടെ, താൻ സാൻ കാർലോസ് അപ്പാച്ചെ ഗോത്രത്തിൽ പെട്ടയാളാണെന്ന് വാങ്ങുന്നവരോട് പറയാറുണ്ട് എന്നത് റാത്ത് നിഷേധിച്ചു. എന്നാൽ, ഡിഎൻഎ പരിശോധനയിൽ തന്റെ മായൻ പശ്ചാത്തലം വിവരിച്ചതായി പിന്നീട് സമ്മതിച്ചു. 1990 -ലെ ഇന്ത്യൻ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് ആക്ട് വ്യാജ അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിയമവിരുദ്ധമാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios