Asianet News MalayalamAsianet News Malayalam

33 വര്‍ഷം മുമ്പ് ക്രഷ് തോന്നിയൊരു മുഖം ഇപ്പോള്‍ എങ്ങനെയുണ്ടാവും?

ആ ഫോട്ടോയുടെ കഥ. ആന്‍സി ജോണ്‍ എഴുതുന്നു

behind the photo by Ancy John
Author
Thiruvananthapuram, First Published Oct 29, 2020, 2:09 PM IST

ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്. 

 

behind the photo by Ancy John

 

ഒരുപാടുപേരുടെ സ്വപ്നങ്ങളില്‍ മഴവില്ലുപോലെ നിറപ്പകിട്ടാര്‍ന്ന കാലമാവണം പ്രീഡിഗ്രി പഠനകാലം. സ്വാതന്ത്ര്യമില്ലാതിരുന്ന സ്‌കൂള്‍ കാലഘട്ടത്തില്‍നിന്ന് സ്വതന്ത്രമായൊരു വിശാല ലോകത്തിലേക്കുള്ള കാല്‍വെപ്പ്. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയാതുരമായ മധുരസ്മരണകള്‍ പേറുന്ന ആളുകളാവും ഒട്ടുമിക്കവരും. വര്‍ണ്ണശബളമായ കലോത്സവങ്ങളുടെയും കലുഷിതമായ സമരദിനങ്ങളുടെയും ജീവസ്സുറ്റ ചിത്രങ്ങള്‍ മനസ്സില്‍ കോറിയിട്ടവര്‍. 

ആല്‍ബത്തിന്റെ ഇതളുകള്‍ മറിച്ച്, നരച്ചുതുടങ്ങിയ പടങ്ങളില്‍നോക്കി ഊഷ്മളമായ ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ അഭിരമിക്കുന്നവര്‍.

തണല്‍വിരിച്ചു നിന്ന മരച്ചോട്ടിലിരുന്നു നടത്തിയ പ്രണയസല്ലാപങ്ങളും ടെസ്റ്റ്ബുക്കില്‍ ഒളിപ്പിച്ചുവച്ച ലവ് ലെറ്ററുളിലും നോട്ടുബുക്കിന്റെ അവസാനതാളിലും എഴുതിവച്ച വാചകങ്ങളോര്‍ത്ത് ഊറിച്ചിരിക്കുന്നവര്‍.

എന്നാല്‍ ഓര്‍മ്മകളില്‍പ്പോലും ഒട്ടും വെളിച്ചം വീശാത്ത ദിനങ്ങളാണ് അവയെനിക്ക്. 

വിളിക്കാത്ത സദ്യക്ക് പോയിട്ട്, ഭക്ഷണം കിട്ടുന്ന ക്യൂവിന്റെ ഒരറ്റത്തുനില്‍ക്കുമ്പോള്‍ ചെക്കന്റെ വീട്ടുകാര്‍ തോളത്തുതട്ടി 'നീയെന്താ ഇവിടെ ... ?' 'എന്നു ചോദിച്ചാല്‍' 
'' പെണ്ണിന്റെ വകയിലുള്ള വലിയമ്മാവന്റെ മൂത്തമോന്റെ ഭാര്യേടെ അനിയത്തിയുടെ ....' എന്നു മറുപടി പറയും. പെണ്‍വീട്ടുകാര്‍ ചോദിച്ചാല്‍, ചെക്കന്റെ വീട്ടുകാരുമായിട്ടുള്ള മുള്ളിത്തെറിച്ച ബന്ധത്തിന്റെ കണക്കു പറയും. 
 
അത്തരമൊരു മാനസികാവസ്ഥയില്‍ എപ്പോഴെങ്കിലും പിടിക്കപ്പെട്ട് നാണം കെട്ടുനില്‍ക്കേണ്ടിവരുമല്ലോ എന്ന സന്ദേഹത്താല്‍ എല്ലാവരില്‍നിന്നും വേറിട്ട്  ഉഴറിനടന്നൊരു കാലം. ഇതില്‍ കൂടുതലായൊരു വിശേഷണം പറയാന്‍ പറ്റണില്ല..

കാലം തേച്ചുമായ്ച്ചുകളഞ്ഞ ആ ദിവസങ്ങള്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഓര്‍മ്മയിലെത്തിക്കുകയാണ് അന്നത്തെ സഹപാഠികള്‍.

1986-87 ബാച്ചിന്റെ വാട്‌സാപ്പ് ഗ്രൂപ്പ്. കഴിഞ്ഞ ദിവസം ആ ഗ്രൂപ്പില്‍ എന്നെയും ഉള്‍പ്പെടുത്തി. വേറാരുമല്ലാ, വെവ്വേറെ ക്‌ളാസ്സുകളിലാണേലും അതേവര്‍ഷം അവിടെപ്പഠിച്ച എന്റെയൊരു നാത്തൂന്‍ .. ചങ്ങാതി 'നാത്തൂന്‍പോരിന്' ഡോക്ടറേറ്റ് എടുത്തിട്ടുണ്ടാവാന്‍ ചാന്‍സുണ്ട് .  ഗ്രൂപ്പില്‍ ചേര്‍ക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നുപറയാന്‍ ഒട്ടും മടിതോന്നിയില്ല. ഒരിക്കലും ഓര്‍മ്മകളിലില്ലാത്ത കാര്യം എന്തിനോര്‍ക്കണം. 

 

behind the photo by Ancy John

 

പക്ഷേ പുള്ളിക്കാരി അന്നത്തെ ഗ്രൂപ്പ് ഫോട്ടോയുടെ ഒരു പകുതി വാട്‌സ്ആപ്പില്‍ അയച്ചപ്പോള്‍  കുറച്ചേറെനേരം നോക്കിയിരുന്നു. ഞാനുള്ള ഭാഗമൊന്നുമില്ല. എങ്കിലും രണ്ടുവര്‍ഷക്കാലം ഒരേ ക്ളാസ്സിലിരുന്നു പഠിച്ചവര്‍. കുറച്ചുപേരുടെ മുഖങ്ങള്‍ ഓര്‍മ്മയിലെത്തി. ഒട്ടുമിക്കവരുടെയും പേരുകള്‍ തിരിച്ചെടുക്കാനാവാത്തവിധം  ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോയിരിക്കുന്നു.  അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ നോക്കി  ഇംഗ്ലീഷ് ആക്‌സെന്റില്‍ മോളി ടീച്ചര്‍ ഓരോരുത്തരുടെയും പേരുവിളിക്കുന്നത്  ചെറിയൊരു എക്കോ പോലെ വീണ്ടും കേള്‍ക്കാനായി.  അവരൊക്കെ എവിടെയാണിപ്പോള്‍ എന്നറിയാന്‍ ഒരു മോഹം എവിടെനിന്നോ ഒളിഞ്ഞുനോക്കുന്നു. മടിച്ചുമടിച്ചാണെങ്കിലും നാത്തൂനോട് യെസ്... എന്നെയും ചേര്‍ത്തോളൂ എന്നായി. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള,  നരച്ചുതുടങ്ങിയ ആ  ഗ്രൂപ്പ്‌ഫോട്ടോയുടെ  മുറിക്കഷണമാണ് എന്റെ തീരുമാനത്തെ മാറ്റിമറിച്ചത് എന്ന് നിസ്സംശയം പറയാം. 

രണ്ടുകൊല്ലം ഒരേ ക്‌ളാസ്സിലിരുന്നിട്ടും ഒരിക്കല്‍പ്പോലും മിണ്ടാത്തവരോട് ഒട്ടും ഊഷ്മളത ചോരാതെ മണിക്കൂറുകളോളം സംസാരിക്കാനായി. നീ വന്നതില്‍പ്പിന്നെ ഉറക്കം തൂങ്ങിയിരുന്ന ഗ്രൂപ്പ് സജീവമായി എന്നുകേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.  50-ലധികം ആളുകളുള്ള ഗ്രൂപ്പില്‍ നിന്ന് എന്നെക്കൂടാതെ രണ്ടുപേര്‍കൂടി ഇപ്പോള്‍ ബാംഗ്ലൂരില്‍ ഉണ്ട്.   കുറച്ചുപേര്‍ വിദേശത്ത്.  ഒട്ടുമിക്കവരും വയനാട്ടിലും കേരളത്തിന്റെ മറ്റുഭാഗങ്ങളിലുമായുണ്ട്.  പലവിധ പ്രൊഫഷനിലുള്ളവര്‍.  കൂടുതലും അധ്യാപകര്‍.

''സെന്റ്‌മേരീസ് കോളജ്, സുല്‍ത്താന്‍ ബത്തേരി'

ഓര്‍മ്മയിലേക്ക് ചോദിക്കാതെ തന്നെ ഇടിച്ചുകേറിവരുന്നത് ക്‌ളാസ്‌റൂമില്‍ നിന്നും വരാന്തയിലേക്ക് 'പറന്നുപോകുന്ന' എന്റെ ട്രിഗണോമെട്രിയുടെ നോട്ടുബുക്കാണ്.

ഒരു ഫിനിക്‌സ് പക്ഷിയുടെ പതനം! അതാണ് ഞാന്‍ കണ്ടുകൊണ്ട് നിന്നത് .

 

behind the photo by Ancy John

'സെന്റ്‌മേരീസ് കോളജ്, സുല്‍ത്താന്‍ ബത്തേരി

മൂന്നുദിവസത്തെ കഠിനപ്രയത്‌നത്തിനുശേഷം കൃത്യമായി ഉത്തരം കിട്ടിയ ഹോംവര്‍ക്ക്  കോപ്പിയടിച്ചതാണെന്ന ആരോപണത്താലാണ് വരാന്തയിലേക്ക് പറക്കുന്നത്..   

പറന്നുപറന്നു തളര്‍ന്നുവീണ നോട്ടുബുക്കിനെയും  ഉള്ളില്‍ കരയുകയാണെങ്കിലും  ഇത്തിരിപോലും പുറത്തുകാണിക്കാതെ നിര്‍വികാര ഭാവത്തില്‍ നില്‍ക്കുന്ന എന്നെയും മാറിമാറി നോക്കിയിരിക്കുന്ന എണ്‍പത്തഞ്ചിലധികം ജോഡി കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാനായത്. 

ഒപ്പം പറന്നുപോയത്, ട്രിഗണോമെട്രി എന്ന വിഷയം മാത്രമല്ലാ,  ഏറെ  മനോഹരമാക്കണമെന്നുകരുതിയ രണ്ടുവര്‍ഷങ്ങള്‍ കൂടിയാണ്. 

സമാനമായ അനുഭവകഥകള്‍ ഒന്നുരണ്ടുപേര്‍കൂടി പറഞ്ഞറിഞ്ഞു..

ക്ലാസ് മലയാളത്തില്‍ക്കൂടി പറഞ്ഞു തരണമെന്നു പറഞ്ഞപ്പോള്‍...

'നീ എവിടെ നിന്നാ വരുന്നത്?'

'പുല്‍പ്പള്ളി'

'നീ ... ഈ ക്ലാസിലിരിക്കുന്നതിലും നല്ലത് പോയി കുരുമുളക് പറിയ്ക്കുന്നതാ'

മറ്റൊരു സുഹൃത്തിന്റെ അനുഭവം ...

ഇംഗ്ലീഷിലുള്ള ചോദ്യം മനസ്സിലാകാതെ വന്നതിന് ടീച്ചര്‍ ഗെറ്റ് ഔട്ട് അടിച്ചു. പേടികാരണം ക്ളാസില്‍ നിന്നിറങ്ങാതെ നിന്നതിനാല്‍, ടീച്ചര്‍ തന്നെ ക്ലാസില്‍നിന്നിറങ്ങിപ്പോയി പ്രിന്‍സിപ്പലിനു പരാതി കംപ്ലൈന്റ്‌റ് കൊടുത്തു. അഹങ്കാരിയായതിനാല്‍ വീട്ടില്‍ നിന്ന് അച്ഛനെ വിളിച്ചുകൊണ്ടുവന്നിട്ട് ക്ലാസില്‍ കേറിയാല്‍ മതിയെന്ന് പ്രിന്‍സിപ്പലും.

പത്തുവരെ 'മിടുക്കന്‍' എന്നുമാത്രം അധ്യാപകരും വീട്ടുകാരും നാട്ടുകാരും പറഞ്ഞിരുന്ന അവന് താങ്ങാവുന്നതിലും അധികമായ അധിക്ഷേപമാണ് പ്രിന്‍സിപ്പലില്‍ നിന്നും കിട്ടിയത്.

മകന്റെ സല്‍സ്വഭാവത്തിനും പഠിപ്പിലുള്ള മികവിനും  അധ്യാപകരില്‍നിന്ന് അഭിനന്ദനം മാത്രംകിട്ടിയ സാദാ കൃഷിക്കാരനായ അച്ഛന്റെ കണ്ണില്‍ നിന്നടര്‍ന്നുവീണ കണ്ണീര്‍ത്തുള്ളികള്‍ കണ്ടതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷം എന്നു പറയുമ്പോള്‍ മുപ്പത്തിമൂന്നു വര്ഷത്തിനു ശേഷവും അവന്റെ കണ്ഠമിടറി.

പ്രിന്‍സിപ്പലിന്റെ മുറിയില്‍നിന്നിറങ്ങിയ അച്ഛന്‍ അവനെ ചേര്‍ത്തുപിടിച്ച്, 'സാരമില്ലടാ... നിനക്കിനിയും പറ്റും' എന്നുപറഞ്ഞു ആത്മവിശ്വാസം കൊടുത്തെങ്കിലും, ജസ്റ്റ് പാസ് മാര്‍ക്ക് മാത്രമേ കിട്ടിയുള്ളൂ. ഒരുവര്‍ഷത്തോളം ഒരു കോളേജിലും ചേരാനാകാതെ വീട്ടിലിരുന്നു. പിന്നീട ചേര്‍ന്ന ഡിപ്ലോമക്ക് നാലാം റാങ്ക് വാങ്ങിയാണ് അവന്‍ കോഴ്‌സു പൂര്‍ത്തിയാക്കിയത്. അവിടത്തെ അധ്യാപകരുടെ സ്നേഹമാണ് അതിനു പ്രാപ്തനാക്കിയതെന്ന് അഭിമാനപൂര്‍വം അവന്‍ പറഞ്ഞുനിര്‍ത്തി.

വേറൊരു സുഹൃത്തിന്റെ തമാശ കലര്‍ന്ന സംസാരം:

എടോ, ഒന്നര വര്‍ഷത്തിനുശേഷമാ ടീച്ചര്‍ 'ഈസിക്ലിയാ' എന്ന് ചോദിക്കുന്നതിന്റെ ഗുട്ടന്‍സ് 'ഈസ് ഇറ്റ് ക്ലിയര്‍?' എന്നാണെന്ന് പിടികിട്ടിയത് .

അവനവന്റെ സ്‌കൂളില്‍ അത്യാവശ്യം പഠിപ്പിസ്റ്റുകള്‍ എന്നുപേരുകേട്ട കുട്ടികളായിരുന്നു ഞങ്ങളുടെ ക്ളാസിലെ ഒട്ടുമിക്കവരും. എങ്കിലും ട്യൂഷന് പോകാന്‍ പറ്റാതിരുന്ന മലയാളം മീഡിയത്തില്‍ നിന്നുവന്നവര്‍ നക്ഷത്രമെണ്ണി കഴിഞ്ഞുകൂട്ടി. 

അധ്യാപകരുടെ 'സ്റ്റാര്‍ കിഡ്സും' ഇംഗ്ലീഷ് മീഡിയങ്ങളില്‍ പഠിച്ചവരുടെ ഹാഷ് പോഷ് സ്‌റ്റൈലും. പുറത്തുകാണിച്ചില്ലെങ്കിലും ഒരിക്കലും അവര്‍ക്കിടയില്‍ ഫിറ്റ് ആവില്ലാ എന്നൊരു തോന്നല്‍ എനിക്കെന്നുമുണ്ടായിരുന്നു. 

വീട്ടുകാര്‍ക്കുമുന്നില്‍ കടമ നിര്‍വ്വഹിക്കാന്‍വേണ്ടി മാത്രം കോളേജ് ബസ് മിസാകാതെ നോക്കി.  വളരെ കാഷ്വല്‍ ആയിപറഞ്ഞാല്‍: 'ദാ .. വന്നു, ദാ ..പോയി !'

ഒട്ടുമിക്ക കുട്ടികളും ട്യൂഷന് പോകുന്നുണ്ടാരുന്നു. ട്യൂഷന്‍ എന്ന കലാപരിപാടി നമ്മടെ വീട്ടില്‍ വിലപ്പോവില്ല  ഏലിയാമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍: 'വേറാരും പറഞ്ഞുതരാനില്ലാത്തതോണ്ട് ക്‌ളാസില്‍ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചു കേട്ട് മനസ്സിലാക്കിയാല്‍ അവനവനുകൊള്ളാം.' 

'സംശയമുള്ളത് അധ്യാപകരോട് തന്നെ ചോദിച്ചു മനസ്സിലാക്കണം. അതല്ലാതെ ട്യൂഷന്‍ എന്നൊന്നും പറഞ്ഞു ഇങ്ങോട്ടുവരേണ്ട, ആറുപേരേയും എനിക്ക് പഠിപ്പിക്കണം..' 

മൈക്രോസ്‌കോപ്പ് വച്ചുനോക്കിയാല്‍പ്പോലും ഏലിയാമ്മയുടെ ഡിക്ഷനറിയില്‍ നിന്ന് ചില വാക്കുകളെ കണ്ടെത്താനാവില്ല... ഉദാഹരണം പറഞ്ഞാല്‍, ട്യൂഷന്‍, എക്‌സ്‌കേര്‍ഷന്‍, സിനിമ, പിക്‌നിക്, റീ-വാലുവേഷന്‍.  

ഏലിയാമ്മക്ക് ചിലകാര്യങ്ങളില്‍ പോക്കിരി രാജയോട് സാമ്യമുണ്ട്. ''രാജ സെയ്യര്ത് താന് സൊല്വാ, സൊല്ലരുത് മട്ടുംതാന് സെയ്വാ...'

ആ സുപ്രീം കോര്‍ട്ടില്‍ ഒരു അപ്പീലും നടക്കില്ല!

പറഞ്ഞിട്ടു കാര്യമില്ല, ഏലിയാമ്മയുടെ പറമ്പിലെ തെക്കേ കോണിലുള്ള പണം കായ്ക്കുന്ന മരം പൂവിട്ടിട്ട് കുറച്ചേറെക്കാലമായി. എങ്കിലും തോറ്റുകൊടുക്കുക എന്നത് ഈഗോയെ തട്ടുന്ന കാര്യമായതിനാല്‍ കുറച്ചൊക്കെ വാശി ഉള്ളിലുണ്ടായിരുന്നു. അതുകൊണ്ട് ട്രിഗണോമെട്രിയെ പുച്ഛിച്ചുതള്ളി. മനസ്സിലായ വിഷയങ്ങള്‍ മാത്രം കൂടുതലായി പഠിച്ചു. ഒട്ടാകെ  കിട്ടുന്ന മാര്‍ക്കുകൊണ്ട് രക്ഷപെട്ടാലോ. കിട്ടിയാല്‍ ഊട്ടി. 

രണ്ടുകൊല്ലം പറന്നുപോയി .

റിസള്‍ട്ട് വന്ന ദിവസം, നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചിട്ട ജയിച്ചവരുടെ ലിസ്റ്റില്‍ എന്റെ പേരും കണ്ടപ്പോ സന്തോഷവും സന്ദേഹവും ഒരുമിച്ചുവന്നു. ഇനി വേറെ ഏതേലും ആന്‍സി ജോണ്‍ ഇവിടെ പഠിക്കുന്നുണ്ടോ. ഹാള്‍ ടിക്കറ്റിലെ നമ്പര്‍ ഒരിക്കല്‍ക്കൂടി ഒത്തുനോക്കി ജയം ഉറപ്പിച്ചു. എന്നേക്കൂടാതെ ഐസക് സാറിനും അതെ സംശയം:'ഡേയ്, അക്കരയാണോ ...ഇക്കരെയാണോ ...?'

അകലെനിന്നേ വിളിച്ചു ചോദിച്ച സാറിനോട് 'അക്കരത്തത്തെന്നെയാണ് സാര്‍ ...!' എന്ന് ആംഗ്യഭാഷയില്‍ ഉത്തരം കൊടുത്തതിന് ആംഗ്യഭാഷയില്‍ത്തന്നെ മറുപടികിട്ടി. ആ സിക്‌സര്‍ അടിക്കല്‍ അവിടെയുണ്ടാരുന്ന എല്ലാരേം ചിരിപ്പിച്ചു. 
 
രണ്ടുവര്‍ഷം എന്നെ പഠിപ്പിച്ചവരില്‍ എനിക്കിഷ്ടമുണ്ടായിരുന്നത് കെമിസ്ട്രി നര്‍മ്മത്തില്‍ ചാലിച്ചു പഠിപ്പിച്ച ഐസക് സാറിനോട് മാത്രമാണ്. ക്‌ളാസിനു പുറത്തുവച്ചുകാണുമ്പോ 'എന്താ ഡോക്ടറമ്മേ സുഖമല്ലേ... ?' എന്നൊരു ചോദ്യം സാറൊരിക്കലും മറക്കാറില്ല.

ആ ചോദ്യത്തില്‍ തെളിഞ്ഞുവരണത് എന്റെ ഹാന്‍ഡ് റൈറ്റിങ്ങിന്റെ സൗന്ദര്യരഹസ്യം. 'ഈ കൈപ്പടകൊണ്ട് നിന്റെ ഭാവി കോഞ്ഞാട്ടയാകും' പലവട്ടം പറഞ്ഞിട്ടുണ്ട് അദ്ദേഹം..

അത് സത്യമായിരുന്നു.... ജസ്റ്റ് പാസ്. എസ് എസ് എല്‍ സിക്ക് 600 മാര്‍ക്കില്‍ കിട്ടിയതിന്റെ അത്രപോലും 1200 -ല്‍ കണക്കാക്കുന്ന പ്രീ - ഡിഗ്രിക്ക് കിട്ടിയില്ല.

നല്ലതുപോലെ എഴുതി എന്നുറപ്പുള്ള വിഷയങ്ങള്‍ക്കുപോലും പ്രതീക്ഷിച്ചതിന്റെ പകുതിപോലുമില്ല.  ഇപ്പോഴതൊക്കെ ചിരിച്ചുതള്ളാനാവുണ്ട്.  ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ സംഭവിച്ചാലും ഒരു കാര്യം ഉറപ്പാണ്  

'പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല ദാസാ.' 

അതില്‍ക്കൂടുതലായൊരു ഡിഗ്രി നമ്മള്‍ കണ്ടട്ടേയില്ല. 

ഗ്രൂപ്പിലുള്ളവരുടെ ഇപ്പോഴത്തെ പ്രൊഫൈല്‍ പിക് നോക്കി ഒരാളെപ്പോലും തിരിച്ചറിയാനായില്ല. മധുരപ്പതിനേഴില്‍നിന്നും മദ്ധ്യവയസ്സിലെത്തിയവരുടെ അത്ഭുതപ്പെടുത്തുന്ന മാറ്റം  ഗ്രൂപ്പ്‌ഫോട്ടോയിലെ മുഖങ്ങളുമായി ഒത്തുനോക്കിയിട്ടും ഒരു രക്ഷയുമില്ല   വളരെച്ചുരുക്കം പേരുകള്‍ മാത്രം ഓര്‍ത്തെടുക്കാനായി.  മിക്കവരുടെയും മക്കള്‍ കൗമാരകാലഘട്ടം കഴിഞ്ഞ് അതിസുന്ദരരായി വിലസുന്നു. അഭിമാനപൂര്‍വ്വം മക്കളെയും കുടുംബത്തെയും പരിചയപ്പെടുത്തുന്നവര്‍. 

ഓരോ ദിവസവും കൂടുതായി ആളുകള്‍ ഗ്രൂപ്പിലേക്ക് കൂടിച്ചേരുന്നുണ്ട്. കൊറോണ ഇല്ലായിരുന്നെങ്കില്‍ നിശ്ചയമായും ഒരു കൂടിച്ചേരല്‍ സാധ്യമായേനെ.

അക്കാലത്ത് 'ക്രഷ്' തോന്നിയൊരു മുഖം. ആ മുഖത്തിന്റെ രൂപമാറ്റം നേരില്‍ക്കാണാന്‍ കട്ടവെയിറ്റിങ്ങിലാണ് ഞാനിപ്പോള്‍.

Follow Us:
Download App:
  • android
  • ios