Asianet News MalayalamAsianet News Malayalam

ആ കള്ളന്മാരെ ഞാനന്നു തന്നെ  കയ്യോടെ പിടികൂടി...

എന്റെ വീടിന്റെ യഥാര്‍ത്ഥ അവകാശികള്‍!. ആ ഫോട്ടോയുടെ കഥ. നൗഫല്‍ എം.എ എഴുതുന്നു

behind the photograph by Noufal AM
Author
Thiruvananthapuram, First Published Nov 11, 2020, 3:58 PM IST

ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.

 

behind the photograph by Noufal AM

 

ഒരു ഒഴിവു ദിവസത്തിന്റെ  ആലസ്യത്തില്‍  മഞ്ഞിന്റെ തലോടലേറ്റു മതി മറന്നുറങ്ങിയ ഞാന്‍  വീടിന്റെ മുകള്‍ നിലയിലെ അടച്ചിട്ട ജനാലയുടെ ചില്ലുപാളിയില്‍ നിന്നും വരുന്ന അസഹീനയമായ  ടിക്-ടോക്  ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. പാതി മുറിഞ്ഞു പോയ മധുര  സ്വപ്നത്തെകുറിച്ചോര്‍ത്തു തെല്ലൊരു  അമര്‍ഷത്തോടെ വീടിന്റെ മുകള്‍ നിലയിലേക്ക് പടികള്‍ കയറി ചെന്ന് നോക്കിയപ്പോള്‍ മുതുകാടിന്റെ  മാജിക് പോലെ 'കംപ്ലീറ്റ് വാനിഷ്ഡ്'. പിന്നീട് മൂന്നു നാല് പുലരികള്‍ തുടര്‍ച്ചയായി  ഈ പതിവ്  തുടര്‍ന്നപ്പോള്‍ സഹികെട്ട് ഒരു നാള്‍ ഞാന്‍ ആ  ജനല്‍ പാളികള്‍ മലര്‍ക്കെ  തുറന്നിട്ടു. 

അങ്ങിനെ അത് വരെ എന്റെ  ഉറക്കം കെടുത്തി കൊണ്ടിരുന്ന  ആ കള്ളന്മാരെ ഞാനന്നു തന്നെ  കയ്യോടെ പിടികൂടി. കണ്‍പോളകളില്‍ മറുക് ചാര്‍ത്തിയ കണക്കെ  അങ്ങിങ്ങായി  ചുവന്ന തൂവലുകളാല്‍ സമ്പന്നമായ, തലയില്‍ കറുത്ത തൂവല്‍ കിരീടമുള്ള, നീളന്‍ വാലുള്ള, കാണാന്‍ ചേലുള്ള  ഇത്തിരി കുഞ്ഞന്മാരായ  രണ്ടു 'റെഡ് വിസ്‌ക്കേര്‍ഡ്  ബുള്‍ബുള്‍' പക്ഷികള്‍. 


തുറന്നിട്ട ജനാലയിലൂടെ അധികാര ഭാവത്തില്‍ വീടിന്റെ അകത്തേക്ക് പ്രവേശിച്ച അവര്‍ എന്റെ  വീടിന്റെ  ഹാളില്‍ തൂക്കിയിട്ടിരുന്ന അലങ്കാര വിളക്കില്‍ ഒരു 'ഇക്കോ-ഫ്രണ്ട്ലി' കൂടൊരുക്കി. പിന്നെ സ്വന്തം തറവാട്ടിലേക്കെന്ന  പോലെ ദിനവും വരുന്നു, കാഷ്ഠിക്കുന്നു, പോവുന്നു. ഈയൊരു പതിവിനിടയില്‍ ഒരു നാള്‍ ആ  കമിതാക്കള്‍  പുറത്തെങ്ങോ ഉലാത്താന്‍ പോയ സമയം പതിവില്ലാത്തൊരു ശബ്ദം കേട്ട് ആ കിളിക്കൂട്ടിലേക്ക് ഞാനൊന്നു ഒളിഞ്ഞു നോക്കി. 


അതിലെ കാഴ്ച കണ്ടു ഞാന്‍ ഞെട്ടി, കുഞ്ഞിത്തലകള്‍  പുറത്തേക്കിട്ടു കൊച്ചുവായില്‍ വലിയ ശബ്ദത്തില്‍ കരയുന്നു രണ്ടു ബുള്‍ബുള്‍ കുഞ്ഞുങ്ങള്‍. അങ്ങിനെ  കുടിയേറ്റക്കാരായ അവരുടെ അംഗസംഖ്യ ജന്മികളായ ഞങ്ങളുടെ കുടുംബത്തേക്കാളേറെ വര്‍ധിക്കുന്നത് നിസ്സഹായതയോടെയും കുറച്ചു അസഹിഷ്ണുതയോടെയും  ഞാന്‍ അന്ന് നോക്കി നിന്നു. 

തള്ളക്കിളിയുടെ സ്‌നേഹോഷ്മളമായ പരിചരണത്തില്‍ പ്രോട്ടീന്‍ -വിറ്റാമിന്‍ ഭക്ഷണങ്ങള്‍ എനര്‍ജി ഡ്രിങ്ക് എന്നിവ കുടിച്ചു പെട്ടെന്ന് തന്നെ തഴച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ പറക്കുമുറ്റാറായപ്പോള്‍ ആ മാതൃകാ ദമ്പതികള്‍  മക്കളെ അവിടെ തനിച്ചാക്കി ആ പഞ്ചായത്തു വിട്ടെങ്ങോട്ടേക്കോ  പറന്നകന്നു. ശേഷം  ആ കുഞ്ഞുങ്ങള്‍ ആദ്യമായി പറന്നു വന്നത് എന്റെ  ക്യാമറക്കു മുമ്പിലേക്കായിരുന്നു. പാസ്‌പോര്‍ട്ട് ഫോട്ടോക്കെന്ന പോലെ തെല്ലൊരു ഗൗരവത്തില്‍ അവര്‍ തലങ്ങനെയും വിലങ്ങനെയും അന്നെനിക്കായി പോസുകള്‍ തന്നു. ആ ഫോട്ടോഷൂട്ടിന്  ശേഷം പിറ്റേന്നു തന്നെ  അവരും അവിടെ നിന്നും  സ്ഥലം കാലിയാക്കി. 


ദിനങ്ങള്‍ കടന്നു പോയി വേനലും ശിശിരവും വസന്തവും മാറി മാറി വന്നു.  ഒടുവില്‍ ഈയിടക്ക് ഒരു നാള്‍ മുറ്റത്തെ മാവില്‍ ഒരു ചിലക്കല്‍ കേട്ട് ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ ആ രണ്ടു ബുള്‍ബുള്‍ കുഞ്ഞുങ്ങള്‍ വീണ്ടും വന്നിരിക്കുന്നു. വൈകാതെ തന്നെ അവര്‍ ആ മാവില്‍ വലിയ  മഹാന്മാര്‍ ഒപ്പിടുന്ന  രൂപത്തിലുള്ള ഒരു കൂടൊരുക്കി താമസമാക്കി. ഇന്നവര്‍  മുമ്പത്തേക്കാളേറെ  ചേലും പത്രാസും ഉള്ളവരായി  മാറിയിരിക്കുന്നു. അവരിന്നെന്റെ വീട്ടുമുറ്റത്തെ കൊച്ചു തോട്ടത്തിലെ വിശ്വസ്തരായ പാറാവുകാരാണ്. പ്രാണികള്‍,കീടങ്ങള്‍, പുഴുക്കള്‍ എന്നു   വേണ്ട തോട്ടത്തിലെ ഏതിനം അധിനിവേശക്കാരെയും  അവര്‍ തുരത്തി ശാപ്പിട്ടോളും. ബാലവേലയുടെ പരിധിയില്‍  വരുന്നതിനാലാണോ എന്നറിയില്ല അവരുടെ കൂലി ബംഗാളികളേക്കാള്‍ കുറവാണ്. അല്‍പം മാതളത്തിന്റെ  പൂവും കായും മതി കൂലിയായിട്ട്. അതും ബുഫെ സ്‌റ്റൈലില്‍  വേണ്ടത് തെല്ലൊരു അധികാരത്തോടെ അവര്‍ തന്നെ എടുത്തു കഴിച്ചോളും, കാരണം എല്ലാത്തിലുമുപരി അതവര്‍ ജനിച്ചു കളിച്ചുപിച്ച വെച്ചു പറന്നു പഠിച്ച വീടല്ലേ .. അവരല്ലേ ആ വീടിന്റെ യഥാര്‍ത്ഥ അവകാശികള്‍.

Follow Us:
Download App:
  • android
  • ios