Asianet News MalayalamAsianet News Malayalam

നിവൃത്തിയില്ലാതെയാണ് അന്നാ ഭക്ഷണം ഉപേക്ഷിച്ചത്...

ആ ഫോട്ടോയുടെ കഥ. ഒരു പൊറോട്ടക്കഥ. മരിയ ടോം എഴുതുന്നു

behind the photograph series by Maria Tom
Author
Thiruvananthapuram, First Published Oct 26, 2020, 6:21 PM IST

ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്. 

 

behind the photograph series by Maria Tom

 

രണ്ടു നാള്‍ മുമ്പാണ്. പഴയ പുസ്തകക്കെട്ടുകളുടെ ഇടയിലൂടെ ഒരു സഞ്ചാരം നടത്തി. ഒന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുന്ന ചില നേരങ്ങളില്‍ പുസ്തകങ്ങള്‍ക്കൊപ്പം ഉള്ള ഈ യാത്ര തുടങ്ങിയിട്ട് കുറേക്കാലമായി. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ മറിച്ചു നോക്കിയും മനസ്സിനെ തൊട്ട വരികള്‍ ഒന്ന് കൂടി വായിച്ചും സ്വപ്നങ്ങളില്‍ മനസ്സിനെ അലയാന്‍ വിട്ട് അങ്ങനെ കുറേ സമയം. 

ചില പുസ്തകങ്ങളില്‍ ഒട്ടും വടിവില്ലാത്ത കൈയക്ഷരത്തില്‍ ചില കുറിപ്പുകള്‍ കോറിയിട്ടിരിക്കുന്നു. മൊബൈലും, നോട്ട് പാഡും വരുന്നതിന് മുന്‍പുള്ള കാലത്ത്  കടലാസിലുള്ള കുത്തിക്കുറിക്കലുകള്‍ ആയിരുന്നു. ചില കുറിമാനങ്ങള്‍ പൊടിഞ്ഞും, പഴകിയും, നിറം മങ്ങിയും. ചിലത് മഷി പടര്‍ന്ന് അക്ഷരങ്ങള്‍ അവ്യക്തമായിരിക്കുന്നു. ഓരോന്നും മനസ്സിലേക്ക് കൊണ്ട് വരുന്നത് ഒരായിരം ഓര്‍മ്മകള്‍. നൊമ്പരങ്ങള്‍.. കണ്‍കോണിലൊരു നീര്‍ത്തിളക്കം.

ഒരു ദീര്‍ഘനിശ്വാസത്തോടെ പുസ്തകക്കൂട്ടങ്ങളെ തിരികെ ഷെല്‍ഫിലേക്ക് വയ്ക്കുന്നതിന് ഇടയിലാണ് ഒരുഫോട്ടോ താഴെ വീഴുന്നത്. ഒറ്റ നോട്ടത്തില്‍ ഒരു കാലഘട്ടം മുഴുവന്‍ മനസ്സിലേക്ക് കൊണ്ട് വന്ന ഒരു പഴയ ഫോട്ടോഗ്രാഫ്. പഴകി മങ്ങിയിട്ടുണ്ട് എങ്കിലും ഓര്‍മ്മകള്‍ ഇപ്പോഴും ഏറെ തെളിച്ചത്തോടെ മനസ്സിലുണ്ട്. 

ഈ ഫോട്ടോയെക്കുറിച്ചും അതിന്റെ പിന്നിലെ സംഭവത്തെക്കുറിച്ചും ഇവിടെ കുറിക്കണമെന്നത് എന്തോ നിയോഗമാണ്. അല്ലെങ്കില്‍ പല പ്രാവശ്യം എടുക്കുകയും തിരികെ വെയ്ക്കുകയും ചെയ്ത പുസ്തകത്തില്‍ നിന്ന് ഇപ്പോള്‍ ഇത് പുറത്ത് ചാടേണ്ട യാതൊരാവശ്യവുമില്ല. 

എകദേശം പതിനഞ്ചു വര്‍ഷത്തോളമായി ആ യാത്ര കഴിഞ്ഞിട്ട്. ഒരുപാട് നാള്‍ കൊതിച്ചു കാത്തിരുന്ന ഊട്ടി, കൊടൈക്കനാല്‍, മധുരൈ യാത്ര. സിനിമകളില്‍ കണ്ട അത്രയും വശ്യത ഇല്ലെങ്കിലും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപാട് തന്ന യാത്രയായിരുന്നു അത്. വിവാഹം കഴിഞ്ഞ് അധിക നാളായിരുന്നില്ല. മധുവിധു എന്ന് പറയാന്‍പറ്റില്ലെങ്കിലും പരസ്പരം ഉള്ള അടികൂടല്‍ തുടങ്ങിയിട്ടില്ലാത്തത് കൊണ്ട് യാത്രയ്ക്ക് ഒരു മധുരമൊക്കെയുണ്ടായിരുന്നു. 

മധുരയില്‍ ഏറെ സമയമെടുത്ത് സാരി തിരഞ്ഞ്, വഴിയോര കച്ചവടക്കാരുടെ അടുത്ത് നിന്ന് വിലപേശി കുപ്പിവളകള്‍ വാങ്ങി, സമയത്തെക്കുറിച്ച് ആകുലതയില്ലാതെ ഒരു യാത്ര. ഭക്ഷണവും വെള്ളവുമായിരുന്നു ഒരേയൊരു പ്രശ്‌നം. രുചിയില്ലാത്ത ദ്രാവകമാണ് ജലം എന്നൊക്കെ സയന്‍സ് ക്ലാസ്സില്‍ പഠിക്കും. പക്ഷേ തമിഴ്നാട്ടിലെ വെള്ളത്തിന്റെ (അ) രുചി എനിക്ക് തീരെ പറ്റില്ല. വണ്ടിയില്‍ കുറേ കുപ്പി വെള്ളമൊക്കെ സ്റ്റോക്ക് ചെയ്തായിരുന്നു യാത്ര തുടങ്ങിയത്. പക്ഷേ എന്റെ ധാരാളിത്തം കാരണം രണ്ടാം ദിവസമായപ്പോഴേ വെള്ളമൊക്കെ തീരാറായി. അതും പോരാഞ്ഞ് ഊട്ടിയിലെ കറക്കത്തിനിടയില്‍ മേലോട്ട് നോക്കി നടന്ന് കുതിരച്ചാണകത്തില്‍ ചവിട്ടി. കാലും ചെരിപ്പും കഴുകി വൃത്തിയാക്കാതെ ഒരടി മുന്നോട്ട് നടക്കില്ല എന്ന എന്റെ വാശിക്ക് മുന്‍പില്‍ വണ്ടിയില്‍ ബാക്കിയുണ്ടായിരുന്ന വെള്ളവും തീര്‍ന്നു പോയി. 

ഒരു കലഹത്തിന്റെ കാറ്റിരമ്പം തുടങ്ങുമ്പോഴേക്ക് മനസ്സില്‍ ഓര്‍മ്മ വന്നു, വിരുതു നഗറില്‍ എന്റെ ഒരാന്റി താമസിക്കുന്നുണ്ട്. എന്തായാലും ഇവിടെ വരെ വന്നതല്ലേ ആന്റിയെക്കൂടി കണ്ടിട്ട് പോകാമെന്ന് കരുതി നേരെവിരുതു നഗറിന്. പിറ്റേദിവസം രാവിലെ പോരുമ്പോള്‍ അന്ന് ഉച്ചക്ക് കഴിക്കാനുള്ള നാരങ്ങാച്ചോര്‍ വാഴയിലയില്‍ പൊതിഞ്ഞ് വണ്ടിയില്‍ വച്ചു. 

പലയിടത്തും കറങ്ങി ഒടുവില്‍ മൂന്ന് മണിയോടടുത്തു ലഞ്ച് കഴിക്കാന്‍ വണ്ടി നിര്‍ത്തുമ്പോള്‍. വിശന്ന് വയര്‍ കത്തുന്നുണ്ട്. വണ്ടിയുടെ ബാക്ക്‌സീറ്റില്‍ ഭദ്രമായി വെച്ചിരുന്ന പൊതിച്ചോറെടുത്ത് ഞങ്ങള്‍ വഴിയരികിലുള്ള ഒരുപ ാര്‍ക്കിലേക്ക് നടന്നു. 

'നീയല്ലാതെ ആരെങ്കിലും ഈ പണി കാണിക്കുമോ? എതെങ്കിലും ഹോട്ടലില്‍ കയറി കഴിക്കാനുള്ളതിന് പകരം പിള്ളേരെപ്പോലെ പൊതീം കെട്ടി വന്നേക്കുന്നു'

എന്നൊക്കെയുള്ള ശകാരങ്ങള്‍ തീരെ അവഗണിച്ച് ഞാന്‍ ഇരിക്കാനൊരു സ്ഥലം നോക്കി. എവിടെ നോക്കിയാലും കുതിരച്ചാണകം. ഒടുവില്‍ ഒരു സ്ഥലം കണ്ടു പിടിച്ച് ഇരുന്നു. കൂടെയുള്ളയാള്‍ കഴിക്കുന്നുണ്ടോ എന്ന് പോലും നോക്കാതെ ആര്‍ത്തിയോടെ വാരിക്കഴിക്കാന്‍ തുടങ്ങി. 

വിശപ്പിന്റെ ആധിക്യം കൊണ്ട് ആദ്യത്തെ ഉരുള വിഴുങ്ങി. രണ്ടാമത്തെ പിടി വാരിയപ്പോള്‍ കൈയില്‍ നൂല് പോലെ എന്തോ വലിയുന്നു. നോക്കിയപ്പോള്‍ ചോറിലാകെ നൂലു പോലെ എന്തോ ഉണ്ട്. ഒന്ന് മണത്ത് നോക്കിയപ്പോഴാണ് അറിയുന്നത്, തമിഴ്നാട്ടിലെ കൊടും ചൂടേറ്റ് എന്റെ നാരങ്ങാച്ചോര്‍ വളിച്ചിരിക്കുന്നു. വളിച്ചു പുളിച്ചു എന്ന് പറയുന്നതാവാം ശരി. വിശന്ന് പൊരിഞ്ഞിരുന്ന ഞാന്‍ അപ്പോഴാണ് കൂടെയുള്ള ആളെ ശ്രദ്ധിക്കുന്നത്. എന്റെ പരാക്രമം കണ്ട് അങ്ങേര് പൊതി പോലും തുറന്നിട്ടില്ല. 

കൂടുതലെന്ത് പറയാന്‍, രണ്ടു പൊതിയും അടുത്ത് കണ്ട ചവറ്റു കുട്ടയില്‍ ഭദ്രമായി നിക്ഷേപിച്ച് ഞങ്ങള്‍ വണ്ടിയില്‍ കയറി. ഇനി ഏതെങ്കിലും ഹോട്ടലാണ് ശരണം. ഓരോ ഹോട്ടല്‍ കാണുമ്പോഴും ഞാന്‍ പറയും, കുറച്ചുകൂടി വൃത്തിയുള്ളത് നോക്കാം. തമിഴ്നാട്ടില്‍ ഈ വഴിക്ക് ഇതിലും വൃത്തിയുള്ളത് കാണില്ലെന്ന് എത്ര പറഞ്ഞിട്ടും എനിക്ക് മനസ്സിലാകുന്നില്ല. അപ്പോഴേക്കും സമയം സന്ധ്യയോട് അടുത്തിരുന്നു. ഒടുവില്‍ ഒരു നിവൃത്തിയുമില്ലാതെ 'എന്നാ ഇനി കാണുന്നിടത്ത് കയറാം' എന്ന് ഞാന്‍ സമ്മതിച്ചു. 

ഇപ്പോള്‍ എതെങ്കിലും ചെറിയ കടയെങ്കിലും കാണുമെന്ന് പ്രതീക്ഷിച്ച ഞങ്ങള്‍ ആകെ കണ്ടത് വഴിയുടെ ഇരുവശങ്ങളിലും മങ്ങിക്കത്തുന്ന തെരുവ് വിളക്കുകള്‍ മാത്രമാണ്. പിന്നെയും ഒരു മണിക്കൂര്‍ എടുത്തു കുറേ കടകളും ഹോട്ടലും ഒക്കെയുള്ള ഒരു സ്ഥലത്തെത്താന്‍. വിശന്നു വലഞ്ഞ ഞാന്‍ വൃത്തി എന്ന ഭ്രാന്തെടുത്ത് ദൂരെയെറിഞ്ഞിട്ട് ഹോട്ടലിന്റെ ഉള്ളിലേക്ക് പാഞ്ഞു. 

കയറി ചെല്ലുമ്പോള്‍ അതിനുള്ളില്‍ ഒരു പെരുന്നാളിനുള്ള ആളുണ്ട്. ഇരിക്കാന്‍ സ്ഥലം ഒഴിവില്ല. എനിക്കാണെങ്കില്‍ കരയാന്‍ തോന്നുന്നുണ്ട്. എന്ത് വന്നാലും കഴിക്കാതെ ഒരിഞ്ചു മുന്നോട്ടില്ല എന്ന മട്ടില്‍ ഞാനവിടെ നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സപ്‌ളെയര്‍ വന്ന് ഞങ്ങളെ ഉള്ളിലേക്ക് കൊണ്ട് പോയി. കിച്ചെന്റെഅടുത്തായി രണ്ടു കസേരയും ഒരു ചെറിയ മേശയും ഇട്ടിട്ടുണ്ട്. എണ്ണ മെഴുക്കുള്ള മേശ. ഈച്ചകള്‍ ചുറ്റും മൂളിപ്പറക്കുന്നുണ്ട്. എന്തായാലും സാരമില്ല എന്ന് കരുതി ഞാന്‍ ശ്വാസം പിടിച്ചിരിക്കുകയാണ്. പൊറോട്ടക്കും, കറിക്കും ഓര്‍ഡര്‍ കൊടുത്തിട്ട് ഈച്ചയെയും ഓടിച്ച് ഇരിക്കുമ്പോള്‍ എന്റെ നോട്ടം കിച്ചണിലേക്ക് നീണ്ടു. ഒരിക്കലും നോക്കാതിരുന്നെങ്കില്‍ എന്ന് പലപ്പോഴും ഞാനാശിച്ച നോട്ടമായിരുന്നു അത്.

കിച്ചന്റെ ഒരു വശത്തായി രണ്ടു പേര്‍ പൊറോട്ടക്കുള്ള മാവ് കുഴയ്ക്കുന്നു. ഒരു വലിയ പാത്രത്തില്‍ മാവ്. ഒരാള്‍ അതിനുള്ളില്‍ നിന്ന് മാവ് ചവിട്ടി കുഴക്കുകയാണ്. അയാള്‍ പിടിച്ചിരിക്കുന്നത് മുകളിലെ ഉത്തരത്തില്‍ നിന്നും ഞാത്തിയിട്ട ഒരു കയറില്‍. അടുപ്പിലെ ചൂടേറ്റ് അയാളുടെ ദേഹം വിയര്‍ത്തൊഴുകുന്നുണ്ട്. ആ വിയര്‍പ്പ് വന്ന് വീഴുന്നത് മാവിന്റെ പാത്രത്തില്‍. പോരാത്തത് നെറ്റിയില്‍ നിന്ന് ഇടക്ക് വടിച്ചിടുന്നുമുണ്ട്. ഇടക്ക് കരി പുരണ്ട ഒരു തോര്‍ത്തു കൊണ്ട് ശരീരം ആകെ തുടയ്ക്കും. അടുത്തയാള്‍ പാത്രത്തിന്റെ വശങ്ങളില്‍ നിന്ന് മാവ് വടിച്ചിടുന്നു. 

ഇരിക്കണോ എണീറ്റ് പോകണോ എന്ന ചിന്തകള്‍ക്കൊടുവില്‍, വിശപ്പിനോളം വരില്ല മറ്റേത് വികാരവും എന്നൊരു കവി വാചകത്തില്‍ ഞാന്‍ എന്നെ അവിടെത്തന്നെ പിടിച്ചിരുത്തി. ഭര്‍ത്താവ് ഈ കാഴ്ചയ്ക്കു പുറം തിരിഞ്ഞാണ് ഇരുന്നത്. പുറത്തേക്ക് കണ്ണ് പായിച്ച ഞാന്‍ ഞെട്ടിപ്പിക്കുന്ന അടുത്ത കാഴ്ച്ച കണ്ടു. ഹോട്ടലിന്റെ മുന്‍പിലുള്ള പൈപ്പിന്‍ ചുവട്ടില്‍ കുറേ ആളുകള്‍ കൂടിയിരിക്കുന്നു. നിറമുള്ള ചേല ചുറ്റി മൂക്കുത്തിയിട്ട സ്ത്രീകള്‍, അര്‍ദ്ധനഗ്‌നരായി കുളിക്കുന്ന പുരുഷന്മാര്‍, പൈപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ കലപില കൂട്ടുന്നവര്‍ അങ്ങനെ കുറേപ്പേര്‍. 

അതിനിടയില്‍ ഒരു സുന്ദരമായ ദൃശ്യം. ഈ ബഹളങ്ങളൊന്നും തന്നെ ബാധിക്കുന്നില്ല എന്ന മട്ടില്‍ ഇതിന്റെയെല്ലാം നടുവിലിരുന്ന് ഒരു കുഞ്ഞ് വളരെ ശാന്തനായി അപ്പിയിടുന്നു. ഒരു പാവാടക്കാരി പെണ്ണിനെ തള്ളിമാറ്റി അവന്റെ അമ്മ അവനെ കഴുകിക്കുന്നു. 

ഈ പൈപ്പില്‍ നിന്നാണ് പൊറോട്ട കുഴക്കാനുള്ള വെള്ളമെടുക്കുന്നത്. ഈ വെളളം തന്നെയാണ് തിളപ്പിച്ചു എന്ന്പറഞ്ഞ് കുടിക്കാന്‍ തരുന്നത്. 

അപ്പോഴേക്കും ഓര്‍ഡര്‍ ചെയ്ത പൊറോട്ട എത്തിയിരുന്നു. ഈ കാഴ്ചകളൊന്നും കാണാന്‍ ഭാഗ്യം കിട്ടാത്തയാള്‍ എന്റെ മുന്‍പിലിരുന്ന് രുചിയോടെ കഴിക്കുന്നുണ്ട്. എന്റെ പൊറോട്ട പൊതിഞ്ഞു തന്നാല്‍ മതിയെന്ന് സപ്ലയറോട് പറഞ്ഞു. എന്ത് പറ്റി എന്നൊരു നോട്ടം നോക്കിയ ഭര്‍ത്താവിനോട് വാഴയിലയില്‍ പൊതിഞ്ഞ പൊറോട്ട കഴിക്കാന്‍ നല്ല രുചിയാണെന്ന് അടക്കം പറഞ്ഞു.

പൊതിയുമായി കാറില്‍ കയറുമ്പോള്‍ വിശപ്പ് കൊണ്ട് കരച്ചില്‍ വരുന്നുണ്ടായിരുന്നു. വഴിയില്‍ വച്ച് അത് കഴിക്കാന്‍ രണ്ട് പ്രാവശ്യം തുറന്നിട്ടും കഴിക്കാന്‍ പറ്റാതെ അടച്ചു വച്ചു. പിന്നെ സങ്കടത്തോടെ തന്നെ കാറിന്റെ ചില്ല് താഴ്ത്തി വഴിയരികിലേക്ക് ആ പൊതി കളഞ്ഞു. കൈയില്‍ ഒരു പൊതി ഭക്ഷണം ഇരുന്നിട്ടും കഴിക്കാത്തത് അഹങ്കാരമല്ലേ എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. അന്ന്, ആ നിമിഷം അങ്ങനെയേ സാധിക്കുമായിരുന്നുള്ളൂ. ഞാന്‍ ഒരിക്കലും ഭക്ഷണം പാഴാക്കുന്ന വ്യക്തിയല്ല. അന്ന് മുന്‍പില്‍ അങ്ങനെ ഒരു കാഴ്ച കണ്ടതു കൊണ്ടാവും കഴിക്കാന്‍ പറ്റാതിരുന്നത്. 

പലപ്പോഴും പശ്ചാത്താപം തോന്നിയിട്ടുണ്ട്, അന്ന് വലിച്ചെറിഞ്ഞ ആ ഭക്ഷണത്തെ ഓര്‍ത്ത്.   ഈ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ ഒന്ന് മാത്രമേ മനസ്സില്‍ വരുന്നുള്ളു, മാപ്പ്, വിശക്കുന്ന വയറുകളോട്. 

Follow Us:
Download App:
  • android
  • ios