തമിഴ്‍നാട്ടിലെ വെള്ളൂരാണ് ബെറ്റ്‍സി ജെന്നിഫറിന്‍റെ സ്ഥലം. മറ്റുള്ളവരോട് ഇടപഴകാനും എല്ലാവരെയും പോലെ കൂട്ടുകൂടാനും എപ്പോഴും ബുദ്ധിമുട്ടായിരുന്നു ബെറ്റ്‍സിക്ക്. പക്ഷേ, അതെന്തുകൊണ്ടാണ് എന്നു മാത്രം മനസിലായിരുന്നില്ല. മറ്റുള്ളവരോട് ശരിക്കിടപഴകാനാവാതിരുന്നപ്പോഴാണ് അഞ്ചാമത്തെ വയസ്സില്‍ ബെറ്റ്സി ചിത്രം വരച്ചു തുടങ്ങുന്നത്. നാലുവര്‍ഷം മുമ്പ് മാത്രമാണ് തന്‍റെ അവസ്ഥ ആസ്‍പെര്‍ജര്‍ സിന്‍ഡ്രോം ആണെന്നും അതുകൊണ്ടാണ് ആശയവിനിമയം സാധ്യമാകാത്തത് എന്നും ആ ഇരുപതുകാരിക്ക് മനസിലാവുന്നത്. ഓട്ടിസത്തിന്‍റെ വകഭേദമാണ് ആസ്പെർജർ സിൻഡ്രോം.

 

'എനിക്ക് ഒരു ആശയം മറ്റുള്ളവര്‍ക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കാനാവാത്തപ്പോള്‍ ഞാനെന്‍റെ പെയിന്‍റ് ബ്രഷിലേക്ക് തിരിയും...' ബെറ്റ്സി പറയുന്നു. പതിനാറാമത്തെ വയസ്സിലാണ് അവള്‍ ആസ്പെര്‍ജര്‍ സിന്‍ഡ്രോമിനെ കുറിച്ച് അറിയുന്നത്. അന്ന് ഇനി പഠിക്കാനായി സ്‍കൂളില്‍ പോകുന്നില്ലെന്ന് തീരുമാനിക്കുകയാണ് അവളാദ്യം ചെയ്‍തത്. എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ഈ അവസ്ഥ തന്നെ കീഴ്പ്പെടുത്താന്‍ അനുവദിക്കില്ലെന്ന് അവള്‍ തീരുമാനമെടുത്തു. തന്‍റെ ജീവിതം തിരിച്ചു പിടിക്കാനും അവള്‍ തീരുമാനിച്ചു.

 

ഇന്ന് ചെന്നൈ വിമന്‍സ് ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ സാഹിത്യ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ബെറ്റ്സി. അവളുടെ വരയും എഴുത്തും ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പ്രശസ്‍തമായ പ്രസിദ്ധീകരണങ്ങളില്‍ കാണാം. പറഞ്ഞ് ഫലിപ്പിക്കാനാവില്ല എന്നതൊന്നും ബെറ്റ്സിക്ക് ഇന്ന് തടസമല്ല. കാരണം വരയേയും എഴുത്തിനേയും അവള്‍ തന്‍റെ മാധ്യമമായി തെരഞ്ഞെടുത്തു കഴിഞ്ഞു. തനിക്ക് സംവദിക്കാനുള്ളതെല്ലാം അവള്‍ വരയ്ക്കുന്നു. അങ്ങനെ ഈ സമൂഹത്തിലെ എല്ലാത്തരം മനുഷ്യരുമായും സംവദിക്കുന്നു. 

 

തന്‍റെ ജീവിതത്തിലെയും ചുറ്റുമുള്ളതുമായ അനുഭവങ്ങളും ആശയങ്ങളുമാണ് അവള്‍ വരക്കുന്നത്. ആഫ്രിക്കന്‍ ആദിവാസി വിഭാഗത്തില്‍ പെട്ട സ്ത്രീയുടെ പരമ്പരാഗത ചിത്രം അവള്‍ വരച്ചിട്ടുണ്ട്. 'തന്നെ തന്‍റെ വേരുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ചിത്ര'മെന്ന് ബെറ്റ്‍സി പറയുന്നു. ആസ്പെര്‍ജര്‍ സിന്‍ഡ്രോം തനിക്ക് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‍തമായി ഭാവനയുടെ ലോകം തുറന്നുതന്നുവെന്ന് വിശ്വസിക്കാനാണ് ബെറ്റ്സിക്കിഷ്‍ടം. 

 

വരയ്ക്കപ്പുറം എഴുത്തും ബെറ്റ്സിയുടെ ഇഷ്‍ടമാണ്. ഒരു നോവലെഴുതി  NaNoWriMo എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ബെറ്റ്സി. അവള്‍ക്കറിയില്ല, തന്‍റെ എഴുത്തും വരയും ഈ ലോകത്തെ തൃപ്‍തിപ്പെടുത്തുമോ, ലോകത്തിനാവശ്യമുള്ളതാണോ താന്‍ വരക്കുന്നത് എന്നോ ഒന്നും. പക്ഷേ, ഒരിക്കലും തോല്‍ക്കാനിഷ്‍ടമില്ലാത്തതുകൊണ്ടാണ് ബെറ്റ്സി വരക്കാനും എഴുതാനും തന്‍റെ ജീവിതത്തെ ചേര്‍ത്തുപിടിക്കാനും തുടങ്ങിയത്. അതിനാല്‍ത്തന്നെ അവളുടെ ജീവിതം അവളുടെ ചിത്രങ്ങള്‍ പോലെ തന്നെ മനോഹരവും അര്‍ത്ഥവത്തും പ്രചോദനപരവുമാണ്.