തിരുവനന്തപുരം: ഒരു അഞ്ചുവയസ്സുകാരന്‍റെ കയ്യിലെന്തുണ്ടാവും? അക്കുവിന്‍റെ കയ്യിലുണ്ട് അവന്‍ ഇന്നുവരെ വരച്ച മനോഹരമായ ചിത്രങ്ങള്‍. ഫ്രെയിം ചെയ്തുവെച്ചിരിക്കുന്ന ആ ചിത്രങ്ങളെല്ലാം അവനിന്ന് വില്‍ക്കാന്‍ വെച്ചിരിക്കുകയാണ്. എന്തിന് എന്നല്ലേ? ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് നല്‍കാനാണ്. അവനാല്‍ കഴിയുന്നത് അതാണ്. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടമായവര്‍ക്കായാണ് തന്‍റെ ചിത്രങ്ങള്‍ വില്‍ക്കാന്‍ പോകുന്നതെന്നറിയുമ്പോള്‍ 'എന്നാല്‍ നമുക്കിനിയും കുറേ വരക്കാം ല്ലേ...' എന്നും ഈ അഞ്ചുവയസ്സുകാരന്‍ തന്‍റെ അമ്മയോട് ചോദിക്കുന്നുണ്ട്. ദുരിതമായി പെയ്ത പേമാരിയില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ ഈ അഞ്ചുവയസ്സുള്ള ചിത്രകാരന്‍റെ കുഞ്ഞുകരങ്ങളുമുണ്ട്. ഇക്കഴിഞ്ഞ മെയ് 25 -ന് വടക്കാഞ്ചേരിയില്‍ അക്കുവിന്‍റെ ചിത്രപ്രദര്‍ശനമുണ്ടായിരുന്നു.

അക്കുചക്കു കഥകള്‍ എന്ന പേജിലാണ് അക്കുവെന്ന അമന്‍ ഷസിയ അജയ് വരച്ച ചിത്രങ്ങള്‍ വില്‍ക്കുന്ന വിവരം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് വായിക്കാം: 
അക്കുവിന്റെ ചിത്രങ്ങളാണ്.... ഒരു അഞ്ചുവയസുകാരന്റെ ഏറ്റവും വലിയ സമ്പാദ്യമാണ്... വെള്ളപ്പൊക്കത്തില്‍ ഉടുപ്പുകളും കളിപ്പാട്ടങ്ങളുമൊക്കെ ഒഴുകിപ്പോയ കുഞ്ഞിക്കുട്ടികൾക്ക് വേണ്ടി ഈ ചിത്രങ്ങൾ കൊടുത്താലോ എന്ന് ചോദിച്ചപ്പോൾ അവൻ സന്തോഷത്തോടെ സമ്മതിച്ചിട്ടുണ്ട്... "എന്നാൽ നമുക്കിനീം കൊറെ വരക്കാല്ലേ ചക്കൂ"ന്ന് ആവേശത്തോടെ പറയുന്നുണ്ട്... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 2000 രൂപ ഇട്ടതിന്റെ സ്ക്രീൻഷോട്ട്‌ ഇൻബോക്സ് ചെയ്യുന്ന ആർക്കും അഡ്രസ് തന്നാൽ ഇതിൽ നിന്നും ഇഷ്ടപ്പെട്ട ഒരുചിത്രം അയച്ചു തരുന്നതായിരിക്കും... എല്ലാം ഫ്രെയിം ചെയ്ത ചിത്രങ്ങളാണ്...

സഹോദരിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ 2000 രൂപ നല്‍കി ചിത്രങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച നിജീഷ്, ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അക്കുവിന്‍റെ പേരില്‍ത്തന്നെ അയച്ചതിന്‍റെ സ്ക്രീന്‍ ഷോട്ടും പേജില്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വായിക്കാം: സഹോദരിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ 2000 രൂപ നല്‍കി ചിത്രങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച നിജീഷ്, ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അക്കുവിന്‍റെ പേരില്‍ത്തന്നെ അയച്ചതിന്‍റെ സ്ക്രീന്‍ ഷോട്ടും പേജില്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വായിക്കാം: അനിയത്തിക്കുള്ള പിറന്നാൾ സമ്മാനമായി അക്കുവിന്റെ ചിത്രവും അതിനുള്ള പ്രതിഫലമായി അവന്റെ പേരിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 2000രൂപ നൽകുകയും ചെയ്തത് നിജീഷ് ...ആദ്യമായാണ് അക്കുവിന്റെ ചിത്രം വിറ്റുപോവുന്നത്...അതിനുള്ള പ്രതിഫലം ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യത്തിന് തന്നെ ഉപയോഗിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയും.... നിജീഷിന്റെ നല്ല മനസിന് ഒരുപാട് സ്നേഹം....അനിയത്തിക്ക് പിറന്നാളാശംസകൾ.....❤️
NB :- ഒരാഴ്ചയ്ക്കകം ചിത്രം അയച്ച് തരുന്നതായിരിക്കും....

അക്കുവിനെ പോലെ ഒരുപാട് പേരാണ് ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്കായി കൈകോര്‍ക്കുന്നത്. കേരളത്തെ കരകയറ്റാന്‍ നമ്മള്‍ ഒറ്റക്കെട്ടാണ് എന്ന് പറഞ്ഞുകൊണ്ട്.