ഇൻസ്റ്റഗ്രാമിൽ brettybobettyart എന്നൊരു പ്രൊഫൈൽ ഉണ്ട്. അത് മെൽബൺകാരനായ ബ്രെറ്റ് വാക്കർ എന്നുപേരായ ഒരു കലാകാരന്റേതാണ്. കമ്പിളിനൂലുകൊണ്ട് അസാമാന്യമായ കലാസൃഷ്ടികൾ നിർമ്മിച്ചെടുക്കുന്ന ഒരാളാണ് വാക്കർ. എന്നാൽ ഈയടുത്തായി അദ്ദേഹത്തിന് സിദ്ധിച്ചിട്ടുള്ള 'സൈബർ പ്രശസ്തി' അദ്ദേഹത്തിന്റെ ഒരു പ്രത്യേക കലാസൃഷ്ടിയുടെ പേരിലാണ്. 

 

'കോക്ക് സോക്ക്സ്' എന്നാണ് വാക്കർ തന്റെ ഈ സൃഷ്ടിയെ വിളിക്കുന്നത്. മനുഷ്യ ലിംഗങ്ങളുടെ ആകൃതിയിലുള്ള, ധരിക്കാനാകുന്ന വിധത്തിൽ തുന്നിയെടുത്ത കമ്പിളി സോക്സുകളാണ് ഇവ. ഒരു സോക്സിന് വില $150 വരും. പല തരത്തിലുള്ള കസ്റ്റമൈസേഷനുകളും വാക്കറുടെ കോക്ക് സോക്സിൽ ലഭ്യമാണ്. ലിംഗാഗ്രം ഛേദിച്ചത്, ഛേദിക്കാത്തത്, ഞരമ്പുകൾ എഴുന്നു നിൽക്കുന്നത്, അങ്ങനെ അല്ലാത്തത്, ഗുഹ്യരോമങ്ങൾ  ഉള്ളത്, ഇല്ലാത്ത എന്നിങ്ങനെ പല വൈവിധ്യങ്ങളും തന്റെ സൃഷ്ടികൾക്ക് വാക്കർ നൽകിയിട്ടുണ്ട്. 

പറഞ്ഞ് ഉണ്ടാക്കിക്കുന്നതാണ് ഓരോ കോക്ക് സോക്ക്‌സും. ഒരു കോട്ട് ധരിക്കുന്ന അതേ പ്രൗഢിയാണ് ധരിച്ചുകഴിഞ്ഞാൽ എന്ന് വാക്കർ പറയുന്നു. ലിംഗങ്ങൾക്ക് ചൂടുപകരുന്ന സോക്സുകൾ തുന്നുക മാത്രമല്ല വാക്കർ ചെയ്യുന്നത്.  ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും, സോഷ്യൽ മീഡിയയിലും സമൂഹത്തിലും ഒക്കെയുള്ള ടാബൂ കൾച്ചറിനെപ്പറ്റിയും ഒക്കെ വാചാലനാകാൻ അദ്ദേഹത്തിനാകും. 


 
വാക്കർ തന്റെ ജീവിതത്തിൽ ഏറ്റവും അധികം കേട്ടിട്ടുള്ളത് ഒരേ ചോദ്യമാണ്. എന്തിനാണ് കൊള്ളാവുന്ന വല്ല പണിയും ചെയ്തു ജീവിക്കാൻ നോക്കാതെ ഇങ്ങനെ ലിംഗങ്ങൾക്ക് സോക്‌സും തുന്നിക്കൊടുത്ത് ജീവിക്കുന്നത്? അതിന് പക്ഷേ, സുവ്യക്തമായ മറുപടി തന്നെ ആ കലാകാരന്റെ കയ്യിലുണ്ട്. അദ്ദേഹത്തിന് പറയാനുള്ളത് ഓരോ മനുഷ്യനും സ്വന്തം ശരീരത്തെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ്. സമൂഹത്തിൽ, സ്ത്രീകളുടെ പരിപ്രേക്ഷ്യത്തിൽ നിന്ന് നിരവധി 'ബോഡി പോസിറ്റിവിറ്റി' മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. തടിച്ചിരിക്കുന്നതോ, മാറിടം ചെറുതായിരിക്കുന്നതോ, ഇടിഞ്ഞിരിക്കുന്നതോ, കറുത്തോ, വെളുത്തോ, മുടി നരച്ചോ അല്ലാതെയോ ഒക്കെ ഇരിക്കുന്നത് സങ്കടപ്പെടാനുള്ള കാരണമല്ല എന്ന് ആ മുന്നേറ്റങ്ങൾ സ്ത്രീകളെ ഉദ്ബോധിപ്പിക്കുന്നു. സ്വന്തം ശരീരം, അതെങ്ങനെയായാലും അതിനെ സ്നേഹിക്കാൻ പഠിക്കണം എന്ന് ആവർത്തിക്കുന്നു. എന്നാൽ, സമാനമായ സമ്മർദ്ദങ്ങൾ സമൂഹത്തിൽ നിന്ന് പുരുഷന്മാരും നേരിടുന്നുണ്ട് എന്നാണ് വാക്കറുടെ വാദം. തങ്ങളുടെ വളരെ സ്വകാര്യമായ ശരീരഭാഗങ്ങൾ ആസ്പദമാക്കി ഒരു കലാസൃഷ്ടി ഉണ്ടായിക്കാണുന്നത് അവരുടെ ആത്മവിശ്വാസമേറ്റും എന്നും അദ്ദേഹം പറയുന്നു.

സ്വന്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും, മറ്റുള്ളവരുടേതുമായി താരതമ്യം കൂടാതെ, ഒരുപോലെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും ഒക്കെയുള്ള സ്വാതന്ത്ര്യം നമ്മൾക്കോരോരുത്തർക്കും വേണം എന്ന് വാക്കർ പറഞ്ഞു. ഉപഭോഗസംസ്കാരം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന പുരുഷത്വത്തിന്റെ വാർപ്പുമാതൃകകൾ കണ്ട് തെറ്റിദ്ധാരണകളുമായി ആരും ഇരിക്കരുതെന്നും വാക്കർ ഉപദേശിക്കുന്നു. ലിംഗങ്ങൾക്ക് ഉള്ളത്ര വൈവിധ്യം മറ്റേതവയവത്തിനുണ്ട്? അതിന്റെ നിറങ്ങൾ, വലിപ്പങ്ങൾ, ആകൃതികൾ, ഞരമ്പുകളുടെ സാന്നിധ്യവും അസാന്നിധ്യവും, ഗുഹ്യരോമങ്ങളുടെ സാന്നിധ്യവും അസാന്നിധ്യവും, ലിംഗാഗ്രചർമ്മത്തിന്റെ നീളം അല്ലെങ്കിൽ അതിന്റെ അസാന്നിധ്യം അങ്ങനെ എന്തെന്തൊക്കെ വൈവിധ്യങ്ങളിൽ മനുഷ്യർക്ക് ലിംഗങ്ങളുണ്ട്, വാക്കർ തുടരുന്നു. 

കമ്പിളിനൂലിനാൽ ഒരു കോക് സോക്ക്സ്  തുന്നിയെടുക്കാൻ വാക്കർക്ക് ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും എടുക്കും. കൃത്യമായ പാകം അന്തിമോത്പന്നത്തിന് ഉണ്ടാകും എന്നുറപ്പിക്കാൻ ചില അളവുകൾ തുന്നും മുമ്പ് അദ്ദേഹത്തിന് അയച്ചു നൽകണം. സ്വയം അളവെടുത്തയാക്കാൻ വേണ്ടി ഒരു സചിത്ര മാനുവൽ തന്നെ വാക്കർ അയച്ചു നൽകാറുണ്ട്. എടുത്തു നൽകുന്ന അളവിൽ സോക്സുകൾ ആയോ അല്ലെങ്കിൽ സ്റ്റഫ്ഡ് കോക്ക് മോഡലുകൾ ആയോ കലാസൃഷ്ടി നിർമിച്ചു നൽകും വാക്കർ. നിറങ്ങളും, വലിപ്പവും ഒക്കെ നിർണയിക്കാൻ വാങ്ങുന്നയാൾക്ക് അവകാശമുണ്ട്. പിയേർസിങ്, ടാറ്റൂ തുടങ്ങിയ പേഴ്സണലൈസേഷനുകൾക്കും വാക്കർ എതിരല്ല. 

വ്യക്തിജീവിതത്തിൽ ബ്രെറ്റ് വാക്കർ ഒരു സ്വവർഗാനുരാഗിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ലൈംഗികതയുടെയും തൊഴിലിന്റെയും തെരഞ്ഞെടുപ്പുകൾ സമൂഹത്തിൽ നിന്നുള്ള നിരന്തരമായ വേട്ടയാടലുകൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ, താൻ ചെയ്യുന്നത് ഒരു കലയാണ് എന്ന് വാക്കർ പറഞ്ഞു. ആ കലയെ അതർഹിക്കുന്ന ബഹുമാനത്തോടെ കാണാനാകുന്ന തലത്തിലേക്ക് ബൗദ്ധികമായി ഈ സമൂഹം എന്നെങ്കിലും വളർന്നേക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.