1974 -ല്‍ ലണ്ടനില്‍ പ്രദര്‍ശിപ്പിച്ചപ്പോൾ ഹിന്ദു വലതുപക്ഷ തീവ്രവാദികൾ കത്തി ഉപയോഗിച്ച് ചിത്രം നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
ലണ്ടനില്‍ നടന്നൊരു ലേലത്തിൽ മഹാത്മാ ഗാന്ധിയുടെ അത്യപൂര്‍വ്വ എണ്ണച്ചായ ഛായാചിത്രം വിറ്റ് പോയത് 1.7 കോടി രൂപയ്ക്ക്. ട്രാവൽ ആൻഡ് എക്സ്പ്ലോറേഷൻ ഓൺലൈൻ വിൽപ്പനയിൽ ഏറ്റവും വലിയ വിലയ്ക്ക് വിറ്റഴിക്കപ്പെട്ട ഇനമായി ഈ ഛായാചിത്രം. ഛായാചിത്രം വരയ്ക്കുന്നതിന് വേണ്ടി കലാകാരന്‍റെ മുന്നില്‍ മഹാത്മാഗാന്ധി ആദ്യമായി ഇരുന്ന് കൊടുത്ത് ഈ ചിത്രത്തിന് വേണ്ടിയാണെന്ന് കരുതുന്നു.
ലണ്ടനിലെ ബോൺഹാംസ് സംഘടിപ്പിച്ച ലേലത്തിൽ, അപൂർവ്വമായ ഈ എണ്ണച്ചായ ചിത്രം 1,52,800 പൗണ്ടിനാണ് (ഏകദേശം 1.7 കോടി രൂപ) വിറ്റുപോയത്. ബ്രിട്ടീഷ് കലാകാരിയായ ക്ലെയർ ലിംഗ്ടന്‍ വരച്ച മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് 50,000-70,000 പൗണ്ടാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ചിത്രത്തിന് മൂന്നിരട്ടി തുകയാണ് ലഭിച്ചിരിക്കുന്നത്. ട്രാവൽ ആൻഡ് എക്സ്പ്ലോറേഷൻ ഓൺലൈൻ വിൽപ്പനയിൽ ബെസ്റ്റ് സെല്ലിംഗ് ചിത്രമായും ഈ ഛായാ ചിത്രം മാറി. മഹാത്മാ ഗാന്ധിയുടെ ഈ ഛായാ ചിത്രം ഇതിനുമുമ്പ് ഒരിക്കലും ലേലത്തിൽ വിറ്റഴിക്കപ്പെട്ടിട്ടില്ലെന്ന് ബോൺഹാംസ് സെയിൽ മേധാവി റിയാനോൺ ഡെമറി പറഞ്ഞു.
1989-ൽ മരിക്കുന്നതുവരെ ഈ ഛായാചിത്രം ക്ലെയർ ലിംഗ്ടന്‍റെ സ്വകാര്യ ശേഖരത്തിലായിരുന്നു. പിന്നീട് ഇത് അവരുടെ കുടുംബത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു, അതിനാൽ ഈ കലാസൃഷ്ടി ലോകമെമ്പാടും ഇത്രയധികം താൽപ്പര്യം ജനിപ്പിച്ചതിൽ അതിശയിക്കാനില്ലെന്നും ഡെമറി കൂട്ടിച്ചേര്‍ത്തു. 1974-ൽ, പൊതുപ്രദർശനത്തിന് വച്ചപ്പോൾ, ഛായാചിത്രം ഹിന്ദു വലതുപക്ഷ തീവ്രവാദികൾ കത്തിക്കൊണ്ട് അക്രമിച്ച് കേടുപാടുകൾ വരുത്തിയിരുന്നു. ചിത്രത്തിൽ പലയിടത്തും അറ്റകുറ്റപ്പണികളുടെ ലക്ഷണങ്ങളുണ്ട്. 1931-ൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധി പങ്കെടുക്കുന്ന സമയത്താണ്, ദിവസങ്ങളോളം അദ്ദേഹത്തെ സന്ദര്‍ശിച്ചാണ് ബ്രിട്ടീഷ് അമേരിക്കൻ കലാകാരിയായ ക്ലെയർ ലൈറ്റൺ ഈ ചിത്രം വരയ്ക്കുന്നത്.


