സുരക്ഷാ ക്യാമറയിൽ പറഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് വിനോദസഞ്ചാരികളുടെ പ്രവൃത്തിയെ മ്യൂസിയം അധികൃതർ പരസ്യമായി അപലപിച്ചു.
ഇറ്റലിയിലെ വെറോണയിലുള്ള പലാസോ മാഫി മ്യൂസിയത്തിൽ ഒരു വിനോദസഞ്ചാരി നടത്തിയ അശ്രദ്ധമായ പ്രവൃത്തി വ്യാപകമായ വിമർശനത്തിന് ഇടയാക്കി. ഫോട്ടോ എടുക്കുന്നതിനായി ഇയാൾ ഒരു ആർട്ട് ഇൻസ്റ്റലേഷനിൽ ഇരുന്ന് അതിന് കേടുപാടുകൾ വരുത്തുകയായിരുന്നു.
പ്രദർശനത്തിന്റെ സൂക്ഷ്മ സ്വഭാവം അവഗണിച്ച്, ആയിരക്കണക്കിന് സ്വരോവ്സ്കി സ്ഥടികങ്ങൾ കൊണ്ട് അലങ്കരിച്ച, കലാസൃഷ്ടിയായ കസേരയിൽ ഇയാൾ ഫോട്ടോ എടുക്കുന്നതിനായി ഇരുന്നപ്പോഴാണ് അത് തകർന്നു വീണത്. മ്യൂസിയത്തിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ഇയാളുടെ അപക്വവും അനാവശ്യവുമായ പ്രവൃത്തി വ്യക്തമായി കാണാം.
ഇൻസ്റ്റലേഷനിൽ തൊടരുത് എന്ന് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നിട്ടും ഇയാൾ അതിൽ കയറിയിരുന്നു ഫോട്ടോ എടുക്കാൻ ശ്രമിക്കുകയായിരുന്നു. അതോടെ ഇയാളുടെ ഭാരം താങ്ങാൻ കഴിയാതെ കസേര തകർന്നു വീണു. നിലത്ത് വീഴാതിരിക്കാൻ ഇയാൾ ഒരു ചുമരിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ഇയാൾക്കൊപ്പം ഉണ്ടായിരുന്ന യുവതി ആർട്ട്‌വർക്കിൽ ഇരിക്കുന്നതുപോലെ നടിച്ച് ആദ്യം ഫോട്ടോ എടുത്തിരുന്നു. അങ്ങനെ ചെയ്യുന്നതിനു പകരം ഇയാൾ ആർട്ട്‌വർക്കിൽ ഇരുന്നതാണ് അത് തകർന്നുവീഴാൻ കാരണം ആയത്. അപകടം സംഭവിച്ചതും സുരക്ഷാ ഉദ്യോഗസ്ഥർ എത്തുന്നതിനു മുൻപായി ഇവർ അവിടെ നിന്നും ഓടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
സുരക്ഷാ ക്യാമറയിൽ പറഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് വിനോദസഞ്ചാരികളുടെ പ്രവൃത്തിയെ മ്യൂസിയം അധികൃതർ പരസ്യമായി അപലപിച്ചു. കലയെയും സാംസ്കാരിക പൈതൃകത്തെയും ബഹുമാനിക്കുന്നതിനുള്ള എല്ലാ നിയമങ്ങളും അവർ ലംഘിച്ചു എന്നും മ്യൂസിയം കൂട്ടിച്ചേർത്തു.
കേടുപാടുകൾ സംഭവിച്ച ഇൻസ്റ്റലേഷൻ 'വാൻ ഗോഗ് ചെയർ' എന്നാണ് അറിയപ്പെടുന്നത്. ഇറ്റാലിയൻ കലാകാരിയായ നിക്കോള ബൊള്ളയുടെ അതിലോലമായ സൃഷ്ടിയാണ് ഇത്. പ്രശസ്തമായ ഒരു വാൻ ഗോഗ് പെയിന്റിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട, ഇൻസ്റ്റലേഷൻ പൂർണ്ണമായും സ്വരോവ്സ്കി സ്ഫടികങ്ങൾ കൊണ്ട് പൊതിഞ്ഞതാണ്, കൂടാതെ ഇത് പ്രദർശനത്തിലെ മുഖ്യ ആകർഷണവും ആയിരുന്നു.


