'അതേ, വീട്ടിലെന്തെങ്കിലും പ്ലാസ്റ്റിക് വേസ്റ്റുണ്ടെങ്കില്‍ അതിങ്ങ് തന്നേക്ക്' എന്ന് ആരെങ്കിലും പറഞ്ഞാല്‍ നമ്മളൊന്ന് ഞെട്ടും അല്ലേ? എന്തിനാണ് ഇവര്‍ക്കീ പ്ലാസ്റ്റിക് മാലിന്യം എന്ന് ആലോചിച്ചിട്ട്. അത് തന്നെയായിരുന്നു ദില്ലി സ്വദേശിയായ മണ്‍വീര്‍ സിങ്ങിന്‍റെ സുഹൃത്തുക്കളുടെയും അയല്‍ക്കാരുടെയും അവസ്ഥ. മണ്‍വീര്‍ അവരോട് വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ക്കത് അവിശ്വസനീയമായി തോന്നി. ഏതായാലും പ്ലാസ്റ്റിക്കുകള്‍ ഇടാന്‍ മണ്‍വീര്‍ അവര്‍ക്കൊരോ ബോക്സും കൊടുത്തു. 15 ദിവസം കൂടുമ്പോള്‍ ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ താൻ വന്ന് എടുത്തുകൊള്ളാമെന്നും പറഞ്ഞു. 

2018 -ലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനായി ഒരു വേറിട്ട പ്രവര്‍ത്തനം മണ്‍വീര്‍ തുടങ്ങിയത്. ഇന്ന് പ്ലാസ്റ്റിക് ഉപയോ​ഗിച്ചിട്ടുള്ള ആ ആർട്ട് വർക്കുകൾ മ്യൂസിയത്തിലും ആര്‍ട്ട് ഗാലറികളിലും ആര്‍ട്ട് ഫെയറുകളിലും ഒക്കെ പ്രദര്‍ശിപ്പിക്കുന്നു. ആര്‍ട്ടിസ്റ്റും അധ്യാപകനുമായ മണ്‍വീര്‍, ഒരു കലാകാരന്‍ പെയിന്‍റ് ഉപയോഗിക്കുന്നതു പോലെ തന്നെയാണ് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്. 

'ലാൻഡ്സ്കേപ്പ് പെയിന്റിംഗുകളിലൂടെ, പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എന്റെ കലാപരമായ യാത്ര ആരംഭിച്ചത്. എന്നാൽ താമസിയാതെ, എന്റെ പെയിന്റിംഗുകൾ എനിക്കും വാങ്ങുന്നയാൾക്കും മാത്രമേ പ്രയോജനം ചെയ്യുന്നുള്ളൂ എന്ന് ഞാൻ മനസ്സിലാക്കി. കൂടുതൽ ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. പ്രകൃതി വരയ്ക്കാനുള്ള ഒരു വിഷയം മാത്രമായി ചുരുങ്ങരുത് എന്ന് ഞാന്‍ കരുതി. കിണറുകൾ കുഴിക്കുമ്പോൾ കർഷകർ വെള്ളത്തിനുപകരം പ്ലാസ്റ്റിക്ക് പാളികൾ കണ്ടെത്തുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എന്റെ ജീവിതവും ജോലിയും കേന്ദ്രീകരിച്ചിരിക്കുന്നത് ഭൂമി എങ്ങനെയാണ് ഒരു പ്ലാസ്റ്റിക് ഗ്രഹമായി മാറുന്നത് എന്നതുമായി ബന്ധപ്പെട്ടിട്ടായിരുന്നു' മണ്‍വീർ ദി ബെറ്റർ ഇന്ത്യയോട് പറയുന്നു.

വളരെ പെട്ടെന്ന് തന്നെ 25 കുടുംബങ്ങളുമായി ചേര്‍ന്ന് 250 കിലോ പ്ലാസ്റ്റിക്കുകള്‍ മണ്‍വീര്‍ ശേഖരിച്ചു. അതില്‍ പ്ലാസ്റ്റിക് ബാഗുകളും കവറുകളും എല്ലാം പെടുന്നു. 11 കലാസൃഷ്ടികൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ബോർഡ്, മെറ്റൽ, മിറർ തുടങ്ങിയവയാണ് ഉപയോഗിച്ചത്. ഓരോന്നും പൂര്‍ണമാവാന്‍ 2-3 മാസമെടുത്തു. 'എല്ലാ കലാസൃഷ്ടികളും എന്റെ സ്റ്റുഡിയോയിൽ പ്രദർശിപ്പിച്ചതിനുശേഷം ഞാൻ സൂക്ഷിക്കുന്നു. എല്ലാ വസ്തുക്കളും അഴുകുന്നതിന് നൂറുകണക്കിന് വർഷങ്ങൾ എടുക്കും' മണ്‍വീർ കൂട്ടിച്ചേർക്കുന്നു. 

മണ്‍‌വീർ തന്റെ ഓരോ ഇൻസ്റ്റാളേഷനും പിന്നിൽ  ശ്രദ്ധാപൂർവ്വം ഒരു വിവരണവും നല്‍കുന്നുണ്ട്. ഇത് പ്ലാസ്റ്റിക് ഉപഭോഗ സ്വഭാവത്തിന്റെ യാഥാർത്ഥ്യത്തെയും ഒരൊറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഭൂമിക്ക് വരുത്തുന്ന നാശത്തിന്റെ വ്യാപ്തിയെയും കാണിക്കുന്നതാണ്. 'ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപഭോഗം കുറക്കുകയും മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്യുന്നതിലൂടെ പ്ലാസ്റ്റിക് പുനരുപയോ​ഗിക്കാൻ ആളുകളെ പ്രേരിപ്പിക്കാനുള്ള ഒരു ദൗത്യത്തിലാണ് താൻ' എന്നാണ് ഈ കലാകാരന്‍ പറയുന്നത്. ഏതായാലും മൺവീർ തന്റെ കലാസൃഷ്ടികളിലൂടെ പ്രകൃതിയോടുള്ള സ്നേഹം കൂടി പ്രകടിപ്പിക്കുകയാണ്.