Asianet News MalayalamAsianet News Malayalam

ഫെമിനിസ്റ്റ് ഐക്കണ്‍ മേരി വോൾസ്റ്റൊൺക്രാഫ്റ്റിനോടുള്ള ആദരവായി നഗ്നശില്‍പം, കടുത്ത വിമര്‍ശനങ്ങള്‍, വിവാദം

എന്നാല്‍, വിവാദമായ ശില്‍പത്തിന്‍റെ ശില്‍പി ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റായ മാഗി ഹാംപ്ലിങ് പറയുന്നത് ഇത് മേരി വോൾസ്റ്റൊൺക്രാഫ്റ്റിന് സമര്‍പ്പിക്കുന്ന ശില്‍പമാണ് എന്നാണ്. 

Mary Wollstonecraft nude sculpture faces criticism
Author
London, First Published Nov 11, 2020, 12:33 PM IST

ചൊവ്വാഴ്ചയാണ് ലണ്ടനില്‍ ഒരു ശില്‍പം അനാച്ഛാദനം ചെയ്‍തത്. ആ സമയം മുതല്‍ കടുത്ത വിമര്‍ശനങ്ങളാണ് ആ ശില്‍പം ഏറ്റുവാങ്ങുന്നത്. ഫെമിനിസ്റ്റ് തത്വചിന്തയുടെ സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്ന മേരി വോൾസ്റ്റൊൺക്രാഫ്റ്റിന്‍റെയാണ് ശില്‍പം. അത് വിമര്‍ശനം നേരിടാന്‍ കാരണം വേറൊന്നുമല്ല, നഗ്നമായ ശില്‍പമാണ് ലണ്ടനില്‍ അനാച്ഛാദനം ചെയ്‍തിരിക്കുന്നത്. ന്യൂവിംഗ്‌ടൺ ഗ്രീനിൽ സ്ഥാപിച്ച ഈ വെള്ളിശില്‍പം ഒരു നഗ്നയായ സ്ത്രീ ഒരു പീഠത്തില്‍ നിന്നും ഉയര്‍ന്നുവരുന്നതായിട്ടാണ് കാണിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ എഴുത്തുകാരുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നതായിട്ടാണ് ശില്‍പം പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും അതിലെ നഗ്നത ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനങ്ങളാണ് സാഹിത്യലോകത്തും കലാരംഗത്തുമുള്ളവരുമടക്കം ഉന്നയിക്കുന്നത്. 

'മേരി ഓൺ ദി ഗ്രീൻ' പ്രചാരണത്തിന്‍റെ ഭാഗമായി 10 വർഷത്തെ പ്രവർത്തനത്തിന്‍റെ ഫലമായിട്ടാണ് ശില്‍പം നിർമ്മിക്കാൻ ആവശ്യമായ 190,000 ഡോളർ സമാഹരിച്ചതെന്ന്  ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍, ശില്‍പ്പത്തിന്‍റെ നഗ്നതയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് മുന്നോട്ടു വന്നത്. ഇങ്ങനെ നഗ്നമായൊരു പ്രതിമ പൊതുസ്ഥലത്ത് വച്ചതിനെച്ചൊല്ലിയും വിമര്‍ശകര്‍ ആരോപണങ്ങളുന്നയിച്ചു. 

'ഇതുവഴി കടന്നുപോകുന്ന ഒരു കൗമാരക്കാരനും ഓ, ഇത് ഫെമിനിസ്റ്റ് വിദ്യാഭ്യാസത്തിന്‍റെ ബിംബമാണ് എന്നൊന്നും ചിന്തിക്കില്ല. പകരം നഗ്നമായ ശരീരത്തിലാണ് കണ്ണുടക്കുക' എന്ന് ബ്രിട്ടീഷ് എഴുത്തുകാരിയായ ട്രേസി കിംഗ് പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് എഴുതുന്നു. എഴുത്തുകാരിയായ കൈത്ത്‍ലിന്‍ മോറന്‍ ട്വീറ്റ് ചെയ്‍തത് 'ചര്‍ച്ചിലിനോടുള്ള ആദരസൂചകമായി ഒരു ചെറുപ്പക്കാരന്‍റെ നഗ്നമായ 'ഹോട്ട്' എന്ന് തോന്നിക്കുന്ന പ്രതിമ നിര്‍മ്മിച്ച് പൊതുസ്ഥലത്ത് വച്ചാലെന്ത് തോന്നും? അത് അപഹാസ്യമായിരിക്കില്ലേ? അതേ അപഹാസ്യത തന്നെയാണ് ഈ പ്രതിമ കാണുമ്പോഴും തോന്നുന്നത്' എന്നാണ്.

Mary Wollstonecraft nude sculpture faces criticism

പാര്‍ലിമെന്‍റ് സ്‍ക്വയറില്‍ ശ്രദ്ധേയായ ഒരു യുവതിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട ക്രിയാഡോ പെറെസ് പറഞ്ഞത് 'ഇത് മേരി വോൾസ്റ്റൊൺക്രാഫ്റ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്' എന്നാണ്. 'ഇത് കണ്ട് മേരി വോൾസ്റ്റൊൺക്രാഫ്റ്റിന് അഭിമാനം തോന്നുകയില്ല. നഗ്നമായ, കൃത്യമായ അഴകളവുകളൊക്കെ പാലിക്കുന്ന സുന്ദരമായ ഒരു പ്രതിമ അവര്‍ക്ക് സന്തോഷം നല്‍കുമെന്ന് തോന്നുന്നില്ലാ'യെന്നും അവര്‍ പ്രതികരിക്കുകയുണ്ടായി. 

എന്നാല്‍, വിവാദമായ ശില്‍പത്തിന്‍റെ ശില്‍പി ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റായ മാഗി ഹാംപ്ലിങ് പറയുന്നത് ഇത് മേരി വോൾസ്റ്റൊൺക്രാഫ്റ്റിന് സമര്‍പ്പിക്കുന്ന ശില്‍പമാണ് എന്നാണ്. 'ഇത് മേരി വോള്‍സ്റ്റൊണ്‍ക്രാഫ്റ്റിന്‍റെ സാഹസികതകളെ സൂചിപ്പിക്കുന്ന ഒന്നല്ല. ഇതൊരു ശില്‍പമാണ്. അവരുടെ ആത്മാവാണ് ഈ നഗ്നശില്‍പം പ്രതിനിധാനം ചെയ്യുന്നത്. വസ്ത്രങ്ങള്‍ ഓരോ മനുഷ്യരെയും വെളിപ്പെടുത്തുന്നതാണ്. എന്നാല്‍, അവള്‍ എല്ലാവരുമാണ്. അവരെ കാണിക്കാന്‍ ഏതെങ്കിലും ഒരു പ്രത്യേക വസ്ത്രം നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല' എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

വോൾസ്റ്റൊൺക്രാഫ്റ്റിന് വേണ്ടി ശില്‍പം നിര്‍മ്മിക്കുന്നതിനായി പ്രവര്‍ത്തിച്ച ബീ റൗലട്ട് പറയുന്നത്, വേണമെങ്കില്‍ നമുക്ക് പരമ്പരാഗതരീതിയിലുള്ള, വിക്ടോറിയന്‍ കാലഘട്ടത്തെ അനുസ്‍മരിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ ചെയ്‍തുപോവാമായിരുന്നു. എന്നാലിത് നവീനവും ഫെമിനിസത്തിന്‍റെ ജനനത്തെ സൂചിപ്പിക്കുന്നതുമാണ്. അതില്‍ കലയെ കാണാതെ നഗ്നത കാണുന്നിടത്ത് മാത്രമാണ് പ്രശ്‍നം' എന്നാണ്. 

ഏതായാലും മരിച്ച് രണ്ട് നൂറ്റാണ്ടിനുശേഷം മേരി വോൾസ്റ്റൊൺക്രാഫ്റ്റിന് ലഭിച്ചിട്ടുള്ള ഈ ആദരം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios