ലോകമാകെ കൊവിഡ് പ്രതിരോധത്തിലാണ്. ഇന്ത്യയടക്കം രാജ്യങ്ങളില്‍ സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയും ചെയ്‍തിരിക്കുന്നു. ഇളവുകളോടു കൂടിയാണെങ്കിലും പല രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഒരുപക്ഷേ, ഒന്നോ രണ്ടോ മാസമായി നമ്മില്‍ പലരും വീട്ടിലിരിപ്പ് തുടങ്ങിയിട്ട്. പല സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ചിലവയെല്ലാം വര്‍ക്ക് ഫ്രം ഹോം രീതി അവലംബിച്ചു. ചിലര്‍ക്കാകട്ടെ തൊഴിലിന് പോവാനേ കഴിയാത്ത സാഹചര്യമാണ്. പരസ്‍പരം സ്നേഹിച്ചും സാന്ത്വനിപ്പിച്ചും ഈ നേരവും കടന്നുപോകുമെന്ന് ആശ്വസിപ്പിച്ചും ജനങ്ങള്‍ വീട്ടില്‍ കഴിയുകയാണ്. 

കൊവിഡുമായി ബന്ധപ്പെട്ട് ഏപ്രില്‍ മാസം ആദ്യമാണ് സിംഗപ്പൂരില്‍ സര്‍ക്കാര്‍ ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെടുന്നത്. ഈ ലോക്ക്ഡൗണ്‍ സമയത്താണ് ഫോട്ടോഗ്രാഫറായ നിക്കി ലോ വീഡിയോ ചാറ്റിലൂടെ ചില കുടുംബ ചിത്രങ്ങള്‍ പകര്‍ത്തിത്തുടങ്ങിയത്. എങ്ങനെയാണ് ഈ ലോക്ക്ഡൗണ്‍ കാലം നാം കടന്നുപോകുന്നതെന്നുള്ളത് പകര്‍ത്തിവെക്കുക എന്നതായിരുന്നു ഈ പ്രൊജക്ടിന്‍റെ ലക്ഷ്യം. 

 

ലോ -യെ സംബന്ധിച്ച് ഈ കുടുംബചിത്രങ്ങള്‍ കുടുംബത്തിലുള്ള ഓരോ മനുഷ്യരും പരസ്‍പരം എങ്ങനെ അടുത്തിരിക്കുന്നുവെന്നും അവര്‍ തമ്മിലുള്ള സ്നേഹവുമെല്ലാം അടയാളപ്പെടുത്തുന്ന ഒന്നാണ്. ''കൊവിഡ് 19 ലോക്ക്ഡൗണ്‍ കടന്നുപോകുമ്പോള്‍ ഇത് നാം വീട്ടുകാരുമായും നമ്മുടെ പ്രിയപ്പെട്ടവരുമായും ഏറ്റവും അടുത്ത് ഇടപെടുന്ന സമയമാണ്. ഇത്രയധികം നേരം നാം ചിലപ്പോള്‍ അടുത്തകാലത്തൊന്നും വീട്ടുകാര്‍ക്കൊപ്പം ചെലവഴിച്ചിട്ടുണ്ടാവില്ല. അതുകൊണ്ട് ഞാന്‍ എന്‍റെ ക്യാമറ ഉപയോഗിച്ച് വീഡിയോ ചാറ്റിലൂടെ ആ ചിത്രങ്ങള്‍ പകര്‍ത്തി...'' എന്നാണ് ലോ പറയുന്നത്. 

 

നാമെല്ലാം വളരെ തിരക്ക് പിടിച്ച് ലോകത്തില്‍ തിരക്കുള്ള ജീവിതം ജീവിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാത്തിനും പിറകെ ഓടിക്കഴിയുമ്പോള്‍ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് കുടുംബമാണെന്ന തിരിച്ചറിവിലേക്കാണ് ഒടുവില്‍ നാം എത്തിച്ചേരുക. എല്ലാത്തിലും വലുത് കുടുംബമാണെന്ന് അതിനകത്തെ സ്നേഹമാണെന്ന് നാം തിരിച്ചറിയുന്ന നേരം വരുമെന്നും ലോ പറയുന്നു. 

കുടുംബത്തിലെ അംഗങ്ങളെല്ലാം ഒരുമിച്ചിരിക്കുന്നതിന്‍റെ, ഒരുമിച്ച് സമയം ചെലവഴിക്കുന്നതിന്‍റെ ചിത്രങ്ങളാണ് വീഡിയോ ചാറ്റ് വഴി ലോ പകര്‍ത്തിയിരിക്കുന്നത്. ലോ പകര്‍ത്തിയിരിക്കുന്ന ചിത്രങ്ങള്‍ കാണാം: