എല്ലായിടത്തുനിന്നും മാറ്റിനിര്‍ത്തപ്പെടുന്ന ഒരു കുട്ടിയായിരുന്നു ചെറുപ്പത്തില്‍ റെനെല്ലെ സ്നെല്ലക്സ്. 'ആര്‍ക്കും ഇഷ്ടപ്പെടാത്തൊരാള്‍' എന്നാണ് റെനെല്ലെ തന്നെത്തന്നെ വിളിച്ചിരുന്നത്. പലപ്പോഴും അവളുടെ സ്വഭാവം തന്നെയാണ് അവളെ മറ്റുള്ളവരില്‍നിന്നും മാറ്റിനിര്‍ത്തിയത്. എന്നാല്‍, അവളങ്ങനെയായതിന് ഒരു കാരണമുണ്ടായിരുന്നു... ആ കാരണത്തില്‍ കുടുങ്ങിക്കുടുങ്ങി, ആരോടും ഒന്നും പറയാതെ ഒരു വലിയ മുറിവുമായി അവള്‍ ജീവിച്ചു. പക്ഷേ, കാലങ്ങള്‍ കഴിഞ്ഞുപോയി. ഒരിക്കലും ഉണങ്ങില്ലെന്ന് കരുതിയ അവളുടെ മുറിവിന് ഒരു പുതിയ മരുന്ന് അവള്‍ തന്നെ കണ്ടെത്തി. അത് നൃത്തമായിരുന്നു. കലയ്ക്ക് മാത്രമുള്ള ഒരു കഴിവാണത്. ലോകത്തിലെ എല്ലാ വേദനകളെയും ഇല്ലാതാക്കുകയും മനുഷ്യര്‍ കലയോട് ചേരുകയും ചെയ്യുന്നുവെന്ന് അവള്‍ തിരിച്ചറിഞ്ഞു. വെറും നൃത്തമല്ല, ഡാന്‍സ് തെറാപ്പിയുടെ വലിയൊരു ലോകമായിരുന്നു അത്.

റെനെല്ലയുടെ ജീവിതം

'സ്കൂളില്‍ ഞാനെപ്പോഴും മാറ്റിനിര്‍ത്തപ്പെടുന്ന ഒരു കുട്ടിയായിരുന്നു. ആര്‍ക്കും ഒരിക്കലും സുഹൃത്തായിരിക്കാന്‍ പറ്റാത്തൊരാളായിരുന്നു ഞാന്‍.' എന്നാണ് റെനെല്ലെ തന്‍റെ സ്കൂള്‍ കാലഘട്ടത്തെ കുറിച്ച് പറയുന്നത്. എന്നാല്‍, തന്‍റെ സ്വഭാവം കുട്ടിക്കാലത്ത് തനിക്കനുഭവിക്കേണ്ടി വന്ന ക്രൂരതയുടേയും ആത്മസംഘര്‍ഷങ്ങളുടെയും ഫലമായിരുന്നുവെന്നും റെനെല്ലെ പറയുന്നു. ''എനിക്ക് പത്തുവയസ്സുള്ളപ്പോഴാണ്. വര്‍ഷങ്ങളോളം നിരന്തരമായി ഞാന്‍ ലൈംഗിക പീഡനത്തിനിരയായി. അതിനെക്കുറിച്ച് ആരോടെങ്കിലും പറയാന്‍ പോലും പറ്റുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നോടൊപ്പം അത് മണ്ണടിയുമെന്ന് ഞാന്‍ കരുതി...'' റെനെല്ലെ പറയുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരിയായിരുന്നു റെനെല്ലെ. അതിന് കാരണവും അവളനുഭവിച്ച ആരോടും പറയാനാവാത്ത ക്രൂരതകള്‍ തന്നെയായിരുന്നു. ഏതായാലും അതില്‍ നിന്നെല്ലാം എന്നേക്കുമായി സ്വതന്ത്രയാകാന്‍ പറ്റുമെന്നോ, അവളുടെ മുറിവുകളെല്ലാം കരിയുമെന്നോ ഒരിക്കലും അവള്‍ കരുതിയിരുന്നില്ല. എന്നാല്‍, അത് സംഭവിച്ചു. 

ഡാന്‍സ് മൂവ്മെന്‍റ് തെറാപ്പി

തനിക്ക് എല്ലായ്പ്പോഴും ഡാന്‍സ് ചെയ്യാനിഷ്ടമായിരുന്നു. താന്‍ നടന്നുതുടങ്ങുന്നതിന് മുമ്പ് തന്നെ ഡാന്‍സ് ചെയ്യുമായിരുന്നുവെന്ന് തന്‍റെ അമ്മ പറഞ്ഞിട്ടുണ്ടെന്ന് റെനെല്ലെ പറയുന്നു. വളര്‍ന്നപ്പോള്‍ കണ്ടമ്പററി ഡാന്‍സറായി പരിശീലനം നേടി. പക്ഷേ, കോളേജ് പഠനം കഴിഞ്ഞയുടനെ മീഡിയയിലേക്ക് ജോലിക്ക് കയറി. അവിടെവെച്ചാണ് കല്‍ക്കത്ത സന്‍വേദിന്‍റെ സ്ഥാപകയും ഡയറക്ടറുമായ സോഹിനിയെ പരിചയപ്പെടുന്നതും അവരുടെ ഒരു പ്രോഗ്രാമില്‍ പങ്കെടുക്കുന്നതും. ''അതെനിക്ക് തന്ന ശക്തി ചെറുതായിരുന്നില്ല. ഡാന്‍സ് മൂവ്മെന്‍റ് തെറാപ്പി എങ്ങനെയാണ് ഒരു മനുഷ്യനെ മാറ്റുന്നതെന്ന് അന്നാണ് ഞാന്‍ മനസിലാക്കുന്നത്.'' റെനെല്ലെ പറയുന്നു. 

2011 -ലാണത്. ഒരു മീഡിയ ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്യുകയായിരുന്നു റെനെല്ലെ. അവള്‍ തന്‍റെ ജോലി രാജിവെച്ചു. ഡാന്‍സ് മൂവ്മെന്‍റ് തെറാപ്പിയിലേക്ക് കടന്നത് അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഒരിക്കലും ഇങ്ങനെയൊരു പൊസിറ്റീവ് ചിന്താഗതിയിലുള്ള ആളായി താന്‍ മാറുമെന്ന് കരുതിയിരുന്നില്ല എന്നാണ് അതിനെക്കുറിച്ച് റെനെല്ലെ പറയുന്നത്. അവള്‍ക്കെപ്പോഴും ഡാന്‍സ് ഇഷ്ടമായിരുന്നു. കണ്ടമ്പററി ഡാന്‍സ് പരിശീലിക്കുകയും ചെയ്‍തിരുന്നു അവള്‍. പക്ഷേ, അതിന് എല്ലാ വേദനകളേയും മായ്‍ച്ചു കളയാനാകുന്നൊരു ശക്തിയുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല. മുംബൈയില്‍ ഒരു പത്തുദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്‍തതോടെയാണ് റെനെല്ലെയുടെ ജീവിതം മാറുന്നത്. അതൊരു പുതിയ ജീവിതത്തിലേക്കുള്ള റെനെല്ലെയുടെ തുടക്കമായിരുന്നു. അവളുടെ മാത്രമല്ല. അവളുടെ ചുറ്റുമുള്ള പലരുടേയും ജീവിതം അത് മാറ്റിമറിച്ചു. നൃത്തത്തിലൂടെ/ചലനത്തിലൂടെ ഒരു വ്യക്തിയുടെ വൈകാരികവും സാമൂഹികവും വൈജ്ഞാനികവും ശാരീരികവുമായ അവസ്ഥയെ സ്വാധീനിക്കുകയും മാറ്റുകയുമാണ് ഇവിടെ ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ സ്വാധീനിക്കുന്നു. 

തന്‍റെ അവസ്ഥയിലുള്ള മാറ്റം റെനെല്ലെയെ തന്നെ അമ്പരപ്പിച്ചിരുന്നു. അതുവരെയുണ്ടായിരുന്ന എല്ലാത്തരം ആത്മസംഘര്‍ഷങ്ങളില്‍ നിന്നും വിടുതല്‍ നേടിയത് അവളെ ഡാന്‍സ് മൂവ്മെന്‍റ് തെറാപ്പിയിലേക്ക് കൂടുതലടുപ്പിച്ചു. ചുറ്റുമുള്ള ആത്മസംഘര്‍ഷമനുഭവിക്കുന്ന, ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളലട്ടുന്ന മനുഷ്യരെക്കൂടി സഹായിക്കണമെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി. പെട്ടെന്ന് തന്നെ അവള്‍ കൊല്‍ക്കത്ത സന്‍വേദ് എന്ന സാഹിനിയുടെ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍റെ ഭാഗമായി. ഓര്‍ഗനൈസേഷന്‍, മനുഷ്യക്കടത്തിന് ഇരയായവര്‍, ഏതെങ്കിലും തരത്തിലുള്ള പീഡനത്തെ അതിജീവിച്ചവര്‍ എന്നിവര്‍ക്കൊക്കെ തെറാപ്പി നല്‍കുന്നുണ്ടായിരുന്നു. 

അത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന, അതിനെ അതിജീവിച്ച മനുഷ്യര്‍ക്ക് കൗണ്‍സിലിങ് നല്‍കിയതുകൊണ്ടോ അവരെ വേറെവിടെയെങ്കിലും മാറ്റിപ്പാര്‍പ്പിച്ചതുകൊണ്ടോ അവരനുഭവിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും പുറത്ത് കടത്താന്‍ പറ്റണമെന്നില്ല. പലപ്പോഴും അവര്‍ പിന്നീട് ചെയ്യുന്ന കാര്യങ്ങള്‍ ദേഷ്യത്തോടെയോ, വിഷാദത്തോടെയോ, അവനവനെത്തന്നെ വെറുത്തുകൊണ്ടോ ആയിരിക്കും. അതില്‍നിന്നുള്ള മോചനമാണ് ഡാന്‍സ് തെറാപ്പിയിലൂടെ നല്‍കുന്നതെന്ന് റെനെല്ലെ പറയുന്നു. 

ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് എല്ലായ്പ്പോഴും താനനുഭവിക്കുന്ന മാനസികപ്രയാസങ്ങള്‍ വാക്കുകളിലൂടെ പറഞ്ഞറിയിക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍, ഡാന്‍സ്/മൂവ്മെന്‍റ് തെറാപ്പി സുരക്ഷിതവും ജഡ്‍ജ് ചെയ്യപ്പെടാത്തതും യാതൊരു തരത്തിലുള്ള ഭീഷണികളില്ലാത്തതുമായ ഒരു മാര്‍ഗ്ഗമാണ്. മനുഷ്യരെ അവര്‍ക്കിഷ്ടമുള്ളതുപോലെ ചലിക്കാന്‍ വിടുന്നു. ഉദാഹരണത്തിന്, ഇൻസ്ട്രുമെന്റൽ സംഗീതം ഉപയോഗിക്കുമ്പോള്‍ ഒരാള്‍ എങ്ങനെ നീങ്ങാമെന്ന് നമുക്ക് പറയാനാകില്ല അതുപോലെ. കഴിഞ്ഞ ഏഴ് വർഷമായി കൊൽക്കത്ത സാൻ‌വേദിനൊപ്പം പ്രവർത്തിക്കുന്ന റെനെല്ലെ പൂനെയിലും മുംബൈയിലുമെല്ലാം തെറാപ്പി നല്‍കുന്നു. ഓരോ തവണയും അവിടെയെത്തുന്ന ഓരോരുത്തരും മനസ്സ് ശാന്തമാക്കി സ്വതന്ത്രമാക്കി തിരികെ പോകുന്നുവെന്നത് തനിക്ക് എത്രമാത്രം സന്തോഷമാണെന്നും റെനെല്ലെ പറയുന്നു. അവരുടെ ഭൂതകാലത്തിന്‍റെ എല്ലാ വേദനകളും ഭാരവും ഇറക്കിവെച്ചാണ് അവര്‍ തിരികെ പോവുന്നത്. 

പഴയകാല അനുഭവങ്ങള്‍ ജീവിതം തന്നെ തകര്‍ത്തുകളഞ്ഞ ചില പെണ്‍കുട്ടികള്‍ തനിക്കൊപ്പം തെറാപ്പി നടത്താനെത്തിയതിനെക്കുറിച്ച് റെനെല്ലെ ഓര്‍ക്കുന്നു. അവരിപ്പോള്‍ പൊലീസ് ഫോഴ്‍സിലും മെഡിക്കല്‍ മേഖലയിലും പ്രവര്‍ത്തിക്കുകയാണെന്നും റെനെല്ലെ പറയുന്നു. ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവര്‍, മനുഷ്യക്കടത്തിനെ അതിജീവിച്ചവര്‍, ഇവര്‍ക്ക് പുറമെ പ്രായമായവര്‍, കാന്‍സര്‍ പോലെയുള്ള അസുഖങ്ങളുണ്ടായിരുന്ന കുഞ്ഞുങ്ങള്‍ തുടങ്ങിയവര്‍ക്കൊക്കെ വേണ്ടി റെനെല്ലെ പ്രവര്‍ത്തിക്കുന്നു. 

ഇന്ന് റെനെല്ലെ പൂനെയിലാണ് പ്രവര്‍ത്തിക്കുന്നത്. അതോടൊപ്പം തന്നെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ ഗസ്റ്റ് ലക്ചററായിട്ടും അവള്‍ പ്രവര്‍ത്തിക്കുന്നു. ഡാന്‍സ് മൂവ്മെന്‍റ് തെറാപ്പിയുമായി ബന്ധപ്പെട്ട ഒരു ഡിപ്ലോമാ കോഴ്സും കൊല്‍ക്കത്ത സന്‍വേദുമായി ബന്ധപ്പെട്ട് അവര്‍ നല്‍കുന്നുണ്ട്. തന്‍റേതല്ലാത്ത തെറ്റിന്‍റെ പേരില്‍ ജീവിതത്തിലെ ഒരു വലിയ കാലം വേദനകളിലും ആത്മനിന്ദയിലും കഴിച്ചുകൂട്ടിയ റെനെല്ലെയ്ക്ക് അതില്‍ നിന്ന് മോചനം നല്‍കിയത് ഡാന്‍സ് തെറാപ്പിയാണ്. തന്നെപ്പോലെയുള്ള അനേകരെ സഹായിക്കാന്‍ അവളിന്ന് ആ വഴി തന്നെ തെരഞ്ഞെടുത്തിരിക്കുന്നു.