വാന്‍ ഗോഗ് എപ്പോഴും സാധാരണക്കാരായ മനുഷ്യരുടെ വികാരങ്ങളെ പകര്‍ത്താനിഷ്ടപ്പെട്ടിരുന്നു എന്നും അവര്‍ പറയുന്നു. 

വിന്‍സെന്‍റ് വാന്‍ഗോഗിന്‍റേത് എന്ന് വിശ്വസിക്കപ്പെടുന്ന ഇതുവരെ എവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത ഒരു പെയിന്‍റിംഗ് ആംസ്റ്റര്‍ഡാം മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് എത്തി. 'വോണ്‍ ഔട്ട്' എന്ന പെയിന്റിം​ഗിനോട് ഏറെ സാമ്യമുള്ള ഇത് ഒരു ഡച്ച് സ്വകാര്യ ശേഖരത്തിന്റെ ഭാഗമാണ്. വാൻഗോഗ് മ്യൂസിയത്തിൽ നിന്നുള്ള ചുരുക്കം ചില ആളുകൾക്ക് മാത്രമേ ഈ പെയിന്റിം​ഗിനെ കുറിച്ച് അറിയൂ. അജ്ഞാതനായി തുടരുന്ന ഈ പെയിന്‍റിംഗിന്‍റെ ഉടമ, ഒപ്പിടാത്ത ഈ ചിത്രം വാൻഗോഗിന്റെതാണോ എന്ന് നിർണ്ണയിക്കാൻ മ്യൂസിയത്തോട് ആവശ്യപ്പെടുകയായിരുന്നു. 

വരയുടെ രീതി മുതൽ, ഉപയോഗിച്ച മെറ്റീരിയലുകൾ വരെ വാൻ ഗോഗിന്റെ ഡ്രോയിംഗുകളുമായി പൊരുത്തപ്പെടുന്നു എന്നാണ് മുതിർന്ന ഗവേഷകൻ ടിയോ മീഡെൻഡോർപ്പ് വ്യാഴാഴ്ച പറഞ്ഞത്. 

"വാൻ ഗോഗിന്‍റെ ഒരു പുതിയ സൃഷ്ടി കണ്ടെത്തുന്നത് വളരെ അപൂർവമാണ്" എന്ന് മ്യൂസിയം ഡയറക്ടർ എമിലി ഗോർഡൻക്കർ പ്രസ്താവനയിൽ പറഞ്ഞു. "ഈ ആദ്യകാല ചിത്രവും അതിന്റെ കഥയും ഞങ്ങളുടെ സന്ദർശകരുമായി പങ്കിടാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു" എന്നും ഗോര്‍ഡന്‍ക്കര്‍ പറയുന്നു. വാന്‍ ഗോഗ് എപ്പോഴും സാധാരണക്കാരായ മനുഷ്യരുടെ വികാരങ്ങളെ പകര്‍ത്താനിഷ്ടപ്പെട്ടിരുന്നു എന്നും ഗോര്‍ഡന്‍ക്കര്‍ പറയുന്നു. 

വാന്‍ഗോഗ് തന്‍റെ വരയിലെ കഴിവുകള്‍ വീണ്ടും വീണ്ടും ഉയര്‍ത്തുന്നതിനായി ആളുകളുടെ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയ കാലത്തുനിന്നുള്ളതായിരിക്കാം ഈ പെയിന്‍റിംഗ് എന്നാണ് കരുതുന്നത്. തല കയ്യില്‍ താങ്ങിയിരിക്കുന്ന ഒരു വയസനായ മനുഷ്യന്‍റേതാണ് ചിത്രം. 

1882 നവംബറിലെ അവസാന ആഴ്ചകളിലായിരിക്കാം ഈ ചിത്രം പിറവി കൊണ്ടത് എന്ന് കരുതുന്നു. ആ വർഷം നവംബർ 24 -ന് വാൻ ഗോഗ് എഴുതിയ രണ്ട് കത്തുകളാണ് അങ്ങനെ വിശ്വസിക്കാന്‍ കാരണം മീനെൻഡോർപ് പറഞ്ഞു. കലാകാരൻ ഹേഗിൽ ഒരു സ്ത്രീയോടൊപ്പം താമസിക്കുന്ന സമയമായിരുന്നു അത്. ആ സമയത്ത് മാനസികമായി വാന്‍ ഗോഗ് നല്ല അവസ്ഥയിലായിരുന്നിരിക്കണം. 

ആ സമയത്ത് സഹോദരന്‍ തിയോയ്ക്കെഴുതിയ കത്തില്‍ വാന്‍ഗോഗ് താന്‍ രണ്ട് വൃദ്ധന്മാരുടെ ചിത്രങ്ങള്‍ വരച്ചതായി പറയുന്നുണ്ട്. അതായിരിക്കാം ഇത് എന്ന് കരുതുന്നു. ഏതായാലും ജീവിച്ചിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങളോ ആ കലാകാരനോ വേണ്ടത്ര അം​ഗീകരിക്കപ്പെട്ടിരുന്നില്ല. 1890 -ൽ അദ്ദേഹം ആത്മഹത്യ ചെയ്തു.