Asianet News MalayalamAsianet News Malayalam

യുവതിയുടെ കൈതട്ടി പൊട്ടിയത് 34 ലക്ഷം രൂപ വിലമതിക്കുന്ന ശിൽപം; പിന്നീട് സംഭവിച്ചത്... 

യുവതി ശില്പത്തിൽ സ്പർശിച്ചപ്പോൾ അത് സൂക്ഷിച്ചിരുന്ന പീഠത്തിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു എന്നാണ് സംഭവത്തെക്കുറിച്ച് ആർട്ട് കളക്ടറും ആർട്ടിസ്റ്റുമായ സ്റ്റീഫൻ ഗാംസൺ പറഞ്ഞത്.

woman accidently break 34 lakhs sculpture rlp
Author
First Published Feb 19, 2023, 3:58 PM IST

പ്രദർശന നഗരിയിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വില വരുന്ന ശില്പം സന്ദർശകയുടെ കൈതട്ടി നിലത്തുവീണു പൊട്ടി. ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന ആർട്ട് എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്ന 42000 ഡോളർ അതായത് 34 ലക്ഷം രൂപ വിലമതിക്കുന്ന ശില്പമാണ് സന്ദർശന നഗരിയിൽ എത്തിയ യുവതിയുടെ കൈ തട്ടി മറിഞ്ഞ് നിലത്ത് വീണ് പൊട്ടിയത്. ജെഫ് കൂൺസ് "ബലൂൺ ഡോഗ്" എന്ന ശില്പമാണ് തകർന്നത്. ആർട്ട് വിൻവുഡ് സംഘടിപ്പിച്ച എക്സിബിഷനിൽ സന്ദർശകയായി എത്തിയ യുവതിയാണ് ഇത്തരത്തിൽ അബദ്ധത്തിൽ പെട്ടത്. 

16 ഇഞ്ച് നീളവും 19 ഇഞ്ച് ഉയരവും ഉണ്ടായിരുന്ന ശില്പം ബെൽ-എയർ ഫൈൻ ആർട്ട് ബൂത്തിൽ ആയിരുന്നു പ്രദർശനത്തിനായി വെച്ചിരുന്നത്. യുവതി ശില്പത്തിൽ സ്പർശിച്ചപ്പോൾ അത് സൂക്ഷിച്ചിരുന്ന പീഠത്തിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു എന്നാണ് സംഭവത്തെക്കുറിച്ച് ആർട്ട് കളക്ടറും ആർട്ടിസ്റ്റുമായ സ്റ്റീഫൻ ഗാംസൺ പറഞ്ഞത്. നിലത്ത് വീണ ശില്പത്തിന്റെ കഷണങ്ങൾ യുവതി തന്നെ വാരിക്കൂട്ടുന്നത് കണ്ടാണ് താൻ ശ്രദ്ധിച്ചതെന്നും ഉടൻ തന്നെ താൻ ശില്പത്തിന്റെ ഉടമയായ കലാകാരനെ വിവരമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ ആളുകൾ കൂടുകയും പലരും സംഭവത്തിന്റെ ബാക്കി ദൃശ്യങ്ങൾ വീഡിയോ പിടിച്ച് സോഷ്യൽ മീഡിയയിൽ  പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ഇദ്ദേഹം പറയുന്നു.

ഈ യുവതി ആരാണെന്നോ, ഇവർക്കെതിരെ സ്വീകരിച്ചിരിക്കുന്ന തുടർനടപടികൾ എന്താണെന്നോ എന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ റിപ്പോർട്ട് പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios