Asianet News MalayalamAsianet News Malayalam

നിങ്ങള്‍ക്ക് 2019 എങ്ങനെ : വാര്‍ഷിക ഫലം

  • 2019 വര്‍ഷം ജ്യോതിഷത്തില്‍ നിങ്ങള്‍ക്ക് എങ്ങനെ
  • തയ്യാറാക്കിയത് അനില്‍ പെരുന്ന - 9847531232
Your Yearly Horoscope 2019
Author
Kerala, First Published Dec 31, 2018, 10:03 AM IST

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 3/4) - കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം ഉണ്ടായേക്കാം. ആത്മ വിശ്വാസക്കുറവ് പ്രവര്‍ത്തന മികവിനെ ബാധിക്കാതെ നോക്കണം. ജീവിത തടസ്സങ്ങള്‍ വഴിമാറി പോകുന്നതില്‍ സന്തോഷിക്കും. പിതൃതുല്യരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ വരാതെ ശ്രദ്ധിക്കണം. അവിവാഹിതര്‍ക്ക് അനുകൂലമായ വിവാഹ ബന്ധം വന്നു ചേരും. വരുമാനം വര്‍ദ്ധിക്കുമെങ്കിലും പുതിയ ബാധ്യതകള്‍ നീക്കിബാക്കി കുറയ്ക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ സമ്മര്‍ദ്ദം കുറയും.


ഇടവക്കൂറ് (കാര്‍ത്തിക 1/4, രോഹിണി, മകയിരം 1/2) -  സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കണം. ആലോചന കൂടാതെയുള്ള നിക്ഷേപങ്ങളാല്‍ നഷ്ടം വരാവുന്ന വര്‍ഷമാണ്‌. ഊഹ കച്ചവടം, കൂട്ട് സംരംഭങ്ങള്‍ മുതലായവ ഒഴിവാക്കുക. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും. ജോലിക്കാര്‍ക്ക് അനുകൂലമല്ലാത്ത സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. ആരോപണങ്ങളെ സമര്‍ഥമായി പ്രതിരോധിക്കും. ബന്ധുക്കളും സുഹൃത്ത് ജനങ്ങളും മറ്റുമായി കലഹ സാധ്യത ഉള്ളതിനാല്‍ അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. പാരമ്പര്യ സ്വത്ത് വര്‍ഷാന്ത്യത്തോടെ അനുഭവിക്കാന്‍ ലഭിച്ചേക്കും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 1/4) - ഭൂമി, വാഹന ഇടപാടുകള്‍ ലാഭമാകും. കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ക്ക് യോഗമുള്ള വര്‍ഷമാണ്‌. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്കും ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും അനുകൂല അനുഭവങ്ങള്‍ ഈ വര്‍ഷം പ്രതീക്ഷിക്കാം. വരുമാനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പരീക്ഷാ വിജയം ഉണ്ടാകും. പ്രമേഹ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം.

കര്‍ക്കടകക്കൂറ് (പുണര്‍തം 3/4, പൂയം, ആയില്യം) - ഏര്‍പ്പെടുന്ന എല്ലാ മേഖലകളിലും വിജയം വരിയ്ക്കാവുന്ന വര്‍ഷമാണ്‌. മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം പ്രതീക്ഷിക്കാം. അസാധ്യമെന്ന് മുന്‍പ് കരുതിയ പല കാര്യങ്ങളും ഈ വര്‍ഷം നിഷ്പ്രയാസം ചെയ്തു തീര്‍ക്കുവാന്‍ കഴിയും. ദീര്‍ഘ കാലമായി വിവാഹം നടക്കാതിരുന്ന പല അവിവാഹിതര്‍ക്കും വിവാഹം ഈ വര്‍ഷം പ്രതീക്ഷിക്കാം. കുടുംബാന്തരീക്ഷം പഴയതിലും സന്തോഷപ്രദമാകും.


ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 3/4) - വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഗൃഹ നിര്‍മാണം ഈ വര്‍ഷം സാധിക്കും. മുടങ്ങിക്കിടന്ന പല വരുമാന മാര്‍ഗങ്ങളും വീണ്ടും സജീവമായി പണം നല്‍കി തുടങ്ങും. ജീവിത പങ്കാളിയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കും. പൊതു രംഗത്തും സാമുദായിക രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കണമെന്നില്ല. ചിലവുകള്‍ നിയന്ത്രിക്കാന്‍ പാടുപെടും. മക്കളുടെ വിദ്യാഭ്യാസത്തിനായി പ്രതീക്ഷിച്ചതിലും അധികം പണം ചിലവാകും.


കന്നിക്കൂറ് (ഉത്രം 1/4, അത്തം, ചിത്തിര 1/2) - തൊഴില്‍ രംഗത്ത് ക്ലേശ അനുഭവങ്ങള്‍ ഉണ്ടാകാവുന്ന വര്‍ഷമാണ്‌. അനുകൂലമല്ലാത്ത മാറ്റങ്ങള്‍ കര്‍മ രംഗത്ത് പ്രതീക്ഷിക്കണം. പൊതുവേ ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ ഈ വര്‍ഷം പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് മത്സര വിജയവും ഉപരി പഠനവും സാധ്യമാകും. അവിവാഹിതരുടെ വിവാഹ കാര്യങ്ങളില്‍ പലവിധ തടസ്സങ്ങളും ഉണ്ടാകും. ആരോഗ്യപരമായി ഉണ്ടായിരുന്ന ക്ലേശങ്ങള്‍ കുറയും. ധാരാളം യാത്രകള്‍ ആവശ്യമായി വരും.


തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) -  ഈ വര്‍ഷാരംഭത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. ജോലിയില്‍ ഉയര്‍ച്ചയും പുരോഗതിയും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. പുതിയ ബിസിനസ്സ് ആരംഭിക്കും. വിദേശത്ത് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ ലഭിക്കും. വീടുപണി പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. അന്യദേശത്തു കഴിയുന്നവര്‍ക്ക് കൂടുതല്‍ വിസ്തൃതിയും സൗകര്യങ്ങളും ഉള്ള പുതിയ ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ കഴിയും. നൂതന ഗൃഹോപകരണങ്ങള്‍ ലഭിക്കും. പ്രണയബന്ധങ്ങള്‍ പുരോഗമിക്കും. മനസ്സിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും. കലാരംഗത്തുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. 

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട) - പൊതുവെ അനുകൂലമായ വ്യതിയാനങ്ങള്‍ വരുന്നതാണ്. തൊഴില്‍ പരമായി ഗുണകരമായ പല മാറ്റങ്ങളും വന്നുചേരും. പുതിയ മേഖലയില്‍ പ്രവര്‍ ത്തിക്കും. വിദേശത്ത് നല്ല ജോലി കിട്ടുന്നതാണ്. ആഗ്രഹമനുസരിച്ച് പുതിയ വീടിന്റെ പണി ആരംഭിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമുണ്ടാകും. വിദ്യാര്‍ത്ഥികളുടെ പഠന കാര്യങ്ങളില്‍ മന്ദത കാണുന്നു. ബിസിനസ്സുകാര്‍ക്ക് കടുത്ത എതിര്‍പ്പുകളെ നേരിടേണ്ടി വരുന്ന ലക്ഷണമുണ്ട്. സൂക്ഷിക്കുക. ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 3/4) -  പൊതുവെ അനുകൂല മാറ്റങ്ങള്‍ പലതുമുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ഏതുവിധത്തിലും ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയിപ്പിക്കും. കുടുംബത്തില്‍ ഉയര്‍ച്ചയും സന്തോഷവും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല രീതിയില്‍ പഠനം തുടരുവാന്‍ കഴിയും. നിങ്ങളുടെ ജീവിതത്തില്‍ വലിയ ഒരു പരിവര്‍ത്തനത്തിന്റെ കാലഘട്ടമാണ് വരുന്നത്. വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന ഒരു കൂടിക്കാഴ്ച ഈ വര്‍ഷം ഉണ്ടാകുന്നതാണ്. ഉദ്യോഗസ്ഥര്‍ വളരെ സൂക്ഷ്മത പാലിക്കേണ്ട സമയമാണിത്. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം പലവിധ ക്ലേശങ്ങള്‍ വരാം.


മകരക്കൂറ് (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2) -  ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തികരിക്കുവാൻ സാധിക്കും തൻമൂലം സ്ഥാനകയറ്റം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. വ്യവസായങ്ങളിലും വ്യാപാരങ്ങളിലും നിലനിന്നിരുന്ന പ്രതിസന്ധികൾ കുറഞ്ഞു വരും. സ്വന്തം കഴിവുകളും പ്രയത്‌നവും മികച്ചരീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരും. കർമരംഗത്ത് വ്യത്യസ്തങ്ങളായ പല അനുഭവങ്ങളും ഉണ്ടാകും. ലക്ഷ്യപ്രാപ്തിക്കുവേണ്ടി നഷ്ടങ്ങളും ക്ലേശങ്ങളും സഹിക്കുവാനുള്ള മനഃശക്തി കൈവരിക്കും. കുടുംബരംഗത്ത് സ്വസ്ഥതയും സമാധാനവും നിറഞ്ഞ അന്തരീക്ഷം ആയിരിക്കും. മാതാപിതാക്കളുടേയും ഗുരുക്കൻമാരുടേയും അഭിപ്രായങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതു മൂലം അഭിമുഖങ്ങളിലും മത്സര പരീക്ഷകളിലും ഉന്നത വിജയം കൈവരിക്കും. 

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 1/4) -  നൻമയും സന്തോഷവും നിറഞ്ഞ വർഷമാണ് ഈ നക്ഷത്രക്കാർക്ക്. ജീവിതവിജയത്തിന് കാരണമാകുന്ന പല തീരുമാനങ്ങളും എടുക്കുവാൻ സാധിക്കും. മത്സര പരീക്ഷകളിൽ വിജയിക്കും. ചെലവുകൾ നിയന്ത്രിച്ച് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുവാൻ കഴിയും. മനോവ്യാകുലതകളും അകൃത്യങ്ങളും ഒഴിവാക്കണം. പുണ്യപ്രവർത്തികളുടേയും സാംസ്കാരിക പ്രവർത്തനങ്ങളുടേയും നേതൃസ്ഥാനം വഹിക്കും. പുതിയ വാഹനം, ഭൂമി, ഗൃഹം തുടങ്ങിയവ വാങ്ങുന്നതിന് അനുകൂല സമയമാണ്. കച്ചവടം, കൃഷി എന്നിവ ലാഭകരമാകും. ദാമ്പത്യസുഖം, കുടുംബാഭിവൃദ്ധി എന്നിവ ഉണ്ടാകും. 


മീനക്കൂറ് (പൂരുരുട്ടാതി 3/4, ഉതൃട്ടാതി, രേവതി) - കർമരംഗത്ത് ശാന്തമായും ബുദ്ധിപൂർവമായും പ്രവർത്തിക്കുവാൻ സാധിക്കും. തൻമൂലം എല്ലാ എതിർപ്പുകളേയും പ്രതിബന്ധങ്ങളേയും നിഷ്പ്രയാസം തരണം ചെയ്യും. തൊഴിലന്വേഷകർക്ക് കർമസിദ്ധിക്കായി കഠിനാധ്വാനം ചെയ്യേണ്ടി വരും. ആരോഗ്യപരമായ വിഷമതകൾ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരിക്കും. കടങ്ങൾ തീർക്കുന്നതിനു വേണ്ടി ഭൂമി വിൽക്കേണ്ടി വരും. ബന്ധുജനങ്ങൾക്കും സുഹൃത്തുകൾക്കും ഉപകാരങ്ങൾ ചെ‌യ്യും. ധനലാഭം, കച്ചവടലാഭം, കാർഷിക പുരോഗതി എന്നിവ ഉണ്ടാകും. കുടുംബരംഗത്ത് നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ച് സന്തോഷപൂർണമായ ജീവിതം നയിക്കുവാൻ സാധിക്കും.

Follow Us:
Download App:
  • android
  • ios