ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കൈയാമം വച്ച് നാടുകടത്തി. വിമാനത്തിൽ കയറേണ്ടിയിരുന്ന വിദ്യാർത്ഥിയെ നിലത്ത് തള്ളിയിട്ട് വിലങ്ങ് വയ്ക്കുന്ന വീഡിയോ വൈറലായി.

ന്യൂജേഴ്‌സി: ന്യൂവാർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ അധികൃതർ കൈയാമം വയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നിലത്ത് തള്ളിയിട്ട് വിലങ്ങ് വയ്ക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് ലോക ശ്രദ്ധ നേടുന്നത്. ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂൺ ഏഴിന് താൻ യാത്ര ചെയ്യുന്ന അതേ വിമാനത്തിൽ കയറേണ്ടിയിരുന്ന വിദ്യാർത്ഥിയെ വിമാനത്തിൽ കയറ്റാതെ പിന്നീട് നാടുകടത്തുകയായിരുന്നുവെന്ന് ജെയിൻ പറയുന്നു.

നടപടിയെ "മനുഷ്യത്വരഹിതം" എന്നും "മനുഷ്യ ദുരന്തം" എന്നുമാണ് ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചുകൊണ്ട് ജെയിൻ വിശേഷിപ്പിച്ചത്. "സ്വപ്നങ്ങളെ പിന്തുടർന്ന് വന്നതായിരുന്നു അവൻ, അവൻ കരയുകയായിരുന്നു, ഒരു കുറ്റവാളിയെപ്പോലെയാണ് അവനോട് പെരുമാറിയത്,സംഭവത്തിൽ തനിക്ക് രോഷവും നിസ്സഹായതയും തോന്നി എന്നും അദ്ദേഹം കുറിച്ചു. വിഷയത്തിൽ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇടപെട്ട് വിദ്യാർത്ഥിക്ക് സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീഡിയോയിലുള്ള വിദ്യാർത്ഥി ഹരിയാനവി സംസാരിക്കുന്നതായി തോന്നിയെന്നും ജെയിൻ കൂട്ടിച്ചേർത്തു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ തങ്ങളുടെ സന്ദർശന ലക്ഷ്യം തെളിയിക്കാൻ കഴിയാത്തതിനാൽ അടുത്തിടെ നിരവധി ഇന്ത്യക്കാരെ നാടുകടത്തിയതായും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് വിസ ലഭിക്കുകയും വിമാനത്തിൽ കയറുകയും ചെയ്യും. എന്നാൽ അതേ ദിവസം തന്നെ തടങ്കലിൽ വെച്ച് നാടുകടത്തുകയും ചിലപ്പോൾ കുറ്റവാളികളെപ്പോലെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതായും ജെയിൻ ചൂണ്ടിക്കാട്ടി.

"ഈ പാവം കുട്ടിയുടെ മാതാപിതാക്കൾക്ക് അവന് എന്ത് സംഭവിക്കുന്നുണ്ടെന്ന് അറിയില്ലായിരിക്കും. കഴിഞ്ഞ രാത്രി എന്നോടൊപ്പമുള്ള അതേ വിമാനത്തിൽ അവനും കയറേണ്ടതായിരുന്നു. പക്ഷേ അവൻ കയറിയില്ല ഇന്ത്യൻ എംബസിയും ജയശങ്കറും ഇടപെട്ട്, ന്യൂജേഴ്‌സി അധികാരികളുമായി ബന്ധപ്പെട്ട് അവന് എന്ത് സംഭവിച്ചുവെന്ന് ആരെങ്കിലും കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വീഡിയോ വിദേശത്ത് ഇന്ത്യക്കാരോട് കാണിക്കുന്ന പെരുമാറ്റത്തിൽ വ്യാപകമായ രോഷവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. പലരും ഇന്ത്യൻ സർക്കാരിൻ്റെ ഔദ്യോഗിക ഇടപെടൽ ആവശ്യപ്പെടുന്നു. എന്നാൽ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൈ വിലങ്ങ് വയ്ക്കുന്ന രീതി തെറ്റാണ്. പക്ഷെ വ്യക്തമായ രേഖകളുമായിട്ടാണോ വിദ്യാര്‍ത്ഥി എത്തിയതെന്ന് പരിശോധിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.