ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രിന്‍സ് ജോര്‍ജ് കൗണ്ടിയിലെ റോഡീലൂടെ ഇന്നലെ രാവിലെ 11.30 ഓടെ യാത്ര ചെയ്തവര്‍ക്ക് ആ നിമിഷം ഒരിക്കലും മറക്കാനാവില്ല. ദേശീയപാതയിലൂടെ വാഹനങ്ങള്‍ പാഞ്ഞുപോകുന്നതിനിടെയാണ് മുകളില്‍ നിന്ന് അതിഭീകരമായതെന്തോ തൊട്ടുമുന്നിലെ കാറില്‍ വന്ന് പതിച്ചത്. ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും പിന്നീടാണ് അതൊരു വിമാനമാണെന്ന് പലരും തിരിച്ചറിഞ്ഞത്. 

ചെറുവിമാനം തകര്‍ന്ന് കാറിനുമുകളില്‍ വീണ് രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കകം വിമാനം നിലംപതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ക്ക് ചെറിയ പരിക്കുകളുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. 

58കാരനായ ജൂലിയസ് ടൊല്‍സന്‍ ആണ് വിമാനം നിയന്ത്രിച്ചിരിന്നത്. 57കാരനായ മൈക്കല്‍ ഗരാഹ് യാത്രക്കാരനായും വിമാനത്തിലുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സഹപ്രവര്‍ത്തകനൊപ്പം ജോലിയുടെ അവശ്യത്തിനായി അന്നപൊലിസിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായതെന്നും വാഹനം പെട്ടന്ന് ഇടിച്ചുനിന്നുവെന്നും കാറിലുണ്ടായിരുന്ന  എറിക് ഡിപ്രോസ്പരോ പറഞ്ഞു. 

''ഞങ്ങള്‍ക്ക് മുന്നിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ഒരുനിമിഷത്തെ സാവകാശം പോലും ലഭിച്ചില്ല. വിമാനം വാഹനത്തില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇത് ശരിക്കും ഒരു അത്ഭുതമല്ലേ, ഞാനിതുവരെ ഒരു വിമാനവും കാറും കൂട്ടിയിടിക്കുന്നതിന് സാക്ഷിയായിട്ടില്ല'' - എറിക് കൂട്ടിച്ചേര്‍ത്തു.