Asianet News MalayalamAsianet News Malayalam

ദുബായ് പൊലീസില്‍ ചേര്‍ന്ന് 100 ഔഡി A6 കാറുകള്‍

ഒന്നുംരണ്ടുമല്ല 100 എ6 പ്രീമിയം സെഡാനുകളാണ് ദുബായ് പൊലീസില്‍ എത്തിയിട്ടുള്ളത്. 

100 Audi A6s added to Dubai Police fleet
Author
Mumbai, First Published Sep 28, 2021, 11:55 PM IST

ലോകമെമ്പാടുമുള്ള വാഹന പ്രേമികളില്‍ കൌതുകം ഉണര്‍ത്തുന്നതാണ് ദുബായ്‌ പൊലീസിന്‍റെ (Dubai Police) വാഹന നിര. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർകാർ നിരയുള്ള പൊലീസ് സേനയാണ് ദുബായി പൊലീസ് (Dubai Police).  ബുഗാട്ടി, ലംബോര്‍ഗിനി, ഫെറാരി, മസേരാറ്റി, ആസ്റ്റൺ മാർട്ടിൻ വൺ-77  തുടങ്ങിയ നിരവധി ആഡംബര വാഹനങ്ങളാണ് ദുബായി പൊലീസിനെ സമ്പന്നമാക്കുന്നത്. 

ഇപ്പോള്‍ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എ6 (Audi A6) ഇനി ദുബായ് പൊലീസിന്റെ വാഹനശ്രേണിയിലേക്ക് എത്തുകയാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നുംരണ്ടുമല്ല 100 എ6 പ്രീമിയം സെഡാനുകളാണ് ദുബായ് പൊലീസില്‍ എത്തിയിട്ടുള്ളത്. പോലീസ് സേനയുടെ പട്രോളിങ്ങ് വിഭാഗത്തിലേക്കാണ്  ഈ ആഡംബരം വാഹനം വരുന്നത്. ഔഡി എ6-ന്റെ ടി.എഫ്.എസ്.ഐ 45 എന്ന മോഡലാണ് പോലീസ് സേനയ്ക്കായി വാങ്ങിയിട്ടുള്ളത്. ആഡംബരത്തിനൊപ്പം പോലീസ് വാഹനത്തിന് ആവശ്യമായ നിരവധി ഫീച്ചറുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

പൊലീസിന്റെ പട്രോളിങ്ങിന് സഹായിക്കുന്നതിനായി പ്രത്യേക ക്യാമറ സംവിധാനങ്ങളും ഈ വാഹനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. എ6 ടി.എഫ്.എസ്.ഐ. മോഡലിന് കരുത്തേകുന്നത് 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. ഇത് 245 ബി.എച്ച്.പി. പവറും 370 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എസ്-ട്രോണിക് ഓട്ടോമാറ്റിക് ഈ വാഹനത്തിന് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

അടുത്തിടെ ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ വാഹനപ്രേമികളുടെ മനസിൽ ഇടം പിടിച്ച ആസ്റ്റൺ മാർട്ടിൻ വാന്റേജും പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറും ദുബായ് പൊലീസിൽ ചേർന്നിരുന്നു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ് ബ്രാൻഡായ ജെനസിസിന്‍റെ GV80 എസ്‍യുവി ദുബായി പൊലീസിന്‍റെ ഭാഗമായതും ഈ വര്‍ഷം തന്നെയാണ്. 

ബുഗാട്ടി വെയ്‌റോണ്‍, ലംബോര്‍ഗിനി അവന്റഡോര്‍, പോര്‍ഷെ 918 സ്‌പൈഡര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, മക്‌ലാരന്‍ MP4-12C, ഫെരാരി FF, ഔഡി ആര്‍8, ഫോര്‍ഡ് മസ്‍താംഗ്, ബിഎംഡബ്ല്യു ഐ8, മെഴ്‌സിഡസ് ബെന്‍സ് SLS AMG തുടങ്ങി അത്യാധുനിക സൂപ്പര്‍ കാറുകളുടെ വന്‍ ശേഖരമാണ് ദുബായ്‌ പോലീസിനുള്ളത്. കൂടാതെ വിലകൂടിയ ബൈക്കുകളും, ഹെലികോപ്റ്ററുകളും, ബോട്ടുകളും ദുബായ് പൊലീസ് ശ്രേണിയിലുണ്ട്.

Follow Us:
Download App:
  • android
  • ios