ചെന്നൈ: തമിഴ്‍നാട്ടില്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ച 102 പൊലീസുകാര്‍ക്കെതിരെ കേസ്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‍നൗവില്‍ ഒറ്റ ദിവസത്തിനുള്ളില്‍ 305 പൊലീസുകാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനു പിടിയിലായതിനു തൊട്ടുപിന്നാലെയാണ് തമിഴ്‍നാട്ടിലെയും സംഭവങ്ങള്‍. 

ഇരുചക്രവാഹനയാത്രയ്ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍  ഹൈക്കോടതി മധുര ബെഞ്ച് ഉറച്ചനിലപാട് എടുത്തതോടെയാണ് തമിഴ്‍നാട് പൊലീസ് പരിശോധന ശക്തമാക്കിയത്. ഹെല്‍മറ്റ് ധരിക്കാതെ പോലീസുകാര്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഹെല്‍മറ്റ് നിര്‍ബന്ധമാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണമായി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് അഭിഭാഷകനായ രാജേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ട്രാഫിക് പോലീസ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ നേരിട്ട് ഹാജരായി ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിന് സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. 

ഹെല്‍മറ്റ് നിയമം ലംഘിക്കുന്ന പൊലീസുകാരെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുമെന്ന്  അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു.  തുടര്‍ന്ന് കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് പരിശോധന ഊര്‍ജിതമാക്കിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ചെന്നൈ നഗരത്തില്‍മാത്രം ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്‍ത 102 പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസം തമിഴ്‍നാട്ടിലെ ചെന്നൈ കാമരാജ് ശാലൈയില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചു വന്ന എസ് ഐയെ കമ്മീഷണര്‍ പരസ്യമായി ശാസിക്കുന്ന വീഡിയോ വൈറലായിരുന്നു.