വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍  കത്തിനശിച്ചത് 11 ആഡംബര കാറുകള്‍. കോഴിക്കോടാണ് ഞെട്ടിക്കുന്ന സംഭവം. കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് മുറിയനാലില്‍ ബെൻസ്​ വർക്ക്​ഷോപ്പിലാണ് തീപിടുത്തം. ഇന്ന് രാവിലെ 6.15 ഓടെയാണ് സംഭവം. 

വെള്ളിമാടുകുന്ന് സ്വദേശി ജോഫിയുടെ  ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് മോട്ടോഴ്‌സ് എന്ന വര്‍ക്ക് ഷോപ്പിനാണ് തീപിടിച്ചത്. എട്ട്​ ബെൻസ്​ കാറുകൾ പൂർണമായും നാല്​ കാറുകൾ ഭാഗികമായും കത്തി നശിച്ചു. ഷോപ്പിനകത്തെ യന്ത്രങ്ങളും മറ്റു സാധന സാമ​ഗ്രികളും കത്തി നശിച്ചിട്ടുണ്ട്​.

വര്‍ക്ക്‌ഷോപ്പില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികള്‍ കുന്നമംഗലം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സമീപത്ത് തന്നെ താമസിക്കുകയായിരുന്ന വര്‍ക്ക് ഷോപ്പ്  ഉടമ ജോഫിയും സംഭവസ്ഥലത്തെത്തി.

പൊലീസിന്റെ സഹായത്തോടെ  ഷോറൂം തുറന്ന് രണ്ട് കാറുകള്‍ സുരക്ഷിതമായി പുറത്ത് എത്തിച്ചു. അപ്പോഴേക്കും  ബാക്കി കാറുകള്‍ അതിനോടകം പൂര്‍ണമായും കത്തി നശിച്ചിരുന്നു. വീണ്ടും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധമാണ് കാറുകള്‍ കത്തിയത്. വര്‍ക്ക് ഷോപ്പിലെ ഉപകരണങ്ങളും അലമാരയും പൂര്‍ണമായി കത്തിനശിച്ചു. 

വെള്ളിമാടുകുന്ന് അഗ്നി രക്ഷാസേനയിൽ നിന്ന്​ മൂന്ന്​ യൂനിറ്റും നരിക്കുനിയിൽ നിന്ന്​ രണ്ട്​ യൂനിറ്റും എത്തിയാണ്​ തീ അണച്ചത്.  വര്‍ക്ക് ഷോപ്പിലുണ്ടായിരുന്ന കാറില്‍ നിന്ന് ഷോട്ട്‌സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ്  കേസെടുത്തിട്ടുണ്ട്‌.