ഹെക്ടറിന്‍റെ പെട്രോൾ വേരിയൻറുകളിലാണ്​ പ്രശ്​നം കണ്ടെത്തിയിരിക്കുന്നത്​.  ഹരിയാനയിലെ മനേസർ ആസ്ഥാനമായുള്ള ഇൻറർനാഷണൽ സെൻറർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി (iCAT)യിൽ നടത്തിയ പരിശോധനയിലാണ്​ എമിഷൻ തകരാർ കണ്ടെത്തിയത്​. 

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിപണിയില്‍ നിന്ന് 14,000 ഹെക്​ടറുകൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ച്​ എം ജി മോ​ട്ടോഴ്​സ്​. എമിഷൻ തകരാർ കണ്ടെത്തിയതിനെതുടർന്നാണ് നടപടി എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡലിന്‍റെ ബി എസ്​ 6 ഡി സി ടി പെട്രോൾ വേരിയൻറുകളിലാണ്​ പ്രശ്​നം കണ്ടെത്തിയിരിക്കുന്നത്​. ഇത്തരം വാഹനങ്ങളിൽ ഹൈഡ്രോകാർബൻ, നൈട്രജൻ ഓക്​സൈഡ്​ എന്നിവയുടെ പുറന്തള്ളലിൽ​ വ്യതിയാനമുണ്ടെന്നാണ്​ എം.ജിയുടെ നിഗമനം. ഡിസംബറോടെ എല്ലാ വാഹനങ്ങളുടേയും തകരാർ പരിഹരിച്ച്​ നൽകുമെന്നും കമ്പനി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഹരിയാനയിലെ മനേസർ ആസ്ഥാനമായുള്ള ഇൻറർനാഷണൽ സെൻറർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി (iCAT)യിൽ നടത്തിയ പരിശോധനയിലാണ്​ എമിഷൻ തകരാർ കണ്ടെത്തിയത്​. ഹാർഡ്‌വെയർ മാറ്റങ്ങളൊന്നും വരുത്താതെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി പ്രശ്​നം പരിഹരിക്കാനാകുമെന്നാണ്​ എം.ജി എഞ്ചിനീയർമാർ പറയുന്നത്​. തകരാറുള്ള വാഹന ഉടമകളെ എം.ജി ഡീലർഷിപ്പുകളിൽ നിന്ന്​ നേരിട്ട്​ വിളിക്കും.

ചൈനീസ് വാഹന ഭീമനായ SAICന്‍റെ കീഴിലുള്ള ബ്രിട്ടീഷ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യയുടെ ജനപ്രീയ മോഡലാണ് ഹെക്ടര്‍. പെട്രോൾ, ഡീസൽ ഓപ്ഷനും ഹെക്​ടറിൽ ലഭ്യമാണ്. 170 എച്ച്പി, 2.0 ലിറ്റർ യൂനിറ്റാണ് ഡീസലിലുള്ളത്​. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ഡീസലിൽ ലഭിക്കു. 143 എച്ച്പി, 1.5 ലിറ്റർ ടർബോചാർജ്​ഡ്​ യൂനിറ്റാണ് പെട്രോളിൽ. 6 സ്പീഡ് മാനുവൽ, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് (ഡിസിടി) അല്ലെങ്കിൽ സിവിടി ഗിയർബോക്​സ്​ എന്നിവ ഇൗ വിഭാഗത്തിലുണ്ട്​. സ്റ്റാർട്ടർ ജനറേറ്ററിനൊപ്പം 48V ഹൈബ്രിഡ് സിസ്റ്റത്തോടുകൂടിയ പെട്രോൾ-ഹൈബ്രിഡ് പതിപ്പും ഹെക്​ടറിനുണ്ട്​.

2019 ജൂണ്‍ 27നാണ് ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവിയുമായി കമ്പനിയുടെ വരവ്. പിന്നാലെ മൂന്നു മോഡലുകള്‍ കൂടി അവതരിപ്പിച്ചാണ് കമ്പനി വാഹനലോകത്തെ അമ്പരപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. നാല് വാഹനങ്ങളാണ് നിലവില്‍ എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS എന്നിവയാണ് എം.ജിയുടെ വാഹനനിര.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona