കൊവിഡ് 19 പ്രതിരോധത്തിനായി സര്‍ക്കാരിന് ശക്തമായ പിന്തുണയാണ് രാജ്യത്തെ ഓരോ വാഹന നിര്‍മ്മാതാക്കളും നല്‍കുന്നത്. വാഹന നിര്‍മ്മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് വെന്‍റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് രാജ്യത്തെ പല വണ്ടിക്കമ്പനികളും. 

രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മാതാക്കളില്‍ ഒന്നാം സ്ഥാനക്കാരായ മാരുതി സുസുക്കി 20 ദിവസത്തിനുള്ളില്‍ 1500 വെന്റിലേറ്ററുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി എന്നാണ് റിപ്പോര്‍ട്ട്.  1500 വെന്റിലേറ്ററുകള്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇത് ആശുപത്രികള്‍ക്കോ മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കോ കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടില്ല. വെന്റിലേറ്റര്‍ ക്ഷമമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണം തുടങ്ങിയതെന്നും എന്നാല്‍, ഇതുവരെ ഇത് കൈമാറിയിട്ടില്ലെന്നും മാരുതി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ ഒരു അഭിമുഖത്തില്‍  പറഞ്ഞു.

രാപ്പകലില്ലാതെ മാരുതി ജീവനക്കാര്‍ വെന്റിലേറ്റര്‍ നിര്‍മാണത്തിനും മറ്റ് ആരോഗ്യ സംരക്ഷണ കിറ്റുകള്‍ ഒരുക്കാനുമായി നീക്കിവെച്ചിരിക്കുകയാണെന്നും രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സഹായിക്കുകയെന്നത് ഉത്തരവാദിത്വമായാണ് കമ്പനി കാണുന്നതെന്നും ആര്‍ സി ഭാര്‍ഗവ വ്യക്തമാക്കി. വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ വാഹനനിര്‍മാതാക്കളോട് വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് മാരുതി നിര്‍മാണം തുടങ്ങിയത്. മഹീന്ദ്രയാണ് വെന്‍റിലേറ്റര്‍ നിര്‍മ്മാണത്തിന് ആദ്യം മുന്നോട്ടു വന്ന വണ്ടിക്കമ്പനി. 

വെന്റിലേറ്റര്‍ നിര്‍മാണത്തിന് പുറമെ, കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി നടപടികളാണ് മാരുതി സ്വീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി റേഷന്‍ വിതരണവും ഭക്ഷണപൊതി വിതരണവും മാരുതിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്. ഹരിയാനയിലെ നിർമാണശാലകളുടെ പരിസരത്തു താമസിക്കുന്നവർക്കാണ് പ്രധാനമായും   ഈ ലോക്ക്ഡൗൺ കാലത്തു മാരുതി സുസുക്കിയുടെ സഹായം ലഭിക്കുന്നത്. 

കഴിഞ്ഞ ആഴ്ചകളായി 1.20 ലക്ഷത്തിലേറെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തെന്നാണു കമ്പനിയുടെ കണക്ക്. സമീപവാസികൾക്ക് പതിനായിരത്തോളം ഭക്ഷ്യോപകരണ കിറ്റുകളും ലഭ്യമാക്കി.  ശുദ്ധജല ലഭ്യത ഉറപ്പാക്കാനായി ഹരിയാനയിലെ 16 ഗ്രാമങ്ങളിലായി 17 ജല എ ടി എമ്മുകളും മാരുതി സുസുക്കി സ്ഥാപിച്ചിട്ടുണ്ട്. അലിയാർ ഗ്രാമത്തിൽ പ്രതിദിനം 4,500 ലീറ്റർ ജലവും മനേസാറിനടുത്തുള്ള ധന ഗ്രാമത്തിൽ ദിവസവും 3,800 ലീറ്ററോളം ശുദ്ധജലവും വിതരണം ചെയ്യുന്നുണ്ടെന്നാണു മാരുതി സുസുക്കിയുടെ കണക്ക്. ഇതിനു പുറമെ ഗുരുഗ്രാം പ്രാദേശിക ഭരണകൂടത്തിനായി മുഖാവരണങ്ങളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. പ്രാദേശിക ഭരണകൂടവുമായും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായും സഹകരിച്ചാണു മാരുതി സുസുക്കിയുടെ സഹായ വിതരണം.