യൂട്യൂബില്‍ ഇടാന്‍ വീഡിയോയ്ക്കായി അഭ്യാസം നടത്തുന്നതിനിടെ 17കാരന്‍ തകര്‍ത്തത്  പിതാവിന്‍റെ 25 കോടി രൂപ വിലയുള്ള സ്‌പോര്‍ട്‌സ് കാര്‍. പഗാനി ഹുവെയ്‌റ റോഡ്‌സ്റ്ററാണ് യൂടൂബറുടെയും സുഹൃത്തിന്റേയും അഭ്യാസത്തിനിടെ തവിടുപൊടിയായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. യൂട്യൂബര്‍ ഗോജ് ഗില്ലിയന്‍ എന്ന 17കാരനാണ് അപകടത്തില്‍പ്പെട്ടത്. വാഹനം റോഡിലേക്കിറങ്ങിയ ഉടനെയായിരുന്നു അപകടം. യൂട്യൂബറുടെ സുഹൃത്താണ് ഈ സമയം കാര്‍ ഓടിച്ചിരുന്നത്. ആക്‌സിലേറ്ററില്‍ ചവിട്ടിയ ഉടന്‍ തന്നെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്‍ടമായി. റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയരിയ കോടികള്‍ വിലയുള്ള ആഡംബര കാര്‍ തവിടുപൊടിയായി. അപകടത്തില്‍ ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല. 

കാറിന്റെ മുന്‍ഭാഗം തകര്‍ന്ന് ചക്രങ്ങള്‍ കാറില്‍ നിന്നും വേറിട്ട നിലയിലായിരുന്നു. ഡ്രൈവറുടെ ഭാഗത്തെ ഡോര്‍ കാറില്‍ നിന്നും തെറിച്ചുപോയി. എല്ലാ എയര്‍ ബാഗുകളും പുറത്തുവന്നു. എന്നാല്‍ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുണ്ടാക്കിയതിനാലാണ് കാര്‍ പെട്ടെന്ന് തകര്‍ന്നതെന്നാണ് യൂട്യൂബറുടെ വിശദീകരണം.

അപകടത്തിനു ശേഷം പലരും തനിക്കെന്തെങ്കിലും പറ്റിയോ എന്നല്ല ഇത്രയും വിലയേറിയ കാര്‍ തകര്‍ത്തതിലാണ് ആശങ്കപ്പെട്ടതെന്നും യൂട്യൂബര്‍ പരാതി പറയുന്നു. കാര്‍ ഇനിയും പഴയ പോലെ ആക്കാമെന്നും എന്നാല്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അങ്ങനെ സാധ്യമാകണമെന്നില്ലെന്നും ഗില്ലിയന്‍ പറയുന്നുമുണ്ട്.