Asianet News MalayalamAsianet News Malayalam

ട്രാക്ടര്‍ ഓടിച്ച് സെല്‍ഫി, വീണത് കിണറില്‍, യുവാവിന് ദാരുണാന്ത്യം!

വാട്‍സാപ്പില്‍ സ്റ്റാറ്റസ് ഇടാനുള്ള സെൽഫി ട്രാക്ടറിൽ ഇരുന്ന് എടുക്കുന്നതിനിടെ 20കാരൻ വാഹനത്തോടൊപ്പം കിണറ്റിൽ വീണു മരിച്ചു

20 year old man dies after slipping into well with tractor in Tamil Nadu due to selfie craze
Author
Vaniyambadi, First Published May 16, 2021, 8:54 AM IST

വാട്‍സാപ്പില്‍ സ്റ്റാറ്റസ് ഇടാനുള്ള സെൽഫി ട്രാക്ടറിൽ ഇരുന്ന് എടുക്കുന്നതിനിടെ 20കാരൻ വാഹനത്തോടൊപ്പം കിണറ്റിൽ വീണു മരിച്ചു. തമിഴ്‍നാട് വെല്ലൂർ വാണിയമ്പാടിയിൽ ആണ് ദാരുണ സംഭവം. ചിന്നമേട്ടൂർ സ്വദേശി കൃഷ്‍ണന്‍റെ മകൻ സഞ്ജീവ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വാണിയമ്പാടിയിലെ ചിന്നമോട്ടൂർ ഗ്രാമത്തിലായിരുന്നു അപകടം എന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചെന്നൈയിൽ കാറ്ററിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന സഞ്ജീവ് നിലമുഴുന്നത് കാണാൻ ബന്ധുവായ ട്രാക്ടർ ഡ്രൈവർക്കൊപ്പം വയലില്‍ എത്തിയതായിരുന്നു. തൊഴിലാളികൾ  ഭക്ഷണം കഴിക്കാൻ പോയ നേരത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ കയറിയ യുവാവ് ആദ്യം ട്രാക്ടറില്‍ ഇരുന്ന് മൊബൈൽ ഫോണിൽ സെൽഫി എടുത്തു. ഇത് വാട്‍സാപ്പില്‍ സ്റ്റാറ്റസായി അപ്പ് ലോഡ് ചെയ്‍ത ശേഷം ട്രാക്ടർ സ്റ്റാർട്ട് ചെയ്‍ത് പിറകിലേക്ക് എടുത്തു. വാഹനം ഓടിക്കുന്നതുപോലെ അഭിനയിച്ച് വീഡിയോ ചിത്രീകരിക്കാനായിരുന്നു ശ്രമം. ഇതിനിടെ പിന്നിലേക്ക് തെന്നിമാറിയ ട്രാക്ടർ, വയലിലെ 120 അടി ആഴമുള്ള വലിയ കിണറിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയം കിണറില്‍ 35 അടിയോളം വെള്ളമുണ്ടായിരുന്നു. 

നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും  ട്രാക്ടറിൽക്കുടുങ്ങിയ യുവാവ് പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. തുടര്‍ന്ന് കർഷകർ പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചു. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷം  ക്രെയിന്‍ ഉപയോഗിച്ചാണ് കിണറിൽ നിന്ന് യുവാവിന്‍റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവ് ട്രാക്ടറില്‍ ഇരുന്ന് അവസാന നിമിഷം എടുത്ത ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios