എംപിവി സെഗ്മെന്‍റിലേക്ക് റെനോ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിന്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 20,000 യൂണിറ്റുകള്‍ ഇതുവരെ വിപണിയില്‍ എത്തിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2019 ഡിസംബര്‍ മാസത്തില്‍ 5,631 യൂണിറ്റുകളുടെ വില്‍പ്പനയാണ് ട്രൈബറിന് ലഭിച്ചത്. പട്ടികയില്‍ 6,650 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ ഒന്നാം സ്ഥാനത്തും 5,661 യൂണിറ്റുകളുടെ വില്‍പ്പനയുമായി മഹീന്ദ്ര ബലേറൊ രണ്ടാം സ്ഥാനത്തുമുണ്ട്. 3,414 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്.

വിപണിയില്‍ എത്തി രണ്ട് മാസം പിന്നിട്ടപ്പോള്‍ 2019 നവംബറില്‍ 10,000 യൂണിറ്റിന്റെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്. ട്രൈബറിന്‍റെ ചിറകിലേറി നവംബര്‍ മാസത്തെ വില്‍പ്പനയില്‍ 77 ശതമാനത്തിന്റെ വളര്‍ച്ചാണ് റെനോ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6134 വാഹനങ്ങളാണ് നിരത്തിലെത്തിച്ചതെങ്കില്‍ 2019 നവംബറില്‍ 10,882 വാഹനങ്ങള്‍ റെനോ നിരത്തിലെത്തിച്ചെന്നാണ് കണക്കുകള്‍. ഇതോടെ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായും റെനോ മാറിയിരുന്നു. 

നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്. എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന പ്രത്യേകത. 4.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

നിലവില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്‌. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്‍മിഷന്‍.  ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്‍റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്‍സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്.

മൂന്നാം നിരയിലെ നീക്കം ചെയ്യാവുന്ന സീറ്റുകൾ, മടക്കാവുന്ന മധ്യനിര സീറ്റുകൾ, മൂന്നാമത്തെ വരികൾക്കുള്ള പ്രത്യേക എസി വെന്റുകൾ, ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേയ്ക്കൊപ്പം ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, GPS നാവിഗേഷൻ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പവർഡ് വിംഗ് മിററുകൾ എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

പുതുവര്‍ഷത്തോടെ ട്രൈബറിന്റെ വില വര്‍ധിക്കുന്നുണ്ട്. 10,000 രൂപ വീതമാണ് ട്രൈബറിന്റെ ഓരോ വകഭേദങ്ങളിലും കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.  പ്രാരംഭ പതിപ്പിന്റെ വിലയില്‍ മാറ്റം ഒന്നും തന്നെ വരുത്തിയിട്ടില്ല. 4.95 ലക്ഷം ആയി തന്നെ തുടരും. എന്നാല്‍ ബാക്കി മൂന്ന് പതിപ്പുകളുടെയും വിലയില്‍ 10,000 രൂപ കൂടും.

പുതിയൊരു എഞ്ചിന്‍ പതിപ്പില്‍ കൂടി വാഹനം എത്തുകയാണ്. 2020 മാര്‍ച്ചില്‍ ട്രൈബറില്‍ പുതിയൊരു എഞ്ചിന്‍ പതിപ്പിനെ കൂടി കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി സിഇഒ വെങ്കട്‌റാം മാമില്ലപള്ളെ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഎംടി പതിപ്പിനെയും ഇതിനൊപ്പം തന്നെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

റെനോ-നിസാന്‍ സഹകരണത്തിലാകും പുതിയ എഞ്ചിന്‍ എത്തുക. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാകും ഈ സഹകരണത്തില്‍ വരുക. 2020 മുതല്‍ ഇന്ത്യയില്‍ റെനോ-നിസാന്‍ ഉല്‍പന്നങ്ങളുടെ ഒരു ശ്രേണി പവര്‍ ചെയ്യാനാണ് ഈ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

ഈ എഞ്ചിന്‍ സൃഷ്‍ടിക്കുന്ന കരുത്തും ടോര്‍ക്കും വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഈ എഞ്ചിന്‍ 95 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാനുവല്‍ ഗിയര്‍ബോക്‌സോടെയാകും വിപണിയില്‍ എത്തുക.

അടുത്തിടെ ഉയര്‍ന്ന പതിപ്പായ RXZ -ല്‍ കമ്പനി ചെറിയ പരിഷ്‌കരണങ്ങള്‍ നടത്തിയിരുന്നു. 14 ഇഞ്ച് വീലുകള്‍ക്ക് പകരം 15 ഇഞ്ച് വീലുകളാണ് ഇനി മുതല്‍ വാഹനത്തിന് നല്‍കുക എന്ന് കമ്പനി അറിയിച്ചിരുന്നു.