Asianet News MalayalamAsianet News Malayalam

ബിഎംഡബ്ല്യു 3 സീരീസ് ഏഴാംതലമുറ ഇന്ത്യയില്‍


ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ ഏഴാംതലമുറ 3 സീരീസ്  ഇന്ത്യന്‍ വിപണിയില്‍

2019 BMW 3 Series launched in India
Author
Mumbai, First Published Aug 25, 2019, 11:30 AM IST

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ ഏഴാംതലമുറ 3 സീരീസ്  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മൂന്നു വേരിയന്‍റുകളിലെത്തുന്ന വാഹനത്തിന് 41.40 മുതല്‍ 47.90 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. 

മുന്‍മോഡലില്‍നിന്ന് നിരവധി മാറ്റങ്ങളോടെയാണ് പുതിയ 3 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന വൃത്താകൃതിയുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് പകരം ഇപ്പോള്‍ ‘യു’ ആകൃതിയുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ്. ഗ്രില്ലിന്‍റെ വലിപ്പം കൂട്ടി. പിറകില്‍ എല്‍ ആകൃതിയുള്ള ടെയ്ല്‍ലാംപുകളുണ്ട്. 

5 സീരീസ്, 7 സീരീസ് മോഡലുകള്‍ നിര്‍മ്മിച്ച അതേ ക്ലസ്റ്റര്‍ ആര്‍ക്കിടെക്ച്ചര്‍ (ക്ലാര്‍) പ്ലാറ്റ്‌ഫോമില്‍ ജി20 എന്ന കോഡ് നാമത്തിലാണ് ഏഴാം തലമുറ ബിഎംഡബ്ല്യു 3 സീരീസ് നിര്‍മ്മിച്ചത്.  എഫ്30 എന്ന ആറാം തലമുറ 3 സീരീസിനേക്കാള്‍ വലുപ്പം കൂടുതലുണ്ട് ഏഴാം തലമുറക്ക്. അതേസമയം ഏകദേശം 55 കിലോയോളം ഭാരം കുറഞ്ഞു.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്‍ഡ് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് പുതിയ ബിഎംഡബ്ല്യു 3 സീരീസിന്റെ ഹൃദയങ്ങള്‍. 330ഐ പെട്രോള്‍ എന്‍ജിന്‍ 258 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം 320ഡി ഡീസല്‍ എന്‍ജിന്‍ 190 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. രണ്ട് എന്‍ജിനുകളിലും 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

8.8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനാണ് 320ഡി സ്‌പോര്‍ട്ട് വേരിയന്റില്‍. 10.25 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ്  320ഡി ലക്ഷ്വറി ലൈന്‍, 330ഐ എം സ്‌പോര്‍ട്ട് വേരിയന്റുകള്‍ക്ക്. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ & ടെയ്ല്‍ലൈറ്റുകള്‍, 3 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സണ്‍റൂഫ്, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, പാര്‍ക്കിംഗ് കാമറ തുടങ്ങിയവ പുതിയ ബിഎംഡബ്ല്യു 3 സീരീസിന്റെ പ്രത്യേകതകളാണ്. റോട്ടറി ഡയല്‍, ടച്ച്പാഡ്, ടച്ച്‌സ്‌ക്രീന്‍, വോയ്‌സ് കമാന്‍ഡുകള്‍, ആംഗ്യങ്ങള്‍ എന്നിവയിലൂടെ ബിഎംഡബ്ല്യു ഐഡ്രൈവ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ നിയന്ത്രിക്കാം. 

മെഴ്‌സിഡസ് ബെന്‍സ് സി-ക്ലാസ്, ഔഡി എ4, ജാഗ്വാര്‍ എക്‌സ്ഇ തുടങ്ങിയവരാണ് വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios