Asianet News MalayalamAsianet News Malayalam

വാങ്ങാനാളില്ല, ഈ കാറിന്‍റെ വില അഞ്ച് ലക്ഷം വെട്ടിക്കുറച്ചു!

വില കുറച്ചതോടൊപ്പം ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് സഹിതം പുതിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ പുതിയ ഫീച്ചറുകളും നല്‍കി. 

2019 Mitsubishi Outlander Gets Massive Price Cut
Author
Mumbai, First Published Dec 20, 2019, 4:17 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മിത്സുബിഷിയുടെ ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവിയുടെ വില കുറച്ചു. അഞ്ച് ലക്ഷത്തിലധികം രൂപയാണ് കുറച്ചതെന്നാണ് റിപ്പോര്‍ട്ട്. 2018 ജൂലായിലാണ് പുതുക്കിയ ഔട്ട്‌ലാന്‍ഡറിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വിപണിയില്‍ അവതരിപ്പിച്ച സമയത്ത് 31.95 ലക്ഷം രൂപയായിരുന്നു വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. എന്നാല്‍ ഇപ്പോള്‍ അത് 26.93 ലക്ഷം രൂപയായി കുറച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ ആറ് വര്‍ഷങ്ങള്‍ക്കിടെ ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ആദ്യ ലോഞ്ചായിരുന്നു ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവി. വില കുറച്ചതോടൊപ്പം ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് സഹിതം പുതിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ പുതിയ ഫീച്ചറുകളും നല്‍കി. ഇന്ത്യയില്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഔട്ട്‌ലാന്‍ഡര്‍ ലഭിക്കുന്നത്.

2008ലാണ് മിത്സുബിഷി രണ്ടാം തലമുറ ഔട്ട് ലാന്‍ഡറിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2010ല്‍ വാഹനത്തിന്‍റെ ഫേസ് ലിഫ്റ്റ് മോഡലും അവതരിപ്പിച്ചിരുന്നു. എന്നാല്‍ വില്‍പ്പനയിലെ ഇടിവുമൂലം 2013 മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും വാഹനം അപ്രത്യക്ഷമായി.  വിദേശ വിപണികളിൽ 2015 മുതൽ ലഭ്യമായ ഔട്ട്ലാൻഡർ ആണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെത്തുന്നത്. മിത്സുബിഷിയുടെ ഡയനാമിക് ഷീല്‍ഡ് ഡിസൈന്‍ ഭാഷയിലുള്ള പുതിയ വാഹനം ആദ്യ വരവില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ലഭ്യമായിരുന്നത്.

2.4 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 169 bhp കരുത്തും 225 എന്‍ എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 6 സ്പീഡ് സിവിടി ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡുകളും വാഹനത്തിനുണ്ടാകും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 11.1 സെക്കന്‍ഡ് സമയം മതി.  ബ്ലാക് പേള്‍, കോസ്മിക് ബ്ലൂ, ഓറിയന്റ് റെഡ്, കൂള്‍ സില്‍വര്‍, വൈറ്റ് സോളിഡ്, വൈറ്റ് പേള്‍, ടൈറ്റാനിയം ഗ്രെയ് എന്നിവയാണ് ലഭ്യമായ നിറങ്ങള്‍.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, 6.1 ഇഞ്ച് ടച്ച്‌സ്‌ക്രീനോട് കൂടിയ റോക്ക്‌ഫോര്‍ഡ് ഫൊസ്‌ഗേറ്റ് ഓഡിയോ സിസ്റ്റം, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി എന്നിവയും പ്രത്യേകതകളാണ്.

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയവ വാഹനത്തിന് സുരക്ഷ ഒരുക്കും. ടൊയോട്ട ഫോര്‍ച്യൂണറിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഔട്ട്‌ലാന്‍ഡറിന് കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.  ഫോര്‍ഡ് എന്‍ഡവര്‍, സ്കോഡ കോഡിയാക്ക്, ഹോണ്ട സി ആർ — വി, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍.

പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ഈ വാഹനം. പെട്രോള്‍ എസ്‌യുവി വാങ്ങുന്നതിന് ആവശ്യക്കാര്‍ കുറഞ്ഞതായിരിക്കാം ഇപ്പോള്‍ വില കുറയ്ക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios