Asianet News MalayalamAsianet News Malayalam

ഇടിപരീക്ഷയില്‍ മിന്നുംപ്രകടനവുമായി ടാറ്റയുടെ ആ കിടിലന്‍ വാഹനം!

ഇടിപരീക്ഷയില്‍ മിന്നുന്ന പ്രകടനവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ രണ്ടാം തലമുറ ഇവോക്ക് എസ്‍യുവി.  

2019 Range Rover Evoque secures 5-star Euro NCAP Crash Test
Author
Mumbai, First Published Apr 12, 2019, 3:31 PM IST

ഇടിപരീക്ഷയില്‍ മിന്നുന്ന പ്രകടനവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ രണ്ടാം തലമുറ ഇവോക്ക് എസ്‍യുവി. യൂറോ എന്‍സിഎപി (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ്ങാണ് പെട്രോള്‍-ഡീസല്‍ എന്‍ജിനൊപ്പം മില്‍ഡ് ഹൈബ്രിഡില്‍ എത്തുന്ന പുതിയ റേഞ്ച് റോവര്‍ ഇവോക്ക് സ്വന്തമാക്കിയത്. 

മുതിര്‍ന്നവര്‍ക്ക് 94 ശതമാനം സുരക്ഷാ റേറ്റിങ്ങും കുട്ടികള്‍ക്ക് 87 ശതമാനം റേറ്റിങ്ങും നേടിയ ഇവോക്ക് യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയ റേഞ്ച് റോവര്‍ മോഡലെന്ന പേരും സ്വന്തമാക്കി. എന്‍സിഎപിയുടെ ഫ്രണ്ട് ഓഫ്‌സെറ്റ് ഇംപാക്ട്, ഫുള്‍ ഫ്രണ്ടല്‍ ഇംപാക്ട്, റിയര്‍ വൈപ്പ്‌ലാഷ് ഇംപാക്ട്, ലാക്ടറല്‍ ഇംപാക്ട് എന്നീ കാറ്റഗറിയിലായുള്ള ടെസ്റ്റുകളിലെല്ലാം ഇവോക്ക് മികച്ച സ്‌കോര്‍ നേടി.  കാല്‍നടയാത്രക്കാരുടെ സുരക്ഷയില്‍ 72 ശതമാനം റേറ്റിങ്ങും സേഫ്റ്റി അസിസ്റ്റ് ടെക്‌നോളജിക്ക് 73 ശതമാനം റേറ്റിങ്ങും ഇവോക്കിന് ലഭിച്ചു. 

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, സൈഡ്-കര്‍ട്ടണ്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷണര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗഡ്‌സ് എന്നിവയ്‌ക്കൊപ്പം കാല്‍നടയാത്രക്കാരും മറ്റും വാഹനത്തിന്റെ മുന്നിലേക്കെത്തിയാല്‍ ഓട്ടോമാറ്റിക്കായി അതിവേഗത്തില്‍ ബ്രേക്ക് ചെയ്യാനുള്ള ഓട്ടോ എമര്‍ജിന്‍സി ബ്രേക്കിങ്, ആക്ടീവ് ബോണറ്റ് ഫങ്ഷന്‍, സ്പീഡ് അസിസ്റ്റന്‍സ്, ലൈന്‍ അസിസ്റ്റ് എന്നീ സുരക്ഷാസംവിധാനങ്ങളും ഇവോക്കിലുണ്ട്.

2018 അവസാനമാണ് രണ്ടാം തലമുറ ഇവോക്കിനെ കമ്പനി അവതരിപ്പിക്കുന്നത്. പഴയ ഇവോക്കിനെക്കാള്‍ കൂടുതല്‍ സ്ഥലസൗകര്യം പുതിയ ഇവോക്കിലുണ്ട്.  4371 എംഎം നീളവും 2100 എംഎം വീതിയും 1649 എംഎം ഉയരവും 2681 എംഎം വീല്‍ബേസുമുണ്ട്. 610 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി. ഇത് മുന്‍മോഡലിനെക്കാള്‍ 10 ശതമാനം കൂടുതലാണ്. പിന്‍സീറ്റ് മടക്കിയാല്‍ 1430 എംഎം ബൂട്ട് സ്‌പേസും ലഭിക്കും.

പുതിയ മിക്‌സഡ് മെറ്റല്‍ പ്രീമിയം ട്രാന്‍സ് വേഴ്‌സ് ആര്‍ക്കിടെക്ച്ചറിന്റെ അടിസ്ഥാനത്തിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. അള്‍ട്രാ സ്ലിം മെട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പ്, 21 ഇഞ്ച് വീല്‍, വ്യത്യസ്തമായ ഡോര്‍ ഹാന്‍ഡില്‍, വീല്‍ ആര്‍ച്ച് എന്നിവയുമുണ്ട്. കൂടുതല്‍ പ്രീമയമായ ഇന്റീരിയറിലെ ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡില്‍ രണ്ട് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റവും നല്‍കിയിട്ടുണ്ട്.

2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. 148 എച്ച്പി, 178 എച്ച്പി, 237 എച്ച്പി ടര്‍ബോ ഡീസല്‍, 197 എച്ച്പി, 246 എച്ച്പി, 296 എച്ച്പി ടര്‍ബോ പെട്രോള്‍ എന്നീ എന്‍ജിന്‍ ട്യൂണുകള്‍ ഇവോക്കിനുണ്ട്. 9 സ്പീഡ് ZF ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഇവോക്കിന്റെ ഡീസല്‍ ബേസ് വേരിയന്റ് ഒഴികെ മറ്റെല്ലാ മോഡലുകളും ആള്‍വീല്‍ ഡ്രൈവാണ്. ഈ ആള്‍വീല്‍ ഡ്രൈവ് വേരിയന്റില്‍ 48V മില്‍ഡ് ഹൈബ്രിഡ് സംവിധാനവുമുണ്ട്.   2011-ലായിരുന്നു ആദ്യതലമുറ ഇവോക്ക് വിപണിയിലെത്തുന്നത്. 

Follow Us:
Download App:
  • android
  • ios