Asianet News MalayalamAsianet News Malayalam

പെട്രോളോ ഡീസലോ വേണ്ട, ഇലക്ട്രിക്കുമല്ല; കിടിലനൊരു ബൈക്കുമായി ടിവിഎസ്!

രാജ്യത്തെ ഇന്ധനവില കുതിച്ചുയരുമ്പോള്‍ പരമ്പരാഗത ഇന്ധനങ്ങളൊന്നും വേണ്ടാത്തൊരു ബൈക്കുമായി ടിവിഎസ് മോട്ടോഴ്‍സ്

2019 TVS Apache RTR 200 FI E100 Launched In India
Author
Delhi, First Published Jul 13, 2019, 10:39 AM IST

ദില്ലി: രാജ്യത്തെ ഇന്ധനവില കുതിച്ചുയരുമ്പോള്‍ പരമ്പരാഗത ഇന്ധനങ്ങളൊന്നും വേണ്ടാത്തൊരു ബൈക്കുമായി ടിവിഎസ് മോട്ടോഴ്‍സ്. പെട്രോളും ഡീസലും ആവശ്യമില്ലെന്ന് കേള്‍ക്കുമ്പോള്‍ ഒരു ഇലക്ട്രിക്ക് ബൈക്കിന്‍റെ ചിത്രങ്ങളാവും പലരുടെയും മനസില്‍ തെളിയുക. എന്നാല്‍ ടിവിഎസിന്‍റെ ഈ സൂപ്പര്‍താരത്തിനു വേണ്ട ഇന്ധനം ഇതൊന്നുമല്ലെന്നതാണ് രസകരം. 

2019 TVS Apache RTR 200 FI E100 Launched In India

എഥനോള്‍ ഇന്ധനമാക്കി ഓടുന്ന രാജ്യത്തെ ആദ്യ ബൈക്കാണ് ടിവിഎസ് പുറത്തിറക്കിയിരിക്കുന്നത്. അപ്പാഷെ RTR 200 Fi E100 എന്നാണ് ഈ പുതിയ അവതാരത്തിന്റെ പേര്.   2018 ഓട്ടോ എക്സ്പോയില്‍ ടിവിഎസ് അവതരിപ്പിച്ച സ്വപ്‍ന പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. റഗുലര്‍ അപ്പാഷെ ആര്‍ടിആര്‍ 200 4V മോഡലില്‍നിന്ന് രൂപത്തില്‍ സമാനമാണ് പുതിയ എഥനോള്‍ മോഡലും. എഥനോള്‍ ബൈക്കാണെന്ന് തിരിച്ചറിയാനായി നല്‍കിയ ഇന്ധനടാങ്കിലെ  പ്രത്യേക ഗ്രീന്‍ ഡീക്കല്‍സും ലോഗോയും മാത്രമാണ് മാറ്റം.

E100 200 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം.  റഗുലര്‍ മോഡലിന് സമാനമായ പവര്‍ ഇതിലും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.  8500 ആര്‍.പി.എമ്മില്‍ 20.7 ബി.എച്ച്.പി പവറും 7000 ആര്‍.പി.എമ്മില്‍ 18.1 എന്‍ എം ടോര്‍ക്കും സൃഷ്‍ടിക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.  മണിക്കൂറില്‍ 129 കിലോമീറ്ററാണ് പരമാവധി വേഗത.  പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.95 സെക്കന്‍ഡുകള്‍ മ തി. ട്വിന്‍-സപ്രേ-ട്വിന്‍-പോര്‍ട്ട് ഇഎഫ്‌ഐ സംവിധാനവും വാഹനത്തിലുണ്ട്. ഇതുവഴി ഉയര്‍ന്ന ത്രോട്ടില്‍ റെസ്‌പോണ്‍സും മികച്ച ഇന്ധനക്ഷമതയും ബൈക്കിന് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മെച്ചപ്പെട്ട പവര്‍ നല്‍കുന്നതിനൊപ്പം വളരെക്കുറച്ച് പുക മാത്രം പുറത്തുവിടാനും ട്വിന്‍-സ്‌പ്രേ-ട്വിന്‍-പോര്‍ട്ട് സിസ്റ്റത്തിനൊപ്പമുള്ള ഈ ഇലക്ട്രേണിക് ഫ്യുവല്‍ ഇഞ്ചക്ഷന്‍ വഴി സാധിക്കും. 

2019 TVS Apache RTR 200 FI E100 Launched In India

അപ്പാഷെ ആര്‍ടിആര്‍ 200 പെട്രോള്‍ മോഡലിന്റെ അതേ റണ്ണിങ് കോസ്റ്റ് മാത്രമേ എഥനോള്‍ മോഡലിനും വരുന്നുള്ളുവെന്ന് കമ്പനി പറയുന്നു. എഥനോളിന് പെട്രോളിനെക്കാള്‍ വിലയും കുറയും. ഷുഗര്‍ ഫ്രാഗ്‌മെന്റേഷന്‍ പ്രോസസിലൂടെയാണ് പരിസ്ഥിതി സൗഹൃദ ബയോ ഫ്യുവലായ എഥനോള്‍ ലഭിക്കുന്നത്. ഇന്ത്യയില്‍ ധാരാളമായി ലഭിക്കുന്ന ഗോതമ്പ്, ചോളം, മറ്റു ധാന്യവിളകളെല്ലാം ഷുഗര്‍ സ്രോതസ്സുകളാണ്. എഥനോള്‍ ഇന്ധനമാകുമ്പോള്‍ 35 ശതമാനത്തിലേറെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കഴിയുമെന്നും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന സള്‍ഫര്‍ ഡൈഓക്‌സൈഡിന്റെ അളവും ഇതുവഴി കുറയ്ക്കാമെന്നും  ടി.വി.എസ് പറയുന്നു. 

വെള്ളയിലും കറുപ്പിലും ചേര്‍ന്ന് പെട്രോള്‍ ടാങ്കില്‍ പച്ച നിറത്തില്‍ ഗ്രാഫിക്സുമൊക്കെയായാണ് അപ്പാഷെ RTR 200 Fi E100 എത്തിയിരിക്കുന്നത്. ഒപ്പം എഥനോളിന്റെ ചിഹ്നവും ടാങ്കില്‍ പതിച്ചിട്ടുണ്ട്. 1.2 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. റഗുലര്‍ പെട്രോളിനെക്കാള്‍ 9000 രൂപയോളം കൂടുതലാണിത്. ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് എഥനോള്‍ അപ്പാഷെകളെ ലഭ്യമാവുക. 

2019 TVS Apache RTR 200 FI E100 Launched In India

എഥനോള്‍ മാത്രം ഇന്ധനമാക്കി ഓടിക്കാന്‍ രൂപകല്‍പ്പന ചെയ്‍ത ബൈക്കാണിതെങ്കിലും സാധാരണ പെട്രോള്‍ ഇതില്‍ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ അതിനും സാധിക്കുമെന്നും കമ്പനി പറയുന്നു. 

ദില്ലിയില്‍ നടന്ന ചടങ്ങില്‍  ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരിയാണ് അപ്പാഷെ RTR 200 Fi E100നെ അവതരിപ്പിച്ചത്. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, ടി.വി.എസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

2019 TVS Apache RTR 200 FI E100 Launched In India

Follow Us:
Download App:
  • android
  • ios