ഏറ്റവും താങ്ങാനാവുന്ന കാര്‍ ഫോര്‍ഡ് ഫിഗോ. വില്‍പ്പനയില്‍ ഒന്നാമതുള്ള എതിരാളിയെക്കാള്‍ പരിപാലനച്ചെലവില്‍ വന്‍ കുറവ്

മുംബൈ: ഉപഭോക്താക്കളുടെ പണത്തിന് അധിക മൂല്യമെന്ന വാഗ്‍ദാനം വീണ്ടും നിറവേറ്റി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. ഓട്ടോകാര്‍ നടത്തിയ വെഹിക്കിള്‍ മെയിന്റനന്‍സ് സ്റ്റഡി റേറ്റിംഗില്‍ ഫോര്‍ഡ് കാറുകള്‍ക്കും എസ്‌യുവികള്‍ക്കും മോസ്റ്റ് അഫോര്‍ഡബിള്‍ ടു മെയിന്‍റെയിന്‍ എന്ന റേറ്റിംഗ് ലഭിച്ചതായി എപിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഓട്ടോ കാര്‍ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

രാജ്യത്തെ എല്ലാ വാഹനങ്ങളെയും വാഹന നിര്‍മാതാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഓട്ടോകാര്‍ പഠനം. ഈ റിപ്പോര്‍ട്ടിലാണ് ഫോര്‍ഡ് ഉല്‍പ്പന്നങ്ങളാണ് ഏറ്റവും ഇക്കണോമിക്കല്‍ എന്ന കണ്ടെത്തലുള്ളത്. ചെലവില്‍ ഏറ്റവും താങ്ങാനാവുന്ന മിഡ് റേഞ്ച് ഹാച്ച് ബാക്കുകളില്‍ ഒന്നാം സ്ഥാനത്ത് ഫോര്‍ഡിന്‍റെ ഫിഗോ പെട്രോള്‍ മോഡല്‍ ആണെന്നാണ് പഠനം പറയുന്നത്. ഫോര്‍ഡ് ഫിഗോയ്ക്ക് 20,682 രൂപ, അതായത് കിലോമീറ്ററിന് വെറും 34 പൈസയാണ് പരിപാലന ചെലവ്. അതായത് സെഗ്മെന്‍റില്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ള എതിരാളിയുടെ മോഡലിനെക്കാള്‍ 28 ശതമാനം കുറവാണ് ഇതെന്നാണ് കണക്കുകള്‍. 

ഫോര്‍ഡ് എന്‍ഡവറിന് 42,548 രൂപയാണ് ചെലവ്. അതായത് കിലോമീറ്ററിന് വെറും 71 പൈസ മാത്രം. 60,000 കിലോമീറ്റര്‍ അല്ലെങ്കില്‍ അഞ്ച് വര്‍ഷ ഓണര്‍ഷിപ്പ് സൈക്കിളാണ് റാങ്കിംഗ് നിശ്ചയിക്കാന്‍ മാനദണ്ഡമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം മുന്‍കാലങ്ങളെ അപേക്ഷിച്ച് മികച്ച വില്‍പ്പനയും ഫോര്‍ഡ് സ്വന്തമാക്കുന്നുണ്ട്. 2021 മാർച്ചിൽ 7,746 യൂണിറ്റ് വാഹനങ്ങൾ നിരത്തിലെത്തിച്ച ഫോർഡ് ഇന്ത്യ 2020നെ അപേക്ഷിച്ച് 120 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപ്പന 3,519 യൂണിറ്റായിരുന്നു. അതായത് വാർഷികാടിസ്ഥാനത്തിൽ 120 ശതമാനത്തിന്റെ വർധനവിനാണ് കമ്പനി ഇപ്പോൾ സാക്ഷ്യംവഹിച്ചിരിക്കുന്നത്. 2021 ഫെബ്രുവരിയിലെ 5,775 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോഴും ഫോർഡിന് പ്രതിമാസ വിൽപ്പനയിൽ 34 ശതമാനം വളർച്ചയുണ്ട് എന്നതും ഏറെ ശ്രദ്ധേയമാകുന്നുണ്ട്. 2.4 ശതമാനമായിരുന്നു കഴിഞ്ഞ മാസം കമ്പനിയുടെ മൊത്തം വിപണി വിഹിതം.