രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജിന്‍റെ ബിഎസ് 6 പാലിക്കുന്ന പള്‍സര്‍ 150 വിപണിയില്‍ അവതരിപ്പിച്ചു. ഇതുവരെ വില്പനയിലുണ്ടായിരുന്ന BS4 പൾസർ 150-നെ ചലിപ്പിച്ചിരുന്ന 149.5 സിസി, സിംഗിൾ സിലിണ്ടർ, രണ്ട്-വാൽവ്, സിംഗിൾ ഓവർഹെഡ് ക്യാം (എസ്‌എ‌എച്ച്‌സി) എഞ്ചിൻ ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് പുത്തൻ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ചിരിക്കുന്നത്. 

മുന്നില്‍ മാത്രം ഡിസ്‌ക് ബ്രേക്ക് നല്‍കിയ വേരിയന്റിന് 94,956 രൂപയും ഇരു ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് ലഭിച്ച വേരിയന്റിന് 98,835 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 8,998 രൂപ കൂടുതല്‍ ആണിത്. അതേസമയം, ബിഎസ് 6 പാലിക്കുന്ന പള്‍സര്‍ 150 നിയോണ്‍ വേരിയന്റിന് വില എത്രയെന്ന് പ്രഖ്യാപിച്ചിട്ടില്ല.

149.5 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, 2 വാല്‍വ്, സിംഗിള്‍ ഓവര്‍ഹെഡ് കാം (എസ്ഒഎച്ച്‌സി) എന്‍ജിനാണ് ബജാജ് പള്‍സര്‍ 150 മോട്ടോര്‍സൈക്കിളിന്‍റെ ഹൃദയം. പുതുതായി ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നല്‍കിയതോടെ ട്യൂണ്‍ മാറി. ബജാജ് ഓട്ടോയുടെ സ്വന്തം റിസർച്ച് ആൻഡ് അനാലിസിസ് വിഭാഗം വികസിപ്പിച്ചെടുത്തതാണ് ഫ്യുവൽ ഇൻജെക്ഷൻ സംവിധാനം. 

ബിഎസ് 6 എന്‍ജിന്‍ നിലവിലെ അതേ 13.8 ബിഎച്ച്പി പരമാവധി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ മുമ്പ് 8,000 ആര്‍പിഎമ്മില്‍ പരമാവധി കരുത്ത് ലഭിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 8,500 ആര്‍പിഎമ്മിലാണ് ലഭിക്കുന്നത്.

പരമാവധി ടോര്‍ക്ക് 13.40 ന്യൂട്ടണ്‍ മീറ്ററില്‍നിന്ന് 13.25 എന്‍എം ആയി കുറഞ്ഞു. 6,500 ആര്‍പിഎമ്മിലാണ് പരമാവധി ടോര്‍ക്ക് ലഭിക്കുന്നത്. മുമ്പ് 6,000 ആര്‍പിഎമ്മില്‍ ലഭിച്ചിരുന്നു. മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ് 5 കിലോഗ്രാം വര്‍ധിച്ചു. ഇപ്പോള്‍ 148 കിലോഗ്രാം.

ബ്ലാക്ക് ക്രോം, ബ്ലാക്ക് റെഡ് എന്നീ രണ്ട് നിറങ്ങളില്‍ ബിഎസ് 6 ബജാജ് പള്‍സര്‍ 150 ലഭിക്കും. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന 150 സിസി മോട്ടോര്‍സൈക്കിളാണ് ബജാജ് പള്‍സര്‍ 150.