അമേരിക്കയിലെ പ്രശസ്‍തമായ വാഹന പ്രദര്‍ശനമായ ഡീട്രോ ഓട്ടോഷോ റദ്ദാക്കുന്നതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം ചെയ്‍തത്. പ്രദര്‍ശന നഗരിയില്‍ താത്കാലികമായി കൊവിഡ് ആശുപത്രി സ്ഥാപിക്കാനാണ് നീക്കം.

ഡീട്രോ ഓട്ടോഷോ നടക്കേണ്ട മിഷിഗണില്‍ മാത്രം 4650 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും 111 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലെ കൊറോണ മരണ സംഖ്യയില്‍ മൂന്നാം സ്ഥാനത്താണ് മിഷിഗണ്‍. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

ഷോ റദ്ദാക്കിയതില്‍ നിരാശരാണെങ്കിലും, ഡെട്രോയിറ്റിലെയും മിഷിഗനിലെയും പൗരന്മാരുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയേക്കാൾ പ്രാധാന്യമർഹിക്കുന്ന ഒന്നും തങ്ങൾക്കില്ലെന്നും കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കാൻ  ഏതറ്റം വരെയും പോകുമെന്നും ഷോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ റോഡ് ആൽബർട്ട്സ് പറഞ്ഞു.

അമേരിക്കയിലെ പ്രധാന വാഹനപ്രദര്‍ശനമായ ഡീട്രോ ഓട്ടോഷോ വ്യവസായത്തിന്റെ പ്രഥമ വാർ‌ഷിക ഇവന്റുകളിലൊന്നാണ്. ഏറ്റവും പുതിയതുമായ വാഹന മോഡലുകള്‍ കാണുന്നതിന് ലക്ഷക്കണക്കിന് ആളുകളാണ് ഈ ഷോയിലേക്ക് എത്തുക. പ്രശസ്‍ത അമേരിക്കന്‍ വാഹന നിർമാതാക്കൾ അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നങ്ങൾ പ്രത്യേകമായി പുറത്തിറക്കുന്നതും ഡെട്രോയിറ്റ്  ഷോയിലാണ്. ഡീട്രോ ഓട്ടോഷോ 2021 ജൂണില്‍ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കേണ്ടിയിരുന്ന ന്യൂയോര്‍ക്ക് ഓട്ടോഷോ ഓഗസ്റ്റിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.