ഇറ്റാലിയന്‍ ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയുടെ സ്ക്രാമ്പ്ളർ മോഡലായ ഐക്കണിന്‍റെ ഡാർക്ക് എഡിഷൻ അവതരിപ്പിച്ചു. ഇറ്റലിയിലെ റിമിനിയിൽ നടന്ന ലോക ഡ്യുക്കാട്ടി പ്രീമിയറിലായിരുന്നു സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്കിന്റെ അവതരണം. 

2019-ൽ വിപണിയിലെത്തിയ സ്ക്രാമ്പ്ളർ ഐക്കണിൽ കോസ്മെറ്റിക് പരിഷ്ക്കാരങ്ങള്‍ മാത്രമാണ് കമ്പനി വരുത്തിയിരിക്കുന്നത്.  സ്‌ക്രാംബ്ലർ ഐക്കൺ ഡാർക്കിന്റെ എല്ലാ ഘടകങ്ങളും കറുത്ത നിറത്തിലാണ്. സ്റ്റാൻഡേർഡ് ഐക്കൺ മോഡലിന്റെ റിയർ വ്യൂ മിററുകളും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും മാറ്റി പരമ്പരാഗത വൃത്താകൃതിയിലുള്ള മിററുകളുമൊക്കെയാണ് ബൈക്കില്‍.

ബ്ലാക്ക്-ഔട്ട് മെക്കാനിക്കലുകൾ, കോൺട്രാസ്റ്റിംഗ് ബ്രഷ് മെറ്റൽ ഫിനിഷ്ഡ് അലുമിനിയം ടാങ്ക് പാനലുകൾ, സ്റ്റബ്ബി എക്‌സ്‌ഹോസ്റ്റ് എന്നിവ സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്കിന്റെ ഓൾ-ബ്ലാക്ക് കളർ തീമിന് പുതിയ രൂപം നൽകുന്നു. സ്‌ക്രാംബ്ലർ ഫുൾ ത്രോട്ടിൽ, കഫെ റേസർ, ഡെസേർട്ട് സ്ലെഡ് എന്നിവയിലും ഐക്കൺ ഡാർക്ക് കളർ പ്രദർശിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. 

വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‍സിൽ മാറ്റങ്ങളൊന്നുമില്ല. അതേ 803 സിസി L-ട്വിൻ, എയർ-കൂൾഡ് എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിന്‍ 73 bhp പവറും 67 Nm torque ഉം ഉത്പാദിപ്പിക്കും. മുന്നിൽ 41 mm കയാബ ഇൻവേർട്ടഡ് ഫോർക്കുകളും പിൻഭാഗത്ത് ക്രമീകരിക്കാവുന്ന സിംഗിൾ മോണോഷോക്കുമാണ് സസ്പെൻഷൻ.  മുൻവശത്ത് നാല് പിസ്റ്റൺ ബ്രേക്ക് കാലിപ്പറുള്ള 330 mm ഡിസ്ക്കും പിൻ ചക്രത്തിൽ 245 mm ഡിസ്‍കള്ള സിംഗിൾ പിസ്റ്റൺ കാലിപ്പറുമാണ് ബ്രേക്കിംഗ്.

സ്റ്റെയിൻ‌ലെസ് സ്റ്റീലിലാണ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ.  2020-ൽ പുതിയ സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്കിനെ ഡ്യുക്കാട്ടി ഇന്ത്യയിലെത്തിച്ചേക്കും. സുസുക്കി GSX-S750,  ഹോണ്ട CBR650R,കെടിഎം ഡ്യൂക്ക് 790, കവസാക്കി Z900 എന്നിവയാണ് ബൈക്കിന്‍റെ ഇന്ത്യയിലെ എതിരാളികള്‍.