Asianet News MalayalamAsianet News Malayalam

"മേം ഭീം സിംഗ് കാ ബേട്ടാ ഹൂം.." ഥാറിനൊട് മുട്ടാന്‍ ഗൂര്‍ഖ!

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പ് ഉടനെത്തിയേക്കും.

2020 Force Gurkha Spied Again
Author
Mumbai, First Published Oct 14, 2020, 3:21 PM IST

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ ഓഫ് റോഡര്‍ എസ്‍യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പ് ഉടനെത്തിയേക്കും. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കാര്‍ ടോര്‍ഖാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. 

ബോഡി കവർ ചെയ്യാതെയുള്ള ഓട്ടത്തില്‍ പുതിയ ഗൂര്‍ഖയുടെ ഡിസൈനില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും മറ്റും വ്യക്തമാക്കുന്നുണ്ട്. പുതിയ നിറങ്ങളിലും ഇത്തവണ ഗുര്‍ഖ പ്രതീക്ഷിക്കാമെന്നാണ് സൂചന. പുതിയ മോഡലിലും ഗുര്‍ഖയുടെ മുഖമുദ്രയായ പരുക്കന്‍ ഭാവം കാണാം. പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംമ്പര്‍, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഹെഡ്ലാമ്പിന് ചുറ്റിലുമുള്ള ഡി.ആര്‍.എല്‍, മെഴ്സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍ എന്നിവയാണ് മുൻവശത്തെ മാറ്റങ്ങൾ.

2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആണ് കമ്പനി ഈ വാഹനത്തെ അവതരിപ്പിച്ചത്. ആദ്യം 2020 ഏപ്രില്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തിക്കാനായിരുന്നു കമ്പനി ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് അത് ജൂണ്‍ മാസത്തിലേക്ക് മാറ്റി. എന്നാല്‍ നിലവിലെ കൊവിഡ് -19 മഹാമാരി കാരണം, അവതരണത്തില്‍ കാലതാമസമുണ്ടായി. എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തുന്നതോടെ പുതിയ ഗൂര്‍ഖ ഉടന്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തും എന്ന സൂചനയാണ് നല്‍കുന്നത്. അടുത്തിടെ അവതരിച്ച പുതുതലമുറ മഹീന്ദ്ര ഥാര്‍ ആയിരിക്കും വാഹനത്തിന്റെ വിപണിയിലെ എതിരാളി.  

അടിമുടി മാറ്റത്തിന് വിധേയമായിട്ടാണ് പുതുതലമുറ ഗൂര്‍ഖ വിപണിയില്‍ എത്തുന്നത്. ബിഎസ് 6 എന്‍ജിനുമായാണ് പുതിയ ഗൂര്‍ഖ വരുന്നത്. തിളങ്ങുന്ന മെറ്റാലിക് ഓറഞ്ച് നിറത്തിലുള്ള വാഹനമാണ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കും. ഇന്ത്യൻ വാഹന നിർമാതാക്കളായ ഫോഴ്സിൽ നിന്നും വിപണിയിൽ എത്തുന്ന ആദ്യ ബിഎസ്6 മോഡൽ കൂടിയാണ് ഗൂർഖ.

നിലവിലെ അതേ 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഓഫ് റോഡറിന്‍റെയും ഹൃദയം. എന്നാല്‍ ഇപ്പോള്‍ ഈ എഞ്ചിന്‍ ബിഎസ് 6 പാലിക്കും. ഈ മോട്ടോര്‍ 90 എച്ച്പി കരുത്തും  200 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതായത് മുന്‍ഗാമിയേക്കാള്‍ 5 എച്ച്പി കൂടുതല്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ലോക്ക് ചെയ്യാവുന്ന ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍ വീല്‍ ഡ്രൈവ് പണ്ടേ വാഹനത്തിന്റെ പ്രത്യേകതയാണ്.

മുന്‍ഗാമിയെപ്പോലെ എക്‌സ്‌പെഡിഷന്‍, എക്‌സ്‌പ്ലോര്‍, എക്‌സ്ട്രീം എന്നീ മൂന്ന് വകഭേദങ്ങളില്‍ തുടര്‍ന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യമായി പരിഷ്‌കരിച്ചതോടെ ഓഫ് റോഡറിന്റെ മൂല്യവും ആകര്‍ഷകത്വവും വര്‍ധിച്ചു. പുതിയ ഗൂര്‍ഖയ്ക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, മുന്നിലും പിന്നിലും പുതിയ ബംപര്‍ എന്നിവ കാണാം.

മോതിരം പോലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പരന്ന ബോണറ്റ് എന്നിവയും ലഭിച്ചു. നിവര്‍ന്ന പില്ലറുകള്‍, വശങ്ങളില്‍നിന്ന് നോക്കുമ്പോള്‍ ചതുരാകൃതി എന്നിവയുടെ കൂടെ കറുത്ത വീല്‍ ആര്‍ച്ചുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ കൂടി നല്‍കി. റൂഫ് റാക്ക്, സ്‌നോര്‍ക്കല്‍ എന്നിവയും നല്‍കിയിരിക്കുന്നു. ടെയ്ല്‍ഗേറ്റില്‍ സ്‌പെയര്‍ വീല്‍ ഉറപ്പിച്ചു. എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളോടെ വൃത്താകൃതിയിലുള്ള ടെയ്ല്‍ ലാംപുകള്‍ നല്‍കി. തൊട്ടുതാഴെയാണ് റിവേഴ്‌സ് ലൈറ്റുകള്‍.

വാഹനത്തിനകത്ത് പൂര്‍ണമായും പുതിയ ഡാഷ്‌ബോര്‍ഡ് നല്‍കി. സെന്റര്‍ കണ്‍സോള്‍ റീസ്‌റ്റൈല്‍ ചെയ്തിരിക്കുന്നു. എസി വെന്റുകള്‍ക്കിടയില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി. മള്‍ട്ടി ഇന്‍ഫൊ ഡിജിറ്റല്‍ ഡിസ്‌പ്ലേയോടുകൂടിയാണ് പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ നല്‍കിയിരിക്കുന്നത്. പവര്‍ വിന്‍ഡോകള്‍ ലഭിച്ചു. രണ്ടാം നിരയിലെ രണ്ട് സ്വതന്ത്ര സീറ്റുകള്‍ ഉള്‍പ്പെടെ മുന്നോട്ട് അഭിമുഖീകരിക്കുന്ന നാല് സീറ്റുകള്‍ വാഹനത്തിനകത്ത് നല്‍കിയിരിക്കുന്നു. പിറകില്‍ രണ്ട് ജമ്പ് സീറ്റുകള്‍ സ്ഥാപിച്ചു.

മുന്നില്‍ സ്വതന്ത്രമായ സസ്‌പെന്‍ഷന്‍, മുന്നിലും പിന്നിലും ലൈവ് ആക്‌സില്‍, മാന്വല്‍ ലോക്കിംഗ് ഡിഫ്രന്‍ഷ്യല്‍, 4 വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവ മെക്കാനിക്കല്‍ ഫീച്ചറുകളാണ്. മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, റിവേഴ്‌സ് സെന്‍സറുകള്‍, അമിത വേഗത്തിന് മുന്നറിയിപ്പ് സംവിധാനം എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.  പുതിയ ഗൂര്‍ഖയുടെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.  
 

Follow Us:
Download App:
  • android
  • ios