നിലവിലെ തലമുറ ട്രാക്‌സ് തൂഫാന്‍ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വരാനിരിക്കുന്ന ഫോഴ്‌സ് ട്രാക്‌സ് തൂഫാന്‍ ബിഎസ്6 മോഡല്‍ തികച്ചും വ്യത്യസ്‍തമായിരിക്കും

ഫോഴ്‌സ് മോട്ടാഴ്‍സിന്‍റെ എംയുവിയായ ട്രാക്സ് തൂഫാന്റെ ബിഎസ്6 മോഡല്‍ വരുന്നു. നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

നിലവിലെ തലമുറ ട്രാക്‌സ് തൂഫാന്‍ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വരാനിരിക്കുന്ന ഫോഴ്‌സ് ട്രാക്‌സ് തൂഫാന്‍ ബിഎസ്6 മോഡല്‍ തികച്ചും വ്യത്യസ്‍തമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ഗ്രില്‍, പുതിയ ഹെഡ്‌ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍ തുടങ്ങിയവ ബിഎസ് 6 പതിപ്പിനെ വേറിട്ടതാക്കും. വാഹനത്തിന്‍റെ പിന്നിലും മാറ്റങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടെയില്‍ ലാമ്പിലും, പിന്നിലെ ബമ്പറിലുമാണ് പ്രധാന മാറ്റങ്ങള്‍.

2.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് നിലവില്‍ വിപണിയിലുള്ള ഫോഴ്സ് ട്രാക്‌സ് തൂഫാന്‍ മോഡലിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 66 bhp കരുത്തും 175 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍.

പുതിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും. 8.06 ലക്ഷം രൂപയാണ് നിലവില്‍ വിപണിയില്‍ ഉള്ള തുഫാന്‍ മോഡലിന്റെ വില. എന്നാല്‍ ബിഎസ്6ലേക്ക് പരീക്ഷകരിക്കുന്നതോടെ വില 12,000 രൂപ വരെയെങ്കിലും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഫോഴ്‌സ് ഗൂര്‍ഖയുടെ ബിഎസ്6 മോഡലും ഈ വര്‍ഷം വിപണിയില്‍ എത്തിയേക്കും. ദില്ലി ഓട്ടോ എക്സ്പോയില്‍ വാഹനത്തെ ഫോഴ്‌സ് പ്രദര്‍ശിപ്പിച്ചേക്കും. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.